Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൊളീവിയൻ കോൾ തട്ടിപ്പ്: ‘ചതിച്ചത്’ ടെലികോം കമ്പനികൾ

phone-scam

കേരളത്തിലെ മൊബൈൽ നമ്പറുകൾ ലക്ഷ്യമിട്ടെത്തുന്ന മിസ്ഡ് കോൾ തട്ടിപ്പ് തടയാനാകാതെ ടെലികോം കമ്പനികൾ നട്ടംതിരിയുന്നു. ദിവസങ്ങൾക്ക് മുൻപെ ഇത്തരമൊരു തട്ടിപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും ടെലികോം കമ്പനികൾ വേണ്ടത് ചെയ്യാതെ വരിക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ബിഎസ്എൻഎൽ നമ്പറുകൾ കേന്ദ്രീകരിച്ചാണ് വ്യാജ മിസ്ഡ് കോളുകൾ കൂടുതലും വരുന്നത്. ഇക്കാര്യം ബിഎസ്എൻഎൽ ഉള്‍പ്പടെയുള്ള ടെലികോം കമ്പനി അധികൃതരെ വിളിച്ചു അറിയിച്ചിരുന്നുവെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല.

അപരിചിതമായ രാജ്യാന്തര നമ്പറുകളിൽ നിന്നെത്തുന്ന മിസ്ഡ് കോളുകൾ നിയന്ത്രിച്ച് വരിക്കാരെ രക്ഷിക്കാൻ ടെലികോം കമ്പനികൾ തന്നെ രംഗത്തുവരേണ്ടതുണ്ട്. വരിക്കാർക്ക് തന്നെ വിദേശ കോളുകൾ നിയന്ത്രിക്കാം. എന്നാൽ ഇത്തരം തട്ടിപ്പ് കോളുകൾ വ്യാപകമായ സാഹചര്യത്തിൽ വരിക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ടെലികോം കമ്പനികൾക്കാണ്.

+59160 എന്ന നമ്പറിൽ നിന്നാണ് പ്രധാനമായും കോളുകൾ വരുന്നത്. ഇത് സംബന്ധിച്ച് പൊലീസിനും ബിഎസ്എൻഎല്ലിനും ദിവസവും നിരവധി പരാതികളാണ് ലഭിക്കുന്നത്. ബിഎസ്എൻഎൽ കസ്റ്റമർ കെയറിലെ പ്രധാന പരാതി തന്നെ ഇപ്പോൾ ബൊളീവിയൻ കോൾ തട്ടിപ്പാണ്.

ഓരോ ജില്ലയിലും പതിനായിരത്തോളം പേർക്ക് ബൊളീവിയൻ മിസ്ഡ് കോൾ കിട്ടിയിട്ടുണ്ട്. തിരിച്ചു വിളിച്ചാൽ മാത്രമാണ് പണം നഷ്ടപ്പെടുക. ബിഎസ്എൻഎല്ലിന്റെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ഇത്തരം വ്യാജ കോൾ തട്ടിപ്പിന് കാരണമെന്നും ആരോപണമുണ്ട്. ബിഎസ്എൻഎല്ലിലെ സാങ്കേതിക വിദഗ്ധർക്ക് പോലും ബൊളീവിയൻ മിസ്ഡ് കോളിന് കൃത്യമായ വിശദീകരണം നൽകാൻ കഴിയുന്നില്ല.

കഴിഞ്ഞ ഒരാഴ്ചയായി മിസ്ഡ് കോൾ തുടങ്ങിയിട്ട്. +591 എന്ന നമ്പറിൽ തുടങ്ങുന്ന ബൊളീവിയൻ മൊബൈൽ വിളികളായിരുന്നു ഇവ. +591 60940305, +591 60940365, +591 60940101, +591 60940410 തുടങ്ങിയ നമ്പറുകളിൽനിന്നു വിളിയെത്തിയെന്നാണു പൊലീസിനു ലഭിച്ച പരാതികളിലേറെയും.

