Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ജിയോ മാത്രമാകും ? വരുന്നത് കോടികളുടെ നിക്ഷേപം

Mukesh-Ambani-Daughter

ഏതൊരു ബിസിനസ് തുടങ്ങുമ്പോഴും വേണ്ടുവോളം പണം ആവശ്യമാണ്. വിപണിയും ഉപഭോക്താക്കളെയും പിടിക്കാൻ കോടികളുടെ നിക്ഷേപം ഇറക്കേണ്ടിവരും. സൗജന്യവും ഓഫറുകളും നൽകി ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ തുടക്കത്തിൽ ചുമ്മാ പണം ചെലവഴിക്കേണ്ടി വരും. എന്നാൽ ഇതെല്ലാം തിരിച്ചുപിടിക്കാനുള്ള സൂത്രവിദ്യകളും മുൻകൂട്ടി കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ വൻ നഷ്ടം സഹിക്കേണ്ടിവരും. 

അതെ, മുകേഷ് അംബാനി ചെയ്തതും ഇനി ചെയ്യാൻ പോകുന്നതും ഇതേ സൂത്രവിദ്യയാണ്. ജിയോ എന്ന പുതിയ കമ്പനി തുടങ്ങിയപ്പോൾ രാജ്യം ഒന്നടങ്കം ഒരു ടെലികോം സര്‍വീസിന്റെ പിന്നാലെ പോയി. ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് ഡേറ്റാ വിപ്ലവം തന്നെ കൊണ്ടുവന്നു. വേണ്ടുവോളം ഫ്രീ നൽകി മറ്റു ടെലികോം കമ്പനികളെ എല്ലാം പ്രതിസന്ധിയിലാക്കാനും ജിയോയ്ക്ക് സാധിച്ചു. ഡേറ്റാ വിപണി പിടിച്ചടക്കിയ റിലയൻസ് ജിയോയുടെ അടുത്ത ലക്ഷ്യം ഇന്ത്യയുടെ ടെലികോം വിപണി ഒന്നടങ്കമാണ്. ഇതിന്റെ തുടക്കം മാത്രമാണ് നേരത്തെ കണ്ടത്. ഇനി വരാനിരിക്കുന്നത് ഇതിലും വലിയ പദ്ധതികളാണ്. 

ടെലികോം മേഖലയെ ആകെ മാറ്റിമറിച്ച രംഗപ്രവേശമായിരുന്നു റിലയൻസ് ജിയോയുടേത്. മൊബൈല്‍ വഴിയുള്ള ഇന്‍റർനെറ്റ് ഉപയോഗത്തിൽ നാളിതുവരെ ഇല്ലാത്ത വളര്‍ച്ചയാണ് ഇന്ത്യ ദർശിച്ചത്. കുറഞ്ഞ നിരക്കിൽ ഉപയോക്താക്കളെ വശീകരിക്കാനുള്ള സേവനദാതാക്കള്‍ക്കിടയിലെ ശക്തമായ മത്സരത്തിന് അടിവേര് പാകിയതും ജിയോയുടെ കടന്നുവരവായിരുന്നു. മത്സരത്തിന്‍റെ പാതയിലായിരുന്ന സേവനദാതാക്കളിൽ ചിലർ കൂടുതൽ കരുത്തരാകാൻ ഒന്നിച്ചെങ്കിലും വിപണയിലെ മത്സരം തീവ്രമായി തന്നെ തുടർന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് ടെലികോ മേഖലയുടെ ഗതി നിർണയിക്കുന്ന ചാലകശക്തിയായി റിലയൻസ് ജിയോ മാറിയതോടെയാണ് ഇത്തരം വലിയ ചലനങ്ങള്‍ക്ക് തുടക്കമായത്. ജിയോയുടെ കടന്നുവരവോടെ ടെലികോം മേഖലയ്ക്കുണ്ടായ ചില മാറ്റങ്ങൾ പരിശോധിക്കാം

ഉപയോക്താവിനെ തുണച്ച വരുമാന ഇടിവ്

ജിയോയുടെ കടന്നുവരവോടെ ടെലികോം മേഖലയിൽ നിന്നുള്ള ആകെ വരുമാനത്തില്‍ ഇടിവു സംഭവിച്ചു. 1.76 ശതമാനത്തിന്‍റെ കുറവാണ് 2017 മാർച്ചിനെ അപേക്ഷിച്ച് 2018 മാർച്ചിൽ സംഭവിച്ചത്. ചാർജുകളിലുണ്ടായ കുറവിന്‍റെ പ്രയോജനം ലഭിച്ചത് ഉപയോക്താക്കൾക്കാണ്. ഉപയോക്താവിന്‍റെ പ്രതിമാസ വരുമാന ശരാശരിയിൽ 2016–18 കാലഘട്ടത്തിനിടെ 42 ശതമാനത്തിന്‍റെ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 2016ൽ 131 രൂപയായിരുന്ന ശരാശരി 2018 മാർച്ചിൽ 76.04 രൂപയായി കുറഞ്ഞു.

jio

കുതിച്ചുയർന്ന മൊബൈൽ ഡേറ്റ ഉപയോഗം

ഇന്ത്യക്കാരുടെ നെറ്റ് ഉപയോഗ രീതികളെ പാടെ മാറ്റിമറിച്ചായിരുന്നു ജിയോയുടെ രംഗപ്രവേശനം. ജിയോയുടെ വരവിന് ശേഷം മൊബൈൽ ഡേറ്റ ഉപയോഗത്തിൽ 924 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്. 2016 സെപ്റ്റംബറിലെ പ്രതിമാസ ശരാശരി ഡേറ്റ ഉപയോഗം 239 MB ആയിരുന്നെങ്കിൽ 2018 മാർച്ചിൽ അത് 2447 MB ആയി ഉയർന്നു. ഒരു ജിബിക്ക് ഉപയോക്താവ് കൊടുത്തിരുന്ന തുകയുടെ കാര്യത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2016ൽ ഇത് 184.23 രൂപയായിരുന്നെങ്കിൽ 2018ൽ 14.94 ആയി കുറഞ്ഞു. 

ഓഹരി വിപണിയിൽ റിലയൻസിന്‍റെ മുൻതൂക്കം 

ഇന്‍റർനെറ്റ് സേവനദാതാക്കളുടെ കാര്യത്തിൽ ഓഹരി വിപണിയിൽ മുൻതൂക്കം റിലയൻസ് ജിയോയ്ക്കാണ്. 37.77 ശതമാനമാണ് റിലയൻസിന്‍റെ വിപണി ഓഹരി. 23.53 ശതമാനത്തോടെ എയര്‍ടെല്ലും 15.38 ശതമാനത്തോടെ വോഡഫോണുമാണ് തൊട്ടുപിന്നില്‍. എയർടെല്ലിനുണ്ടായിരുന്ന മേധാവിത്വമാണ് റിലയൻസ് ജിയോ തട്ടിയെടുത്തത്. 

ലാഭം നേടിയത് റിലയൻസും ബിഎസ്എൻഎല്ലും മാത്രം

ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2017നെ അപേക്ഷിച്ച് 2018ൽ ടെലികോം മേഖലയിൽ സാമ്പത്തിക നേട്ടം കൈവരിച്ചതു രണ്ടു കമ്പനികൾ മാത്രമാണ് – റിലയൻസ് ജിയോയും ബിഎസ്എന്‍എല്ലും. മേഖലയിലെ മറ്റ് രണ്ട് ശക്തരായ എതിരാളികളായ എയർടെല്ലിന്‍റെയും വോഡഫോണിന്‍റെയും നഷ്ടം യഥാക്രമം 9.44 ശതമാനവും 12.71 ശതമാനവുമായിരുന്നു. വോഡഫോണും ഐഡിയയും തമ്മിലുള്ള ലയനത്തിനു വരെ വഴിതെളിച്ചത് വിപണിയിലെ ശക്തമായ മത്സരവും ആകെ വരുമാനത്തിലുണ്ടായ ഇടിവുമായിരുന്നു. 

Jio-airtel

വരിക്കാരുടെ കാര്യത്തിലെ ഗണ്യമായ വർധന

2016നെ അപേക്ഷിച്ച് ടെലികോം ഉപയോക്താക്കളുടെ സംഖ്യയിൽ 28 ശതമാനത്തിന്‍റെ വർധനവാണ് കണ്ടത്. 936 ദശലക്ഷം വരിക്കാരാണ് 2016ൽ ഉണ്ടായിരുന്നതെങ്കിൽ 2018ൽ ഇത് 1202.22 ആയി ഉയർന്നു.

ജിയോ ശരിക്കും ഒരു സ്റ്റാർട്ടപ്പല്ല 

പെട്ടെന്ന് പൊട്ടിമുളച്ച ഒരു പ്രസ്ഥാനമല്ല ജിയോ. ഒരു കുടുംബ പ്രശ്നത്തിൽ നിന്നുയർന്ന കമ്പനിയെന്ന ചരിത്രവും ജിയോയ്ക്കുണ്ട് 2002ൽ ധീരുഭായ് അംബാനിയുടെ നിര്യാണത്തോടെ അംബാനി സഹോദരൻമാർ തമ്മിൽ അധികാരത്തർക്കം നടക്കുകയും അവസാനം മാതാവ് കോകില ബെന്നിന്റെ ആശിർവാദത്തോടെ കമ്പനി രണ്ടായി മാറുകയും ചെയ്തു. അനിൽ അംബാനിക്ക് ടെലികോം, ഊർജ്ജം വിനോദം, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ ചുമതലയും മുകേഷ് അംബാനിക്ക് റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഐപിസിഎല്ലിന്റെയും ചുമതലയും ലഭിച്ചു.  

യഥാർഥത്തിൽ റിലയൻസ് മൊബൈലുകളുടെ 2000ലുണ്ടായ വിപ്ലവത്തിന്റെ പിന്നിലുണ്ടായിരുന്നത് മുകേഷ് അംബാനിയായിരുന്നു. സാധാരണക്കാരുടെ കയ്യിൽ മൊബൈലെത്തിച്ചത് റിലയൻസിന്റെ ആ 500 രൂപ മൊബൈൽ വിപ്ലവമായിരുന്നു. ഡയറക്ടർ ബോർഡിൽ പോലുമില്ലാതിരുന്ന അനിൽ അംബാനിയുടെ കൈവശം ടെലികോം എത്തിയതോടെ മുകേഷ് അംബാനി ആ രംഗം ഉപേക്ഷിച്ചു (ഇത്തരമൊരു ഒത്തുതീർപ്പ് വ്യവസ്ഥ ഉണ്ടായിരുന്നത്രെ). 2010ൽ ആ വ്യവസ്ഥയുടെ കാലപരിധി അവസാനിച്ചു. ഇൻഫോടെല്ലിന്റെ 95 ശതമാനം നിയന്ത്രണം മുകേഷ് അംബാനി ഏറ്റെടുത്തു. 4800 കോടിരൂപയ്ക്ക് 4 ജി സ്പെക്ട്രം ലേലം അംബാനി നേടി. ജിയോ എന്ന നാമകരണം ചെയ്തപ്പെട്ട പദ്ധതിക്കായി ഫൈബർ ഒപ്ടിക് നെറ്റ്​വർക്കുകൾ രാജ്യമൊട്ടാകെ വിരിഞ്ഞു. 

ചൈനയ്ക്കുശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപഭോക്താക്കളുള്ള രാജ്യമാണ് നമ്മുടേത്. മൊബൈൽ ടെക്നോളജിയുടെ വളർച്ച മനസ്സിലാക്കി. വിത്തുപാകിയതിന്റെ ഫലമായി രൂപം കൊണ്ട ഒരു വൻ വൃക്ഷമാണ്. ബ്രിട്ടിഷ് ടെലികോം, ‍ഡച്ച് ടെലികോം, മിലികോം, എംടിഎസ്, ഓറഞ്ച്, റോഗേഴള്സ്, ടെലിയസോനെര, ടിം എന്നീ കമ്പനികളാണ് ജിയോയ്ക്ക് ഒപ്പമുള്ളത്. 80 ഓളം രാജ്യങ്ങളിൽ ഏകദേശം ഒരു ബില്യൻ ഉപഭോക്താക്കളുണ്ട് ഈ സഖ്യത്തിന്. 

രണ്ടര ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ജിയോയ്ക്കായുള്ള നിക്ഷേപം. രാജ്യത്തെ 22 ടെലികോം സർക്കിളുകളിലും 90,000 എകോ ഫ്രണ്ട്‌ലി ടവറുകളും ഏകദേശം 2,50,000 കിലോമീറ്റർ ഫൈബർ ഒപ്ടിക്സ് കേബിളുമെന്ന അടിത്തറയിലാണ് ജിയോയുടെ നിൽപ്പ്. നിലവിലെ 2ജി, 3ജി നെറ്റ്‌വർക്കുകളിൽ നിന്നാണ് മറ്റുള്ള സേവനദാതാക്കൾ 4ജി ലഭ്യമാക്കുന്നതെന്നതും നിലവിലെ കേബിളുകൾ 5 ജിയിലേക്കാൻ കോടികൾ ചിലവഴിക്കേണ്ടി വരുമെന്നതും 5 ജിയിലേക്കുള്ള ജിയോയുടെ വഴി സുഗമമാക്കുന്നു. 

