Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാം പിറന്നാൾ, ‘എയർ കേരള’യെ ട്രോളി മലയാളികൾ, ഇനിയും പ്രതീക്ഷ

air-kerala-

ഓരോ വർഷവും വിഷു വരുമ്പോൾ മലയാളികൾ ഓർക്കുന്ന ഒരു പ്രഖ്യാപനമുണ്ട്, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം, ‘ എയർ കേരള വിഷുദിനത്തിൽ പറന്നുയരും’. കൃത്യം അഞ്ച് വർഷം മുൻപ് 2013 ഏപ്രിൽ 14 ന് കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസ് എയര്‍ കേരള തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാനം വിമാനസർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. പദ്ധതിക്കായി 200 കോടി രൂപ വരെ കണക്കാക്കി. 26 ശതമാനം സംസ്ഥാന സർക്കാരും ശേഷിക്കുന്ന തുക ഓഹരികളായി വിൽക്കുമെന്നാണ് അറിയിച്ചിരുന്നത്. തുടക്കത്തിൽ രണ്ടു ലക്ഷമായി നിജപ്പെടുത്തിയ ഓഹരിത്തുക പിന്നീട് പതിനായിരമായി കുറച്ചിരുന്നു. എന്നാൽ പദ്ധതി നീണ്ടുപോയി. പ്രവാസികളുടെ വലിയ സ്വപ്നമായിരുന്ന എയർകേരള അഞ്ചു വർഷമായി പ്രഖ്യാപനത്തിൽ തന്നെ ഒതുങ്ങി.

ഇതോടെയാണ് വിഷു ദിനത്തിൽ മലയാളികൾ എയര്‍ കേരളയ്ക്കെതിരെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചിരിക്കയാണെന്നും എല്ലാവരും കൂടി ഉത്സാഹിച്ചാൽ അത് വാങ്ങി എയർ കേരള എന്ന് പുനഃനാമകരണം ചെയ്യാമെന്ന് വരെ ചിലർ ട്രോളുന്നുണ്ട്.

മറ്റൊരു ട്രോൾ ഇങ്ങനെ: ‘സോഷ്യൽ മീഡിയയിൽ കണ്ട വിഷു ആശംസകളുടെ കൂട്ടത്തിൽ ‘എയർ കേരള ആശംസകൾ’ എന്ന് കണ്ടിട്ട് മോൻ ചോദിക്കുകയാ എന്താ അച്ഛാ എയർ കേരള ആശംസ? അങ്ങനെയും ഒരു ഫെസ്റ്റിവൽ ഉണ്ടോ? ഞാൻ പറഞ്ഞു അങ്ങനെ ഒരു ഫെസ്റ്റിവൽ ഇല്ല മോനെ അത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞ ഒരു ബഡായി ആയിരുന്നു അദ്ദേഹത്തിന്റെ പ്രജകൾ ആ ബഡായിയുടെ ഓർമ പുതുക്കുകയാണ്...’ എല്ലാവർക്കും എയർ കേരള ആശംസകൾ.

എയർ കേരള: അബുദാബിയുമായി സഹകരിക്കാൻ സർക്കാർ ശ്രമം

വ്യോമ ഗതാഗത രംഗത്ത്, ഗൾഫിലെ പ്രമുഖ വ്യോമ ഗതാഗത ഓപ്പറേറ്ററായ അബുദാബി ഏവിയേഷ (എഡിഎ) നുമായി കൈകോർക്കാനുള്ള സാധ്യതകൾ  സംസ്ഥാന സർക്കാർ തേടുന്നു. അബുദാബി ഏവിയേഷൻ ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിനു നൽകിയ നിർദ്ദേശങ്ങൾ പഠിച്ചു റിപ്പോർട് നൽകുന്നതിന് പ്രത്യേക സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. സംസ്ഥാനത്തിന്റെ ഏറെക്കാലത്തെ ആഗ്രഹമായ എയർ കേരള പദ്ധതി പുനരുജ്ജീവിപ്പിക്കാനും ഇതുവഴി തുറന്നേക്കും. 

എയർ കേരള എയർലൈൻസ്, എമർജൻസി ഹെലികോപ്ടർ മെഡിക്കൽ സർവീസ്, രാജ്യാന്തര വ്യോമയാന അക്കാദമി, സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളുമായുള്ള സഹകരണം, വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ സ്ഥാപിച്ചു പ്രവർത്തിപ്പിക്കൽ തുടങ്ങിയ മേഖലകളിലാണ് അബുദാബി ഏവിയേഷൻ സഹകരിക്കാമെന്നേറ്റിട്ടുള്ളത്.  

