Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവി പ്രേക്ഷകരെ വിഴുങ്ങാൻ ജിയോ സ്‌ക്രീന്‍സ്, വരുന്നത് വൻകിട പദ്ധതി

jio-screenz

ടെലിവിഷന്‍ പ്രേക്ഷകൻ എന്നും വെറും പ്രേക്ഷകന്‍ മാത്രമായിരുന്നു. ടിവിക്കാര്‍ നല്‍കുന്നത് ഒന്നും മിണ്ടാതിരുന്ന് ആസ്വദിക്കുക. അതിനൊരു വിരാമമിടാനാണ് ജിയോയുടെ പുതിയ സംരംഭം ശ്രമിക്കുന്നത്. 'ജിയോ സ്‌ക്രീന്‍സി'ലൂടെ പ്രേക്ഷകനും ബ്രോഡ്കാസ്റ്ററും തമ്മില്‍ കൂടുതല്‍ സംവേദനം സാധ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ടിവിയിലെ ക്വസ് പ്രോഗ്രാം, വോട്ടെടുപ്പ് തുടങ്ങിയ കാര്യങ്ങളിലൊക്കെ പ്രേക്ഷകനു തത്സമയം പങ്കെടുക്കാവുന്ന രീതിയിലാണ് ജിയോ സ്‌ക്രീന്‍സ് വിഭാവനം ചെയ്തിരിക്കുന്നത്. 

മുകേഷ് അംബാനി നയിക്കുന്ന ജിയോ, എന്റര്‍റ്റെയ്‌ൻമെന്റ്-കേന്ദ്രീകരിച്ചുള്ള ഇന്ററാക്ടിവിറ്റിയല്‍ മുന്നില്‍ നില്‍ക്കുന്ന സ്‌ക്രീന്‍സുമായി (Screenz) ചേര്‍ന്നാണ് പുതിയ സാധ്യതകള്‍ ആരായുന്നത്. നേരത്തെ ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിക്കാന്‍ ജിയോ തുടങ്ങിയ ജിയോ ക്രിക്കറ്റ് പ്ലേ എലോങ് (Jio Cricket Play Along) ഈ ചുരുങ്ങിയ കാലത്തിനിടെ ആറരക്കോടി ഉപയോക്താക്കളെ പിടിച്ചുവെന്നതു തന്നെ പുതിയ പദ്ധതിയും വന്‍ വിജയമാകുമെന്ന സൂചന തരുന്നു. എന്റര്‍റ്റെയ്‌ൻമെന്റ് കേന്ദ്രീകൃതമായ ഗെയ്മിഫിക്കേഷന്‍ എന്നാണ് പുതിയ ഉദ്യമത്തെ വിശേഷിപ്പിക്കുന്നത്.

ആപ്പ് ഡിവലപ്പര്‍മാര്‍ക്ക് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ള SDK ഉപയോഗിച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ്, കായ് ഒഎസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ആപ്പുകള്‍ നിര്‍മിക്കാം. പ്രേക്ഷകര്‍ക്ക് ഈ ആപ്പുകള്‍ ഉപയോഗിച്ച് ടിവി ഷോകളിലും മറ്റും 'ഇടപെടാം'. 

ജിയോ സ്‌ക്രീന്‍സ് വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കും. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയൊക്കെയുമായി ബന്ധപ്പെട്ടായിരിക്കും പുതിയ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുക. ജിയോ സ്‌ക്രീന്‍സ് റിച്ച് ഡേറ്റാ റിപ്പോര്‍ട്ടിങ് സപ്പോര്‍ട്ടു ചെയ്യുന്നു. ഇതിലൂടെ ഓരോ ഉപയോക്താവിനും വേണ്ടി സവിശേഷമായ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നു. അതിലൂടെ ഉപയോക്താവിന് ഇഷ്ടങ്ങളറിഞ്ഞ് പരസ്യങ്ങള്‍ എത്തിക്കാന്‍ വിപണിക്ക് സാധിക്കും. 

ലൈവ് പരിപാടികള്‍ക്കു പോലും ടിവി പ്രോഗ്രാം നിര്‍മാതാക്കള്‍ക്ക് വീട്ടിലിരിക്കുന്ന പ്രേക്ഷകനെ പങ്കെടുപ്പിക്കാന്‍ സാധിക്കുമെന്നതാണ് ജിയോ സ്‌ക്രീന്‍സ് കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ടിവി ചാനലുകള്‍ക്കും തന്റെ സാന്നിധ്യമറിയിക്കാമെന്നത് പ്രേക്ഷകനും കൂടുതല്‍ സാധ്യതകള്‍ നല്‍കും. അതോടൊപ്പം പരസ്യക്കാര്‍ക്കും പുതിയ മേഖലകള്‍ തുറക്കും.

related stories