ജിയോ പെയ്മെന്റ്സ് ബാങ്കുമായി മുകേഷ് അംബാനി; ഇനി പിടിച്ചടക്കുന്നത് ബാങ്കിങ് മേഖല

രാജ്യത്തെ ടെലികോം മേഖലയിൽ രണ്ടു വർഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന റിലയൻസ് ജിയോ ബാങ്കിങ് മേഖലയിലും പിടിമുറുക്കാൻ പോകുകയാണ്. വരിക്കാർക്ക് കുറഞ്ഞ നിരക്കിൽ വേണ്ടുവോളം കോളുകളും ഡേറ്റയും നൽകിയ ജിയോയുടെ പുതിയ നീക്കവും വൻ വിജയം നേടുമെന്നാണ് കരുതുന്നത്.

നാളത്തെ കച്ചവട സാധ്യത ഡേറ്റയാണെന്ന് മനസ്സിലാക്കിയ മുകേഷ് അംബാനിക്ക് ബാങ്കിങ് വിപണി പിടിക്കാനും നേരത്തെ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പദ്ധതി നീണ്ടുപോയി. റിലയൻസ് ജിയോയുടെ പെയ്മെന്റ് ബാങ്ക് സര്‍വീസ് സംബന്ധിച്ച് ആർബിഐയും പ്രതികരിച്ചിട്ടുണ്ട്.

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി 2016 ഡിസംബറില്‍ തന്നെ ജിയോ പെയ്‌മെന്റ്‌സ് ബാങ്ക് പ്രഖ്യാപിച്ചതാണ്. കറൻസി നിരോധനത്തിന് തൊട്ടുപിന്നാലെയാണ് റിലയൻസ് ഇൻഡസ്ട്രീസും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ SBI യുമായി ചേർന്ന് സംയുക്ത സംരംഭമായ ജിയോ പെയ്മെന്റ്സ് ബാങ്ക് പ്രഖ്യാപിച്ചത്.

പെയ്മെന്റ്സ് ബാങ്ക് സര്‍വീസിൽ ജിയോയ്ക്ക് 70 ശതമാനവും എസ്ബിഐയ്ക്ക് 30 ശതമാനവും പങ്കാളിത്തമുണ്ടാകും. ജിയോ പെയ്മെന്റ് ബാങ്ക് തുടങ്ങാനായി 2015 ൽ ഓഗസ്റ്റിൽ പതിനൊന്ന് അപേക്ഷകളാണ് നൽകിയത്. എന്നാൽ 2017 മാർച്ചിലാണ് പ്രവര്‍ത്തിക്കാനുള്ള ലൈസൻസ് കിട്ടുന്നത്.

ജിയോ പെയ്മെന്റ് ബാങ്ക് പരമ്പരാഗത ബാങ്കിനെ പോലെയാണ്. എന്നാൽ ചെറിയ തോതിൽ പ്രവർത്തിക്കുന്നു എന്നുമാത്രം. മറ്റു ബാങ്കുകളെ പോലെ ക്രെഡിറ്റ് സേവനം പെയ്മെന്റ് ബാങ്കിൽ ഉണ്ടായിരിക്കില്ല. രാജ്യത്ത് ഡിജിറ്റലൈസേഷൻ വന്നതോടെ ബാങ്കിങ് രീതികൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ടെലികോം സംരംഭമായ ഭാരതി എയർടെൽ 2016 നവംബറിൽ തന്നെ ബാങ്കിങ് സേവനങ്ങൾ തുടങ്ങിയിരുന്നു. എയർടെല്ലിന്റെ പെയ്മെന്റ് ബാങ്കിങ് സർവീസ് തുടങ്ങിയത് 2017 മേയിലാണ്.

പലിശ നിരക്ക്

സാധാരണ ബാങ്കുകളിൽ പലിശ നിരക്ക് 3.5 മുതൽ 6 ശതമാനം വരെയാണ്‌. എന്നാൽ എയർടെൽ പെയ്മെന്റ് ബാങ്കിങ് നൽകുന്നത് 7.25 ശതമാനമാണ്. പേടിഎം പെയ്മെന്റ്സ് ബാങ്ക് നൽകുന്നത് സേവിങ്സ് അക്കൗണ്ടിന് നാലു ശതമാനവും ഫിക്സഡ് ഡിപ്പോസിറ്റികളിൽ ഏഴ് ശതമാനം പലിശയുമാണ്. പെയ്മെന്റ് ബാങ്ക് അക്കൗണ്ടുകൾക്ക് ഒരു ലക്ഷം രൂപ വരെ സ്വീകരിക്കാം

സീറോ ബാലൻസ് അക്കൗണ്ട്

ഉപഭോക്താക്കളുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ നിരക്ക് ഈടാക്കുന്ന മിക്ക വാണിജ്യ ബാങ്കുകളിൽ നിന്നും വ്യത്യസ്തമാണ് പെയ്മെന്റ്സ് ബാങ്കുകൾ. മിനിമം ബാലൻസ് വേണ്ട, സീറോ ബാലൻസ് അക്കൗണ്ടുകളും സ്വീകരിക്കും. ഇതിന് അധിക ചാർജ് ഈടാക്കുന്നില്ല. ഇതിലും വലിയ ഓഫറുകളായിരിക്കും ജിയോ പെയ്മെന്റ്സ് വരും ദിവസങ്ങളിൽ അവതരിപ്പിക്കുക.