ലോകം കീഴടക്കാൻ മുകേഷ് അംബാനി, ജിയോ യൂറോപ്പിലേക്ക്

രാജ്യത്തെ ടെലികോം മേഖലയിൽ വൻ വിപ്ലവമുണ്ടാക്കിയ റിലയൻസ് ജിയോ നെറ്റ്‌വർക്ക് വിദേശത്തേക്കും വ്യാപിപ്പിക്കാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം യൂറോപ്പിലും പിന്നീട് മിഡിൽ ഈസ്റ്റിലും മറ്റു രാജ്യങ്ങളിലേക്കും ജിയോ നെറ്റ്‌വർക്കുകൾ വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്.

‌യൂറോപ്യന്‍ വിപണിയില്‍ ജിയോയെ എത്തിക്കുന്നതിന്റെ തുടക്കമെന്നോണം വടക്കൻ യൂറോപ്പിലെ എസ്റ്റോണിയയിലാണ് മുകേഷ് അംബാനിയുടെ ആദ്യ പരീക്ഷണം നടക്കാൻ പോകുന്നത്. കുറഞ്ഞ നിരക്കിൽ ഡേറ്റയും കോളുകളും നൽകി ഇന്ത്യൻ വിപണി പിടിച്ചടക്കിയ ജിയോ എസ്റ്റോണിയയിൽ തുടക്കമിട്ടാല്‍ മറ്റു രാജ്യങ്ങളിലേക്കും നെറ്റ്‌വർക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

എസ്റ്റോണിയയില്‍ ഇ-റെസിഡന്‍സി പദ്ധതി നടപ്പിലാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. എസ്റ്റോണിയയില്‍ കാര്യങ്ങൾ പച്ചപിടിച്ചാൽ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലും വിപണി പിടിക്കാം. ആഴ്ചകൾക്ക് മുൻപ് മുകേഷ് അംബാനി എസ്റ്റൊണിയന്‍ സര്‍ക്കാര്‍ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്റ്റോണിയയിൽ ഇന്ത്യയുടെ ഇ-ഗവേര്‍ണന്‍സ് സംവിധാനം സ്ഥാപിക്കാൻ‌ താൽപര്യമുണ്ടെന്നാണ് അംബാനി അറിയിച്ചത്.

ഇ–റെസിഡൻസി പദ്ധതി പ്രകാരം സർക്കാർ നൽകുന്ന ഡിജിറ്റൽ ഐഡി കാർഡ് ലോകത്ത് എവിടെയും ഉപയോഗിക്കാം. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ്, ഹോൾഡിങ്സ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി നടപ്പിലാക്കാനായി റിലയൻസ് 12.20 കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. 170 രാജ്യങ്ങളിൽ റോമിങ് സംവിധാനമുള്ള ടെലികോം കമ്പനിയാണ് ജിയോ.