ജിയോ വന്നു, ഐഡിയ–വോഡഫോൺ 1.20 ലക്ഷം കോടി കടത്തിൽ, ജീവനക്കാരെ പിരിച്ചുവിടും

രാജ്യത്തെ ടെലികോം മേഖല നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. രണ്ടു വർഷം മുൻപ് വൻ മുന്നേറ്റം നടത്തിയിരുന്ന മിക്ക കമ്പനികളും ഇപ്പോൾ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. റിലയൻസ് ജിയോ വന്നതോടെ താരീഫ് നിരക്കുകൾ കുത്തനെ വെട്ടിക്കുറയ്ക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. ഇതോടെ വോഡഫോൺ, ഐഡിയ, എയർടെൽ, ആർകോം, എയർസെൽ, ബിഎസ്എൻഎൽ കമ്പനികൾ വൻ പ്രതിസന്ധിയിലായി. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷവും നഷ്ടങ്ങളുടെ കണക്കാണ് ഈ കമ്പനികൾ അവതരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ പാദത്തിൽ ജിയോ മാത്രമാണ് ലാഭത്തിന്റെ കണക്ക് അവതരിപ്പിച്ച് രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഡിയ–വോഡഫോൺ കമ്പനികളുടെ നഷ്ടം 1.20 ലക്ഷം കോടി രൂപയാണെന്നാണ്. ഈ പ്രതിസന്ധി മറികടക്കാൻ ഇരുകമ്പനികളും ലയിക്കാൻ ശ്രമം നടത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് നീണ്ടു പോകുകയാണ്. 19,000 കോടി രൂപ കുടിശിക സര്‍ക്കാരിന് നൽകിയിട്ട് മാത്രം ലയിച്ചാൽ മതിയെന്നാണ് ടെലികോം മന്ത്രാലയം അറിയിച്ചത്.

ഇതിനിടെ വോഡഫോൺ, ഐഡിയ കമ്പനികൾ അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. നിലവിൽ രണ്ടു കമ്പനികളിലുമായി 21,000 ൽ കൂടുതൽ ജീവനക്കാരുണ്ട്. അടുത്ത മാസങ്ങളിൽ തന്നെ ജീവനക്കാരെ പിരിച്ചുവിടൽ തുടങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശമ്പളം കൂട്ടില്ല, ബോണസ് 50% കുറയും

ജിയോയുടെ വരവ് മറ്റു ടെലികോം കമ്പനികൾക്കും അവിടെ ജോലി ചെയ്യുന്നവര്‍ക്കും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ടെലികോം മേഖലയിൽ കുറഞ്ഞത് 75,000 പേര്‍ക്ക് ജോലി നഷ്ടമായി. ഈ വർഷം ജീവനക്കാർക്ക് ശമ്പളവർധനയില്ലെന്നുമാണ് മറ്റൊരു റിപ്പോർട്ട്. 

ജിയോ ഒഴികെയുള്ള ടെലികോം കമ്പനികളിലെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കില്ല, കൂടാതെ ബോണസ് 50 ശതമാനം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു കഴിഞ്ഞു. ടെലികോം മേഖലയിലെ 30 മുതല്‍ 40 ശതമാനം ജീവനക്കാരെ വരെ പുതിയ പ്രതിസന്ധി ബാധിക്കുമെന്നാണ് അറിയുന്നത്. ജിയോ വന്നതിനു ശേഷമുള്ള പാദങ്ങളിലെല്ലാം മിക്ക കമ്പനികളും വൻ നഷ്ടമാണ് നേരിട്ടത്.

ടെലികോം മേഖലയില്‍ കമ്പനികളുടെ ചിലവിന്റെ 4-5 ശതമാനം ജീവനക്കാര്‍ക്കു വേണ്ടിയുള്ളതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജീവനക്കാര്‍ക്കായുള്ള ചിലവുകളില്‍ കമ്പനികള്‍ കുറവുവരുത്തിയെങ്കില്‍ ഇപ്പോള്‍ പിരിച്ചുവിടലുകളും ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഒരു വര്‍ഷം മുൻപുണ്ടായിരുന്നതിന്റെ 75 ശതമാനം മാത്രം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. വൈകാതെ മേഖലയിലെ പിരിച്ചുവിടലുകള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ആശങ്കയുണ്ട്. 

ഒന്നര വര്‍ഷം മുൻപ് ടെലികോം മേഖലിയിലുണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളില്‍ 25 ശതമാനത്തിനും ഇപ്പോള്‍ ജോലി നഷ്ടമായെന്നാണ്. വലിയ മുന്നറിയിപ്പൊന്നുമില്ലാതെ മൂന്നോ ആറോ മാസത്തെ സാവകാശവും ശമ്പളവും പരമാവധി നല്‍കിക്കൊണ്ടാണ് പിരിച്ചുവിടല്‍ നടക്കുന്നത്. പലയിടത്തും ഈ സാവകാശവും നല്‍കിയിട്ടില്ല. സ്വകാര്യ മേഖലയിലായതിനാൽ കാര്യമായ പ്രതികരണങ്ങളും പിരിച്ചുവിടലിനെതിരെ ഉണ്ടായിട്ടില്ല. 

പിരിച്ചുവിടപ്പെട്ടവരില്‍ 25-30 ശതമാനവും മിഡില്‍ ലെവല്‍ മാനേജര്‍മാരാണ്. താഴേ തട്ടിലുള്ളവരേക്കാള്‍ മധ്യവര്‍ഗ്ഗത്തിലും മേല്‍തട്ടിലും പണിയെടുത്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ഏറെ ദോഷകരമായി ബാധിച്ചത്. കരിയറിന്റെ തുടക്കത്തിലുള്ളവര്‍ മറ്റു മേഖലയിലേക്ക് തൊഴില്‍ തേടി പോയപ്പോള്‍ ടെലികോം മേഖലയില്‍ മാത്രമായി വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവര്‍ തങ്ങളുടെ മുന്‍ ജോലിക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാനാകാതെ നട്ടം തിരിയുകയാണ്. 

അഞ്ച് ലക്ഷം കോടി രൂപ കടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ടെലികോം മേഖല ആകെ തന്നെ മുങ്ങുന്ന കപ്പലാണെന്ന മുന്നറിയിപ്പുമുണ്ട്. ജിയോയുടെ രംഗപ്രവേശത്തോടെ പ്രതിസന്ധിയിലായ മുന്‍നിര കമ്പനികള്‍ തന്നെ പിടിച്ചു നില്‍ക്കാനായി പെടാപാട് പെടുകയാണ്. ഇതിനിടെ വലിയ കമ്പനികള്‍ പ്രതിസന്ധി മറികടക്കാനായി ഒന്നാകുമ്പോള്‍ പലപ്പോഴും തിരിച്ചടിയാകുന്നതും തൊഴിലാളികള്‍ക്കാണ്. ചിലവ് വെട്ടിച്ചുരുക്കുകയെന്ന പേരില്‍ പുതിയ കമ്പനികള്‍ ആദ്യം ചെയ്യുക തൊഴിലാളികളുടെ എണ്ണം കുറക്കുകയാകും. ടെലികോം ഓപ്പറേറ്റര്‍മാരായ കമ്പനികള്‍ മാത്രമല്ല ടെലികോം ടവര്‍ നിര്‍മാണ കമ്പനികളിലെ തൊഴിലാളികളെ പോലും നിലവിലെ പ്രതിസന്ധി ദോഷകരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.