ജിയോയെ ഞെട്ടിച്ച് എയർടെൽ ഓഫർ, 82 ദിവസത്തേക്ക് 246 ജിബി ഡേറ്റ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ 2018 രണ്ടാം പാദത്തിൽ രണ്ടുംകൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ജിയോയുടെ ഓരോ ഡേറ്റാ പ്ലാനുകളെയും പ്രതിരോധിക്കാൻ വൻ ഓഫറുകളാണ് എയർടെൽ അവതരിപ്പിക്കുന്നത്. ജിയോ തുടങ്ങിവെച്ച ഡേറ്റാ വിപ്ലവം ഇപ്പോൾ എയർടെൽ ഏറ്റെടുത്തിരിക്കുകയാണ്. ദിവസം 1.4 ജിബി, 2 ജിബി, 3 ജിബി നിരക്കുകളിൽ ഡേറ്റ നൽകുന്ന പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചു കഴിഞ്ഞു.

പുതിയ റിപ്പോർട്ട് പ്രകാരം 558 രൂപ പ്ലാനിൽ 82 ദിവസത്തേക്ക് 246 ജിബി ഡേറ്റയാണ് എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് ഓഫർ ചെയ്യുന്നത്. ദിവസം മൂന്നു ജിബി ഡേറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ് എന്നീ സേവനങ്ങളും ലഭിക്കും. 558 രൂപയ്ക്ക് 246 ജിബി ഡേറ്റ നൽകുമ്പോൾ കേവലം ഒരു ജിബി ഡേറ്റയ്ക്ക് 2.2 രൂപ മാത്രമേ വരൂ. എന്നാൽ ഈ പ്ലാൻ തിരഞ്ഞെടുത്ത കുറച്ചു പേർക്ക് മാത്രമാണ് എയർടെൽ ഓഫർ ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ജിയോയുടെ 509 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് 112 ജിബി ഡേറ്റയാണ് നല്‍കുന്നത്. ദിവസം 4 ജിബി ഡേറ്റയാണ് നല്‍കുന്നത്. അണ്‍ലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ് എന്നിവയും നൽകുന്നുണ്ട്.

എയർടെല്ലിന്റെ കോളുകൾ ലിമിറ്റില്ല എന്നതും ശ്രദ്ധേയമാണ്. റീചാർജ് വർധിപ്പിച്ച് വരുമാനം നേടാനാണ് എയർടെൽ ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡേറ്റ ലഭിക്കുമ്പോൾ റീചാർജ് നിരക്കുകളും കുത്തനെ ഉയരുമെന്നാണ് കരുതുന്നത്. വോഡഫോണിന്റെ 569 രൂപ പ്ലാനിൽ 84 ദിവസത്തേക്ക് ദിവസം 3 ജിബി നിരക്കിൽ ഡേറ്റ നൽകുന്നുണ്ട്. എന്നാൽ കോളുകൾക്ക് നിയന്ത്രണമുണ്ട്.