ജൂണിൽ‌ മാത്രം റിലയൻസ് ജിയോ നേടിയത് 97 ലക്ഷം ഉപയോക്താക്കളെ

ടെലികോം മേഖലയെ തന്നെ മാറ്റിമറിച്ച റിലയൻസ് ജിയോ ജൂൺ മാസത്തിൽ സ്വന്തമാക്കിയത് 97 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കള്‍. 63 ലക്ഷത്തിലധികം പുതിയ വരിക്കാരെ നേടിയ ഐഡിയ സെല്ലുലാർ ആണ് രണ്ടാം സ്ഥാനത്ത്. ടെലികോം സേവന മേഖലയിലെ ശക്തമായ സാന്നിധ്യമായ എയർടെല്ലിന് കേവലം 10,689 പുതിയ കണക്ഷനുകളാണ് ഇക്കാലയളവിൽ ലഭിച്ചത്. വോഡഫോണിന് 2.75 ലക്ഷം പുതിയ വരിക്കാരെയും ബിഎസ്എൻഎല്ലിന് 2.44 ലക്ഷം പുതിയ വരിക്കാരെയും ലഭിച്ചു. ട്രായ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്.

രാജ്യത്തെ ടെലിഫോൺ ഉപയോക്താക്കളുടെ കാര്യത്തിലും ഗണ്യമായ വർധനവാണ് ജൂൺ മാസത്തിലുണ്ടായത്. മെയ് അവസാനം 115.35 കോടി ആയിരുന്ന ഉപയോക്താക്കളുടെ സംഖ്യ ജൂണിൽ 116.88 കോടിയായി ഉയർന്നു. മൊബൈൽ ഉപയോക്താക്കളുടെ കാര്യത്തിൽ 1.55 കോടിയുടെ വർധവാണ് രേഖപ്പെടുത്തിയത്. 114.65 കോടി മൊബൈൽ ഉപയോക്താക്കളാണ് ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തുള്ളത്. മെയിൽ 43.2 കോടിയായിരുന്ന ബ്രോഡ് ബാൻഡ് ഉപയോക്താക്കളുടെ സംഖ്യ ജൂണിൽ 44.71 കോടിയായി ഉയർന്നു. ഇതിൽ 96 ശതമാനവും മൊബൈൽ ഉപയോക്താക്കളാണ്.