അതേസമയം, പണം തട്ടലിനു പുറമെ വ്യക്തിവിവരങ്ങൾ ചോർത്താനുള്ള നീക്കം നടക്കുന്നതായും സംശയമുണ്ട്. തിരികെ വിളിച്ചാൽ മിനിറ്റിന് 200 രൂപ വരെ നഷ്ടമാകും. ജാപ്പനീസ് ഭാഷയിൽ' ‘വാൻ’ എന്നാൽ ഒന്ന് (ഒറ്റ ബെൽ) എന്നും ‘ഗിറി’ എന്നാൽ കോൾ കട്ട് ചെയ്യുക എന്നുമാണ് അർഥം. ഒറ്റ ബെല്ലിൽ അവസാനിക്കുന്ന മിസ്ഡ് കോളുകളെന്നാണു വാൻഗിറിയുടെ അർഥം. ഏതാനും മാസങ്ങൾക്കിടയിൽ യുഎഇയിലും കെനിയയിലും വാൻഗിറി തട്ടിപ്പുകൾ വ്യാപകമായിരുന്നു. +41 (സ്വിറ്റ്സർലാൻഡ്), +963 (സിറിയ), +252 (സൊമാലിയ), +37 (ലാത്വിയ) എന്നിവയിൽ തുടങ്ങുന്ന നമ്പറുകളിൽനിന്നും പലപ്പോഴായി കേരളത്തിൽ തട്ടിപ്പു കോളുകൾ എത്തിയിട്ടുണ്ട്. വിളിയെത്തുന്നത് അതതു രാജ്യത്തുനിന്നുതന്നെയാവണമെന്നില്ല.

1) തട്ടിപ്പുകാരൻ ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകൾ ഈടാക്കാവുന്ന നമ്പറുകൾ (ഉയർന്ന നിരക്ക് ഈടാക്കുന്ന മാർക്കറ്റിങ് കോളുകൾക്കു സമാനം) സ്വന്തമാക്കുന്നു. ഇവ കണ്ടെത്തുക അസാധ്യം. കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്‍വെയറിലൂടെ അസംഖ്യം ഫോൺ നമ്പറുകളിലേക്ക് ഈ നമ്പറിൽനിന്നു വിളിയെത്തുന്നു. ഒറ്റ ബെല്ലിൽ കോൾ അവസാനിക്കും. 

2) മിസ്ഡ് കോൾ ലഭിക്കുന്നവരിൽ ചിലരെങ്കിലും തിരികെ വിളിക്കുന്നു. കോളെത്തുന്നത് പ്രീമിയം നമ്പറിലേക്ക്. സാധാരണ ഐഎസ്ഡി നിരക്കുകളേക്കാൾ വളരെ കൂടുതൽ. 

3) കോൾ സ്വീകരിക്കുന്നതു തട്ടിപ്പുകാരന്റെ കംപ്യൂട്ടർ. റിക്കോർഡ് ചെയ്തു വച്ച പാട്ടുകൾ, വോയിസ് മെസേജുകൾ എന്നിവയാകും കേൾക്കുക. പരമാവധി സമയം കോൾ നീട്ടിയാൽ തട്ടിപ്പുകാരനു കൂടുതൽ ലാഭം. 

4) പ്രീമിയം റേറ്റ് നമ്പർ ആയതിനാൽ ടെലികോം സേവനദാതാവ് ഒരു വിഹിതം ലാഭമായി നമ്പറിന്റെ ഉടമയ്ക്കു നൽകുന്നു. കൂടുതൽ ലാഭത്തിനായി നമ്പർ ഡയൽ ചെയ്യുമ്പോൾ മുതൽ കോളായി പരിഗണിക്കുന്ന സംഭവങ്ങളുമുണ്ട്. ഡയൽ ചെയ്യുമ്പോൾ കേൾക്കുന്ന റിങ് ശബ്ദം പോലും നേരത്തേ റിക്കോർഡ് ചെയ്തു വച്ചതാകാം.