സോഫ്റ്റ്ബാങ്ക് വിഹിതവും വാൾമാർട്ട് വിഴുങ്ങി, ഫ്ലിപ്കാർട്ട് മൂല്യം 1.1 ലക്ഷം കോടി

ഏറെ ചർച്ചകൾക്കും വാദങ്ങൾക്കും ശേഷം ഫ്ലിപ്കാർട്ടിൽ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിനുണ്ടായിരുന്ന വിഹിതവും വാൾമാർട്ട് സ്വന്തമാക്കി. ഫ്ലിപ്കാർട്ടിൽ 20 ശതമാനം ഓഹരിയാണ് സോഫ്റ്റ്ബാങ്കിന് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസമാണ് 16 ബില്ല്യൻ ഡോളറിന് ( ഏകദേശം 1.1 ലക്ഷം കോടി രൂപ) ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയത്.

20 ശതമാനം ഫ്ലിപ്കാര്‍ട്ട് ഓഹരികള്‍ വാള്‍മാര്‍ട്ടിന് കൈമാറുന്നതോടെ ഏകദേശം നാല് ബില്യണ്‍ ഡോളറിനടുത്ത് (27,000 കോടി രൂപ) ജപ്പാനിലെ സോഫ്റ്റ്ബാങ്കിന് ലഭിക്കും. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ സോഫ്റ്റ്ബാങ്ക് വക്താവ് തയ്യാറായില്ല.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് കൈമാറുന്നതിന്റെ നികുതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആശങ്കകളുണ്ടായിരുന്നു സോഫ്റ്റ്ബാങ്കിന്. ഇതായിരുന്നു ഓഹരി വില്‍ക്കുന്നതിൽ നിന്ന് ആദ്യം സോഫ്റ്റ് ബാങ്ക് പിന്തിരിഞ്ഞത്.