മൊബൈൽ വരിക്കാർ തന്നെ രാജാവ്, പുതിയ നിലപാടുമായി ട്രായ്

ടെലികോം കമ്പനികൾ ശേഖരിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളിൽ അവർക്ക് അധികാരമില്ലെന്നും ഉപയോക്താവിന്‍റെ അനുമതി കൈമാറ്റത്തിന് നിർബന്ധമാണെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ടെലികോം ഉപയോക്താക്കളാണ് ഡേറ്റയുടെ ശരിയായ ഉടമസ്ഥരെന്നും മറ്റുള്ളവരെല്ലാം കേവലം സൂക്ഷിപ്പുകാർ മാത്രമാണെന്നും ട്രായ് ചെയർമാൻ ആർഎസ് ശർമ പറ‍ഞ്ഞു. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നും ട്രായ് വിലയിരുത്തി.

ഡേറ്റയുടെ ഉടമസ്ഥാവകാശം, സ്വകാര്യത, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ സങ്കീർണമാണ്. സ്വന്തം ഡേറ്റയും വ്യക്തിഗത വിവരങ്ങളും ഉപയോക്താക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്. വ്യക്തിഗത ഡേറ്റക്കുമേൽ ഉപയോക്താക്കൾക്കു മേലുള്ള അധികാരം പരമോന്നതമാണെന്നും ഇവ കൈമാറുന്നതിന് മുൻപ് ഉപയോക്താവിന്‍റെ സമ്മതം വാങ്ങികുക എന്നത് നിർബന്ധമാണെന്നും ട്രായ് വ്യക്തമാക്കി. 

തിരഞ്ഞെടുക്കാനും നിരീക്ഷിക്കാനും സമ്മതം രേഖപ്പെടുത്താനും ഡേറ്റ പോർട്ടബിലിറ്റിക്കുമുള്ള അധികാരം ടെലികോം ഉപയോക്താക്കൾക്കുണ്ടാകണമെന്നത് ട്രായിയുടെ മുൻകാല നിലപാടാണ്. പഴയ ഡേറ്റ, ഫോട്ടോഗ്രാഫുകൾ, കോൾ റെക്കോഡുകൾ, വിഡിയോകൾ, സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ തുടങ്ങിയവ ഡിലീറ്റ് ചെയ്യാൻ ഉപയോക്താവിന് അധികാരം നൽകുന്ന, റൈറ്റ് ടു ഫോർഗറ്റ് ആണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിർദേശം.