46,000 കോടി കടം വീട്ടാൻ ആർകോം സ്പെക്ട്രം വിൽക്കും; വാങ്ങുന്നത് ജിയോ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് നിലവിലെ കടങ്ങൾ വീട്ടാൻ പുതിയ വഴി തേടുകയാണ്. റിലയൻസ് ജിയോ വന്നതോടെയാണ് വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ആർകോം പ്രതിസന്ധിയിലായത്. ഇതോടെ 46,000 കോടി രൂപയുടെ കടം വീട്ടാൻ അനിൽ അംബാനിയുടെ ആർകോം വഴിതേടാൻ തുടങ്ങുകയായിരുന്നു. ഏറ്റവും അവസാനമായി, കടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി റിലയൻസ് കമ്മ്യൂണിക്കേഷൻസ് സ്പെക്ട്രം വില്‍പ്പനക്ക് ഒരുങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ആര്‍കോമിന്റെ 800 എംഎച്ച് ഇസെഡ് ബാൻഡിലുള്ള 65 എംഎച്ച്ഇസെഡ് സ്പെക്ട്രമാണ് റിലയൻസ് ജിയോയ്ക്ക് കൈമാറുക. 3,500 –3,700 കോടി രൂപക്കാകും കൈമാറ്റം. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഇരു കമ്പനികളും ഒപ്പിട്ടതായി റിലയൻസ് കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കി. 22 സർക്കിളുകളിലെ സ്പെക്ര്ടമാണ് കൈമാറ്റം ചെയ്യുക.  എത്ര രൂപയ്ക്കാണ് കൈമാറ്റം നടക്കുന്നതെന്ന് വ്യക്തമാക്കാൻ ഇരു കമ്പനികളും തയ്യാറായിട്ടില്ലെങ്കിലും 3,500–3,700 കോടി രൂപയുടെ കൈമാറ്റമാണ് നടക്കുകയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

വിപണിയിലെ ശക്തമായ മത്സരത്തെ തുടർന്ന് വയർലെസ് വിതരണ മേഖലയിൽ നിന്നും റിലയൻസ് കമ്മ്യൂണിക്കേഷൻസ് പിൻവാങ്ങിയിരുന്നു. 46,000 കോടി രൂപയുടെ കടമാണ് കമ്പനിക്കുള്ളത്. ഇതേ ബാൻഡിൽ തന്നെ 122 എംഎച്ച്ഇസെഡ് സ്പെക്ട്രം ജിയോയ്ക്ക് വിൽക്കാൻ നേരത്തെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു. ഇതുകൂടാതെയാണ് പുതിയ സ്പെക്ട്രം വിൽപ്പന. വയർലെസ് വസ്തുവഹകൾ ജിയോയ്ക്ക് കൈമാറുന്നതിലൂടെ 18,000 കോടി രൂപ സമാഹരിക്കാമെന്നാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസിന്‍റെ പ്രതീക്ഷ.