1999 രൂപയ്ക്ക് 500 ചാനലുകൾ, 1999 രൂപ ക്യാഷ്ബാക്ക്, 20ന് ബുക്കിങ്, 5 വർഷം ഫ്രീ

പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായി ചേർന്ന് രാജ്യത്തെ 130 കോടി ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കാൻ വൻ ഓഫറുകളുമായി വീണ്ടും റിലയൻസ് ബിഗ്ടിവി. നേരത്തെ ബുക്ക് ചെയ്തവർക്ക് സർവീസ് കിട്ടുന്നില്ലെന്ന പരാതിക്കിടെയാണ് ബിഗ്ടിവിയുടെ പുതിയ ഓഫറും വന്നിരിക്കുന്നത്. ജൂൺ 20 ന് ബുക്കിങ് തുടങ്ങും. വിപണിയിൽ പിടിച്ചു നിൽക്കാൻ വൻ ഓഫറുകളാണ് ബിഗ് ടിവി മുന്നോട്ടുവെയ്ക്കുന്നത്.

12 സംസ്ഥാനങ്ങളിലെ 50,000 പോസ്റ്റ് ഓഫീസുകളുമായി ചേർന്നാണ് ബിഗ്ടിവി ബുക്കിങ് നടക്കുന്നത്. ഫ്രീ എച്ച്ഡി എച്ച്ഇവിസി സെറ്റ് ടോപ് ബോക്സുകൾ 499 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി ബുക്ക് ചെയ്യാം. രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, കർണാടക, അരുണാചൽ പ്രദേശ്, അസാം, മണിപ്പൂർ, മേഘാലയ, മസോറാം, സിക്കിം എന്നിവടങ്ങളിലാണ് ബുക്കിങ് നടക്കുക. 

499 രൂപയ്ക്ക് ബുക്കിങ് നടത്തി ഇൻസ്റ്റാളേഷൻ ചാർജായി 1500 രൂപ നൽകിയാൽ ഒരു വർഷത്തേക്ക് പെയ്ഡ് ചാനലുകൾ ഉൾപ്പടെ 500 ചാനലുകൾ ലഭിക്കുമെന്നാണ് ഓഫർ. അഞ്ചു വർഷത്തേക്ക് സാധാരണ ചാനലുകൾ ഫ്രീ ലഭിക്കുമെന്നും ബിഗ്ടിവി ഓഫർ ചെയ്യുന്നു. രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിലേക്ക് ബിഗ്ടിവി എത്തിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസുകളുമായി ചേർന്ന് പ്രവർത്തിക്കുന്നത്.

ഇതോടൊപ്പം ഒരു വർഷം സ്ഥിരമായി മാസം 300 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1999 രൂപ ലോയൽറ്റി ബോനസ് ക്യാഷ്ബാക്കായും നൽകും. നിബന്ധനകൾക്ക് വിധേയമായിട്ടാണ് 1999 രൂപ ക്യാഷ്ബാക്ക് നൽകുക. അടുത്ത രണ്ടു വർഷത്തേക്കുള്ള റീചാർജുകൾക്ക് ഈ പണം ഉപയോഗിക്കാൻ സാധിക്കും. സെറ്റ്ടോപ് ബോക്സിന് ഒരു വർഷത്തെ വാറന്റിയാണ് നൽകുന്നത്.