5 മണിക്കൂറിനുള്ളിൽ സക്കർബർഗ് തിരിച്ചെടുത്തത് 19,618 കോടി, ഫെയ്സ്ബുക്കിന് 4.3 ലക്ഷം കോടിയും

പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു യുഎസ് സെനറ്റ് സമിതിക്കു മുന്നിൽ ഫെയ്സ്ബുക് മേധാവി മാ‍ർക്ക് സക്കർബർഗ് ഇരിക്കുമ്പോൾ വിപണിയിൽ വൻ കുതിപ്പായിരുന്നു. സെനറ്റ് സമിതി ചോദ്യം ചെയ്യുമ്പോൾ തന്നെ പുറത്ത് ഫെയ്സ്ബുക്ക് ഓഹരി വില കുത്തനെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. ദിവസങ്ങൾക്ക് മുൻപ് കോടികൾ നഷ്ടം വന്ന ഫെയ്സ്ബുക്കിന് ഒരു സോറി പറഞ്ഞതിലൂടെ തിരിച്ചെടുക്കാനായത് കോടികളുടെ വരുമാനമാണ്.

ഫെയ്സ്ബുക്കിലൂടെ വ്യക്തിവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ടു സെനറ്റ് സമിതിയുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയ സക്കർബർഗ് എല്ലാം തന്റെ തെറ്റാണെന്ന് ഏറ്റുപറഞ്ഞിരുന്നു. അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ ഏറ്റവും വലിയ നേട്ടമായത് ഫെയ്സ്ബുക്കിന്റെ ഓഹരി ഉടമകള്‍ക്കാണ്. കഴി‍ഞ്ഞ ദിവസം ഫെയ്സ്ബുക്ക് ഓഹരി വില 157 ഡോളറിൽ നിന്ന് 167 ഡോളർ വരെ എത്തി.

ഇതിനിടെ സക്കർബര്‍ഗിന്റെ ആസ്തിയും ഉയർന്നു. അഞ്ചു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം സക്കർബർഗിന്റെ വ്യക്തി മൂല്യ അഞ്ചു ശതമാനം ഉയർന്ന് മൂന്നു ബില്ല്യൻ ഡോളറിലെത്തി ( ഏകദേശം 19,618 കോടി രൂപ). അതേസമയം, ഫെയ്സ്ബുക്കിന്റെ ഓഹരി മൂല്യം 67 ബില്ല്യൺ കടന്നതും കഴിഞ്ഞ ദിവസമാണ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ പ്രചാരണസംഘത്തെ സഹായിക്കാൻ കേംബ്രിജ് അനലിറ്റിക്ക എന്ന ബ്രിട്ടിഷ് കമ്പനി, ഫെയ്സ്ബുക് ഉപയോഗിക്കുന്ന 8.7 കോടി പേരുടെ വ്യക്തിപരമായ വിവരങ്ങൾ അനധികൃതമായി ശേഖരിച്ചെന്ന വിവാദമാണു സക്കർബർഗിനെ സെനറ്റ് കൊമേഴ്സ്, ജുഡിഷ്യറി സംയുക്ത കമ്മിറ്റിക്കു മുന്നിലെത്തിച്ചത്. 44 സെനറ്റർമാരുടെ ചോദ്യങ്ങൾക്കും സക്കർബർഗിന്റെ മറുപടികൾക്കും കൂടി ആകെ അഞ്ചു മണിക്കൂറെടുത്തു. എനർജി ആൻഡ് കൊമേഴ്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരായ അദ്ദേഹം കേംബ്രിജ് അനലിറ്റിക്ക തന്റെയും വ്യക്തിപരമായ വിവരങ്ങൾ ചോർത്തിയെന്ന് വെളിപ്പെടുത്തി. 

∙ ‘വിചാരണ’യിലെ ശ്രദ്ധേയ നിമിഷങ്ങൾ

ഫെയ്സ്ബുക് തലവനെ നിർത്തിപ്പൊരിക്കാൻ കാത്തിരുന്ന സെനറ്റർമാർ ഒടുവിൽ നിഷ്പ്രഭരായിപ്പോയെന്നാണു പൊതുവെയുള്ള വിലയിരുത്തലെങ്കിലും ഇലിനോയ് സെനറ്റർ ഡിക്ക് ഡെർബിന്റെ ചോദ്യങ്ങളിലൊളിച്ചിരുന്ന നർമം ലോകം ആസ്വദിച്ചു.

ഡെർബിൻ: മിസ്റ്റർ സക്കർബർഗ്, ഇന്നലെ രാത്രി താങ്കൾ തങ്ങിയ ഹോട്ടലേതാണെന്നു ഞങ്ങളോടു പറയുന്നതിൽ ബുദ്ധിമുട്ടുണ്ടോ?

സക്കർബർഗ്: അക്കാര്യം ഇവിടെ പരസ്യമായി പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നു തീരുമാനിക്കാൻ ഓരോരുത്തർത്തർക്കും കഴിയണം. 

ഡെർബിൻ: അതുതന്നെയാണ് ഇവിടെ വിഷയം. സ്വകാര്യതയ്ക്കുള്ള ഒരാളുടെ അവകാശം.

തൃപ്തിയാകാതെ കമല ഹാരിസ്

സക്കർബർഗിന്റെ മറുപടികളിൽ തൃപ്തിയില്ലെന്നു ഫെയ്സ്ബുക്കിന്റെ ആസ്ഥാനമായ കലിഫോർണിയയെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യൻ വംശജയായ ഡെമോക്രാറ്റ് സെനറ്റർ കമല ഹാരിസ്. വിവരച്ചോർച്ചയെ കുറിച്ച് ഫെയ്സ്ബുക് ഉപയോക്താക്കളെ അറിയിക്കുമോ എന്നതുൾപ്പടെ ഒട്ടേറെ ചോദ്യങ്ങളാണ് അനുവദിച്ച അഞ്ചു മിനിറ്റിനുള്ളിൽ കമല ചോദിച്ചത്. സുപ്രധാന ചോദ്യങ്ങൾക്കൊന്നും സക്കർബർഗിനു മറുപടി പറയാൻ കഴിഞ്ഞില്ലെന്നും വിശ്വാസ്യതയ്ക്കും സുതാര്യതയ്ക്കും ഫെയ്സ്ബുക് ഒരു വിലയും കൽപിക്കുന്നില്ലെന്നും കമല പിന്നീടു ട്വിറ്ററിൽ വിമർശിച്ചു

സക്കർബർഗ് പറയുന്നു: ‘എല്ലാം നിങ്ങളുടെ കയ്യിൽ’ 

ഫെയ്സ്ബുക്കിൽ നിങ്ങൾ എന്തെങ്കിലുമൊന്നു ഷെയർ ചെയ്യുകയാണെന്നിരിക്കട്ടെ. ഒരു ഫോട്ടോ, അല്ലെങ്കിൽ ഒരു മെസേജ്. ഈ പങ്കിടലിന്റെ നിയന്ത്രണസംവിധാനം സത്യത്തിൽ നിങ്ങളുടെ കയ്യിൽത്തന്നെയാണ്. ആ നിയന്ത്രണസംവിധാനം തന്നെ മാറ്റാനുൾപ്പെടെ നിങ്ങൾക്കു കഴിയും.

സക്കർബർഗ് പറഞ്ഞത്: 

2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ തിരിച്ചറിഞ്ഞതു വൈകി. ഇത് എന്റെ എക്കാലത്തെയും വലിയ ഖേദമായി ശേഷിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ സ്വയം തിരുത്തി. തിരഞ്ഞെടുപ്പുകളിൽ കൈകടത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ‌വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ നിർമിതബുദ്ധി (ഐഐ) ഉപയോഗിച്ചുള്ള മാർഗങ്ങൾ ഫെയ്സ്ബുക് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

കേംബ്രിജ് അനലിറ്റിക്കയെപ്പറ്റി

8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ കേംബ്രിജ് അനലിറ്റിക്കയെ എന്തുകൊണ്ട് അകറ്റിനിർത്തിയില്ല എന്ന് ഒരു സെനറ്ററുടെ ചോദ്യം. പരസ്യദാതാക്കളായിരുന്നില്ലെന്നായിരുന്നു സർക്കർബർഗിന്റെ മറുപടി. പക്ഷേ, പിന്നീട് അദ്ദേഹം തിരുത്തി. പരസ്യദാതാക്കളായിരുന്നെന്ന കാര്യം പിന്നീടു കണ്ടെത്തിയെന്നു സമ്മതിച്ചു. തടയാൻ കഴിഞ്ഞില്ലെന്നും വീഴ്ചപറ്റിയെന്നും കുറ്റം സമ്മതിച്ചു.

സെനറ്റ് ‘സഹായിച്ച്’ ആസ്തി കൂടി 

സെനറ്റ്– സക്കർബർഗ് ചോദ്യോത്തരവേളയുടെ ആദ്യ ഇടവേളയായപ്പോഴേയ്ക്കും ഫെയ്സ്ബുക്കിന്റെ ഓഹരിമൂല്യത്തിൽ അഞ്ചു ശതമാനം വർധന. അതായത് ആസ്തിയിൽ 300 കോടി പൗണ്ട് കൂടി. ഒരു കഴമ്പുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച സെനറ്റർമാർ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കപ്പെടുകയും ചെയ്തു.

ഇരുന്നത് കുഷനിട്ട്

സെനറ്റ് സമിതിയുടെ ചോദ്യശരങ്ങളെത്തിയപ്പോൾ സക്കർബർഗിന് ഇരിപ്പുറയ്ക്കുന്നില്ലെന്ന് ആരും തമാശയായി പോലും പറഞ്ഞുകാണില്ല. കാരണം, അഞ്ചടി ഏഴിഞ്ച് ഉയരമുള്ള ഫെയ്സ്ബുക് മേധാവി കസേരയിലിരുന്നതു പ്രത്യേക കുഷനിട്ട്. ദീർഘനേരം ഇരിക്കുമ്പോൾ നട്ടെല്ലിന് ആയാസമുണ്ടാകാതെയിരിക്കാൻ നാലിഞ്ചു കനമുള്ള പാഡും. ഇത്തരം സന്ദർഭങ്ങളിലെല്ലാം ഇരിപ്പിടത്തിന്റെ കാര്യത്തിൽ ഇതാണു സെനറ്റിലെ പതിവ്.