Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12കാരൻ റൂബന് അമേരിക്ക ജോലി നൽകാമെന്ന്, പയ്യൻ ‘സൈബർ പുലി’!

cyber-ninja

'സൈബര്‍ നിന്‍ജ' എന്ന് വിളിക്കുന്ന ഈ ഹാക്കര്‍ക്ക് ഇപ്പോള്‍ തന്നെ യുഎസ് പ്രതിരോധ വകുപ്പില്‍ നിന്നും ഡച്ച് സര്‍ക്കാരില്‍ നിന്നുമെല്ലാം ജോലി വാഗ്ദാനങ്ങളുണ്ട്. അത്തരം വാഗ്ദാനങ്ങളൊന്നും തല്‍കാലത്തേക്ക് സ്വീകരിക്കേണ്ടെന്നാണ് 'സൈബര്‍ നിന്‍ജ'യുടെ തീരുമാനം. കാരണം ആറാം ഗ്രേഡ് പരീക്ഷ വിജയിക്കുകയാണ് പന്ത്രണ്ടുകാരനായ റൂബന്‍ പോള്‍ എന്ന സൈബര്‍ പോരാളിയുടെ ഇപ്പോഴത്തെ ലക്ഷ്യം. 

ടെക്‌സാസില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് റൂബന്‍ പോള്‍ താമസിക്കുന്നത്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതൊരു ഉപകരണത്തേയും ഹാക്ക് ചെയ്യുകയാണ് റൂബന്‍ പോളിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. ഹാക്കിങ് കുട്ടികളിയാക്കി മാറ്റിയിരിക്കുകയാണ് ഈ പന്ത്രണ്ടുകാരന്‍. കളിപ്പാട്ടങ്ങളും വീടുകളിലെ ഉപകരണങ്ങളും മുതല്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ വരെ സുരക്ഷാ പൂട്ട് പൊട്ടിച്ച് റൂബന്‍ പോള്‍ സ്വന്തമാക്കും. സൈബര്‍ നിന്‍ജ എന്ന വിളിപ്പേരിനു പിന്നിലുമൊരു കാര്യമുണ്ട്. കുങ്ഫുവില്‍ സെക്കന്റ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റിനുടമ കൂടിയാണ് ഈ കൊച്ചുമിടുക്കന്‍.

സിബിഎസ് ന്യൂസ് ചാനലില്‍ ഒരു പരിപാടിയില്‍ അതിഥിയായും റൂബനെത്തി. ചാനല്‍ പരിപാടിയുടെ അവതാരകന്റെ തന്നെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്താണ് റൂബന്‍ ഏവരേയും ഞെട്ടിച്ചത്. പബ്ലിക്ക് വൈഫൈ നെറ്റ്‌വര്‍ക്കുകളും ബ്ലൂടൂത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമൊക്കെയാണ് പലപ്പോഴും എളുപ്പത്തില്‍ ഹാക്ക് ചെയ്യാവുന്നതെന്ന് റൂബന്‍ പറയുന്നു. പന്ത്രണ്ടുകാരനായ തനിക്ക് ഇത്രയും ചെയ്യാനാകുമെങ്കില്‍ കൃത്യമായ പരിശീലനം ലഭിച്ച ഒരു ഹാക്കര്‍ക്ക് എന്തെല്ലാം സാധിക്കുമെന്നാണ് റൂബന്റെ ചോദ്യം.

സ്‌കൂള്‍ അവധി ദിവസങ്ങളില്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് വിവിധ രാജ്യങ്ങളില്‍ ക്ലാസുകളെടുക്കാന്‍ പിതാവിനൊപ്പം സഞ്ചരിക്കുകയാണ് റൂബന്‍ പോള്‍. സൈബര്‍ സുരക്ഷാ രംഗത്തെ വിദഗ്ധനാണ് റൂബന്റെ പിതാവും. സുരക്ഷയെക്കുറിച്ച് ഉറപ്പില്ലാത്ത ഒരു പബ്ലിക്ക് വൈഫൈയുമായും സ്മാര്‍ട് ഫോണുകളും മറ്റും കണക്ട് ചെയ്യരുതെന്നാണ് റൂബന്‍ നിര്‍ദ്ദേശിക്കുന്നത്. 

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള ടെര്‍മിനേറ്ററുകള്‍ മുതല്‍ ടെഡി ബേറുകള്‍ വരെയുള്ള എന്തിനേയും ഹാക്കര്‍മാര്‍ ആയുധമാക്കാമെന്നാണ് ഹേഗില്‍ നടന്ന സൈബര്‍ സുരക്ഷാ സെമിനാറില്‍ റൂബന്‍ പറഞ്ഞത്. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ പൊളിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് സിംഗപൂരില്‍ നടന്ന മറ്റൊരു ടെക് കോണ്‍ഫറന്‍സില്‍ റൂബന്‍ അഭിപ്രായപ്പെട്ടത്. സാധാരണക്കാര്‍ക്കുവേണ്ടി സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് വിവരിക്കുന്ന വിഡിയോകള്‍ റൂബന്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്.