ഏതായാലും പെട്ടെന്നുള്ള വരുമാനം മുകേഷ് അംബാനിയെ ബാധിക്കുന്നതേയില്ല. ഭാവിയിലേക്കുള്ള അംബാനിയുടെ പന്തയത്തുക മാത്രമാണ് രണ്ടര ലക്ഷം കോടി രൂപ. 2021 ആകുമ്പോൾ ഡിജിറ്റലാകാൻ നിർബന്ധിതരാകുന്ന ജനതയെ മുന്നിൽ കണ്ടാണ് ജിയോയുടെ കാശിറക്കലെന്ന് സാരം. മൊബൈൽ ഇന്റർനെറ്റ് മാത്രമല്ല, ലൈഫ് സ്മാർട്ഫോണുകളും ജിയോ ആപ്പുകളും ഡിജിറ്റൽ വാലറ്റുകളുമെല്ലാം ധനാഗമന മാർഗങ്ങളായി മാറുമെന്ന് മുകേഷ് അംബാനി മുൻകൂട്ടി കണ്ടുകഴിഞ്ഞു. 

jio-mimo

ഭാവി എന്താകും 

ഫ്രീ കഴിഞ്ഞ് സർവീസുകൾക്ക് ചാർജ് ഈടാക്കി തുടങ്ങുമ്പോൾ എന്താവും ജിയോയ്ക്ക് സംഭവിക്കുക എന്നാണ് നിരീക്ഷകർ കാത്തിരുന്നത്. പകുതിയോളം ശതമാനം ആളുകൾ ജിയോയെ വിട്ടുപോകുമെന്ന് വരെ നിരീക്ഷണ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ എല്ലാ റിപ്പോർട്ടുകളെയും വെല്ലുവിളിച്ച് ജിയോ വൻ വിജയം നേടി. നിലവിൽ 18 കോടി വരിക്കാർ ജിയോയുടെ ഏതെങ്കിലും പ്ലാനുകൾ പണം കൊടുത്ത് ഉപയോഗിക്കുന്നുണ്ട്. 4ജി നെറ്റ്‌വർക്കിന്റെ കാര്യത്തിലും ജിയോ വിജയിച്ചു. രാജ്യത്ത് 2ജി നെറ്റ്‌വർക്കിനേക്കാൾ കൂടുതൽ 4ജി നെറ്റ്‌വർക്ക് സ്ഥാപിക്കാൻ ജിയോയ്ക്ക് സാധിച്ചു. ഇന്റർകണക്ടിവിറ്റിയുടെ പേരിൽ മറ്റു കമ്പനികൾ ജിയോയുടെ തടഞ്ഞു നിർത്തിയിട്ടും ഡേറ്റാ വിപ്ലവം തടാൻ സാധിച്ചില്ല. 

ജിയോയുടെ വരവ് മറ്റു കമ്പനികളുടെയും വരുമാനത്തെ ഗണ്യമായി ബാധിച്ചു. എന്നാല്‍ വിപണിയിലെ മറ്റേതു സര്‍വീസ് പ്രൊവൈഡര്‍മാരെക്കാളും 20 ശതമാനം കൂടുതല്‍ ഡേറ്റ എപ്പോഴും തങ്ങള്‍ നൽകുമെന്ന വാഗ്ദാനം പാലിക്കാനും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് കോളുകള്‍ റൂട്ട് ചെയ്യാനുള്ള ഇന്റര്‍കണക്റ്റ് പോയിന്റുകള്‍ വേണ്ടവിധത്തിൽ ഉപയോഗിക്കാനും കഴിഞ്ഞാൽ ജിയോയുടെ അധീശത്വം തുടരുക തന്നെ ചെയ്യും. 

jio-network

ജിയോ ബ്രോഡ്ബാൻഡ് വിപ്ലവം സൃഷ്ടിക്കുമോ? 

ഡേറ്റാ മേഖലയിൽ പൂർണവിജയം നേടിയ റിലയൻസ് ജിയോയുടെ അടുത്ത ലക്ഷ്യം ബ്രോഡ്ബാൻഡും ഫോൺ വിപണിയുമാണ്. രാജ്യത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന വിപണിയാണ് മൊബൈൽ. ഈ മേഖല കൂടി പിടിച്ചടക്കാൻ ലക്ഷ്യമിട്ടാണ് ജിയോ ഫോണിന്റെ രണ്ടാം പതിപ്പും അവതരിപ്പിച്ചത്. ഫീച്ചർ ഫോണുകളിലും 4ജി വന്നതോടെ സാധാരണക്കാരെല്ലാം ജിയോയ്ക്കൊപ്പം ചേർന്നു. ജിയോഫോണിൽ മറ്റു കമ്പനികളുടെ സിമ്മുകൾക്ക് സ്ഥാനമില്ല. അതെ, ഇത് ചരിത്രത്തിൽ ജിയോ വിപ്ലവം എന്നു രേഖപ്പെടുത്തും. ഇന്ത്യയിലെ കളിക്കളത്തിൽ ജിയോ മാത്രമാകും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.