സെക്കന്‍ഡ്ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ വെബ്‌സൈറ്റ്

ഇ ബേയ്ക്ക് (eBay) ഒപ്പം ഇ ബേ ഡോട് ഇന്‍ (ebay.in) എന്ന വെബ്‌സൈറ്റിലൂടെ, ഉപയോഗിച്ച സാധനങ്ങള്‍ വിറ്റ് ആര്‍ജ്ജിച്ച പരിചയവുമായാണ് ഫ്‌ളിപ്കാര്‍ട്ട് സെക്കന്‍ഡ്ഹാന്‍ഡ് മാര്‍ക്കറ്റില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങുന്നത്. വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തതിനു ശേഷം, ഇ ബേ ഫ്‌ളിപ്കാര്‍ട്ടുമായി ഉണ്ടാക്കിയ കരാറില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു.

2GUD.com എന്നാണ് ഇന്നലെ കമ്പനി അവതരിപ്പിച്ച വെബ്‌സൈറ്റിന്റെ പേര്. ഇതു തൽക്കാലം മൊബൈല്‍ ബ്രൗസറുകളില്‍ മാത്രമേ ലഭ്യമാകൂ. താമസിയാതെ ടൂഗുഡിന് സ്വന്തമായി ആപ്പും ഡെസ്‌ക്ടോപ് വെബ്‌സൈറ്റും ലഭ്യമാക്കും. ഇപ്പോൾ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലറ്റ്‌, ഇലക്ട്രോണിക് അക്‌സസറീസ് തുടങ്ങിയവയാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. മറ്റ് ഉപകരണങ്ങൾ പിന്നീട് വില്‍പനയ്‌ക്കെത്തും. പുതിയ ഉപകരണങ്ങളേക്കാള്‍ 50 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവിലാകും വിൽപന. ഉപകരണത്തിന്റെ പഴക്കവും അവസ്ഥയും കണക്കിലെടുത്താവും വില.

ഇന്ത്യയിലെ രണ്ടാം നിര ഉപയോക്താക്കളിലേക്കും അതിനപ്പുറത്തേക്കും എത്തിപ്പെടാനുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ ശ്രമം കൂടിയായാണ് പുതിയ വെബ്‌സൈറ്റിനെ ബിസിനസ് റിപ്പോര്‍ട്ടര്‍മാര്‍ കാണുന്നത്. ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ സെക്കന്‍ഡ്ഹാന്‍ഡ് വില്‍പനശാലയായിരിക്കും ടൂഗുഡ് എന്നാണു കമ്പനിയുടെ വിലയിരുത്തൽ. ഇത്തരം സാധനങ്ങളുടെ വില്‍പന ഇന്ത്യയില്‍ ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും ഫ്‌ളിപ്കാര്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇത്തരം വില്‍പനക്കാരിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാൻ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ ബേ ഡോട് ഇന്‍ വെബ്‌സൈറ്റിന്റെ ആരംഭശൂരത്വം പിന്നീട് തുടരാനായില്ല എന്നതാണ് അതിനു വിനയായത്. ഇത്തരം പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും പുതിയ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം. ഇ ബേ ടീമിലുണ്ടായിരുന്ന പലരെയും ഉള്‍ക്കൊള്ളിച്ചു തന്നെയാണ് ടൂഗുഡ് ടീമിനെയും വാര്‍ത്തെടുത്തിരിക്കുന്നത്. ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങി പുതുക്കിയ (refurbish) ശേഷമായിരിക്കും വില്‍പനയ്ക്കു വയ്ക്കുക. ഇതിനു ഫ്‌ളിപ്കാര്‍ട്ടിന്റെ സ്വന്തം ''F1 ഇന്‍ഫോ സര്‍വീസസി'ന്റെ സേവനങ്ങളോ മൂന്നാം കക്ഷികളുടെ സേവനങ്ങളോ ഉപയോഗപ്പെടുത്തും. വാങ്ങിയ ശേഷം മൂന്നു മുതല്‍ പന്ത്രണ്ടു മാസം വരെ വാറന്റി കൊടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

സെഫോ പോലുള്ള സെക്കന്‍ഡ്ഹാന്‍ഡ് വില്‍പനശാലകള്‍ക്ക് ശക്തനായ എതിരാളിയാകും ടൂഗുഡ് എന്നാണ് പ്രതീക്ഷ. ഉപയോഗിച്ച പുസ്തകങ്ങളും മറ്റും ആമസോണ്‍ ഡോട് ഇന്‍ പ്രധാന വെബ്‌സൈറ്റില്‍ വിൽക്കുന്നുണ്ട്.