ഇവർ നൽകിയ നിർദേശങ്ങൾ പഠിച്ച് റിപ്പോർട് നൽകാൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാൻ ആയ സമിതിയെയാണ് മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നത്. വ്യവസായ, ധന, വ്യോമയാന വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരും സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, മുൻ എയർഇന്ത്യ സിഎംഡി വി. തുളസീദാസ് എന്നിവരുമാണ് സമിതിയിലുള്ളത്.  

അറുപതു വിമാനങ്ങളും അൻപതിലേറെ ഹെലികോപ്ടറുകളും സ്വന്തമായുള്ള ഗൾഫിലെ വലിയ കമ്പനിയാണ് അബുദാബി ഏവിയേഷൻ. ഇവരുമായുള്ള സഹകരണത്തെ സംസ്ഥാന സർക്കാർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എയർ കേരള പദ്ധതി പൊടിതട്ടിയെടുക്കാനാവുമെന്ന പ്രതീക്ഷയും ഇതോടൊപ്പമുണ്ട്.  

air-kerala

സംസ്ഥാന സർക്കാരും അബുദാബി ഏവിയേഷനും ചേർന്ന് ഒരു സംയുക്ത കമ്പനി രൂപീകരിച്ച് ഇവിടെ പ്രവർത്തിക്കാമെന്നാണ് അബുദാബി ഏവിയേഷൻ അക്കാദമി ഡയറക്ടർ മാർക്ക് ജെ. പീറോട്ടി സംസ്ഥാന സർക്കാരിന് നൽകിയിരിക്കുന്ന നിർദേശങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ വ്യോമ ഗതാഗത ഉപദേശകരായും ഇവർ പ്രവർത്തിക്കും. വ്യോമ മേഖലയിലെ സാങ്കേതിക വിദഗ്ധരെ ആവശ്യത്തിനനുസരിച്ച് നൽകുക, വിമാനങ്ങൾ വാങ്ങുന്നതിനോ, പാട്ടത്തിനെടുക്കുന്നതിനോ സംസ്ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുക, സർവീസുകൾ സർക്കാരിനു വേണ്ടി നടത്തുക തുടങ്ങിയവ ഇവർ മുന്നോട്ടു വച്ചിട്ടുണ്ട്. പകരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിമാന കമ്പനിയായി ഇവരെ അംഗീകരിക്കേണ്ടി വരും. വിമാനത്താവളങ്ങളിൽ പ്രത്യേക ആനൂകൂല്യങ്ങളും നൽകണം. ലഭ്യമായ ഗ്രാന്റുകളും മറ്റു സൗജന്യങ്ങളും അനുവദിക്കേണ്ടിയും വരും.  

അബുദാബി ഏവിയേഷനുമായി സഹകരിച്ചാൽ സംസ്ഥാനത്തെ വ്യോമയാന മേഖലയ്ക്കു ലഭിക്കുന്ന പ്രയോജനങ്ങൾ, പ്രവർത്തന മാതൃക, സാമ്പത്തികവും നിയമപരവുമായ വശങ്ങൾ തുടങ്ങിയവ സംബന്ധിച്ചു പഠനം നടത്തി പ്രത്യേക സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ നടപടി സ്വീകരിക്കുക. അബുദാബി ഏവിയേഷന്റെ ഉയർന്ന ഉദ്യോഗസ്ഥരുമായും സംഘം ചർച്ചകൾ നടത്തും.  

ഗൾഫിലെ ഓയിൽ കമ്പനികൾക്കും മറ്റും ആവശ്യമായ വ്യോമ ഗതാഗത സംവിധാനങ്ങൾ അനുവദിക്കുന്നതിനു പുറമെ ലോകമെമ്പാടും വിഐപി ഗതാഗതം, രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ വ്യോമയാന സേവനങ്ങളും അബുദാബി ഏവിയേഷൻ നടത്തുന്നുണ്ട്. 35 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന അബുദാബി ഏവിയേഷന് 61 വിമാനങ്ങളും 57 ഹെലികോപ്ടറുകളും സ്വന്തമായുണ്ട്. ആയിരത്തിലേറെ ജീവനക്കാരിൽ നൂറ്റിയൻപതിലേറെ പൈലറ്റുമാരും മുന്നൂറോളം സാങ്കേതിക വിദഗ്ധരും ഉൾപ്പെടും. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനുള്ള പരിശീലനം തുടങ്ങിയ സേവനങ്ങളും ഇവർ നടത്തുന്നുണ്ട്.