ജിയോ ടിവി കേബിളുകാർക്ക് വെല്ലുവിളി; പിടിച്ചടക്കി റെക്കോർഡ് റജിസ്ട്രേഷൻ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനം വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 15 ന് തുടങ്ങിയ റജിസ്ട്രേഷൻ റെക്കോർഡിലെത്തി. രാജ്യത്തെ 900 നഗരങ്ങളിൽ നിന്ന് റജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും കണക്ടിവിറ്റി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ജിയോ. ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ആദ്യ ഘട്ടത്തിൽ 1,100 നഗരങ്ങളിൽ കണക്ടിവിറ്റി ലഭ്യമാക്കണമെന്നതാണ് ജിയോ ലക്ഷ്യം. ഇതിൽ കേവലം 15 ദിവസം കൊണ്ട് 900 നഗരങ്ങളിൽ നിന്ന് റജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട്. പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകളുമായി ചേര്‍ന്ന് കണക്ടിവിറ്റി ലഭ്യമാക്കാനും നീക്കം നടക്കുന്നുണ്ട്.

'ആമസോണ്‍ഡ്' ഭീതിയിൽ കമ്പനികൾ

വമ്പന്‍ കമ്പനികള്‍ ചെറിയ കമ്പനികളെ വിഴുങ്ങുന്ന രീതി ആഗോളതലത്തിലും ഇന്ത്യയിലുമുണ്ട്. തുടക്കത്തിലെങ്കിലും ഇത്തരം നീക്കങ്ങളുടെ ഗുണഭോക്താവ് സാധാരണക്കാരനാണ്. ഇത്തരം വിഴുങ്ങലുകള്‍ക്ക് വിദേശ മീഡിയ നല്‍കുന്ന പേരാണ് 'ആമസോണ്‍ഡ്' (Amazoned). ഒരു ചെറു കമ്പനിയെ ആമസോണ്‍ ഏറ്റെടുക്കുമ്പോള്‍ അവര്‍ ഉപയോഗിക്കുന്ന വാക്കാണ് ആമസോണ്‍ഡ് എന്നത്. ഇതാകട്ടെ, എതിരാളികള്‍ക്കിടിയില്‍ പരിഭ്രാന്തി പടര്‍ത്തുകയും ചെയ്യുന്നു. ഇത്തരം വലിയ കമ്പനികള്‍ പുതിയ മേഖലകളിലേക്ക് രംഗപ്രവേശനം ചെയ്യുന്നതോടെ, നിലവിലുള്ള ചെറുകിട കമ്പനികളുടെ ഷെയറുകളുടെ വിലയും ഇടിയും. ഈ രീതിക്ക് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും രാജ്യാന്തര തലത്തില്‍ കാണാനാകും. ഭക്ഷ്യ വ്യവസായത്തിലേക്ക് ആമസോണ്‍ പ്രവേശിക്കുന്നത് 2017ല്‍, ഹോള്‍ ഫൂഡ്‌സിനെ (Whole Foods) ഏറ്റെടുത്തുകൊണ്ടാണ്. ഇതോടെ, ഈ വ്യവസായത്തിലുണ്ടായിരുന്ന വാള്‍മാര്‍ട്ട് അടക്കമുള്ള കമ്പനികളുടെ ഷെയറുകള്‍ ഇടിഞ്ഞു. ആമസോണിന്റെ കയ്യിലുള്ള കാശിനെക്കുറിച്ചുള്ള ഭീതിയാണ് എതിരാളികളുടെ ഷെയറുകള്‍ കൈവിടാന്‍ പ്രേരിപ്പിക്കുന്ന കാര്യം.

സമാനമാണ് ഇന്ത്യയില്‍ റിലയന്‍സ് ടെലികോം വ്യവസായത്തിലേക്കു കടന്നുവന്നപ്പോള്‍ ഉണ്ടായ സാഹചര്യം. ജിയോ ഗിഗാഫൈബറിലൂടെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനി തീരുമാനിക്കുമ്പോള്‍ എതിരാളികള്‍ വിറച്ചിരിക്കുകയാണ്. കേബിള്‍ ടിവിയും അദ്ദേഹത്തിന്റെ ബ്രോഡ്ബാന്‍ഡിലൂടെ എത്തിക്കുമെന്ന് സൂചനയുണ്ട്. ഇതോടെ ഡെന്‍ നെറ്റ്‌വര്‍ക്‌സ്, സിറ്റി കേബിള്‍, ഹാത്‌വെ കേബിള്‍ തുടങ്ങിയ കമ്പനികളുടെ ഷെയറുകള്‍ രണ്ടു മാസത്തിനിടെ യഥാക്രമം 25.5 ശതമാനം, 16 ശതമാനം, 8 ശതമാനം വീതം ഇടിഞ്ഞു. ജിയോ എത്തുന്നുവെന്ന ചിന്ത പോലും എതിരാളികളെ വെപ്രാളം പിടിപ്പിച്ചിരിക്കുകയാണ്.

എതിരാളികള്‍ ജിയോ നല്‍കുന്ന നിരക്കിലോ, അതില്‍ താഴ്ത്തിയോ നല്‍കിയാല്‍ മാത്രമെ പിടിച്ചു നില്‍ക്കൂവെന്നു വരുമ്പോള്‍ പല ചെറുകിട കമ്പനികള്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. ഇതു കാണുമ്പോള്‍ വിദേശ വിപണികളില്‍ ആമസോണ്‍ എത്തി വില കുറച്ചു വിറ്റ് എതിരാളികളെ കെട്ടു കെട്ടിക്കുന്ന സാഹചര്യമാണ് ബിസിനസ് റപ്പോര്‍ട്ടര്‍മാര്‍ക്ക് ഓര്‍മവരുന്നത്. ജിയോയുടെ കയ്യിലുള്ള പണം എതിരാളികളെ ഭയപ്പെടുത്തുന്നു.

വെള്ളിടി പോലെ എത്തി മൊബൈല്‍ കോള്‍-ഡേറ്റാ സേവനങ്ങള്‍ മാറ്റി മറിച്ച കാമ്പനിയെ എങ്ങനെ ഭയക്കാതിരിക്കും. തുടങ്ങി ഒറ്റ മാസം കൊണ്ടാണ് അവര്‍ ഒരു കോടി 60 ലക്ഷം വരിക്കാരെ പിടിച്ചത്. ഇപ്പോള്‍ അത് 186.6 മില്ല്യന്‍ ആയിരിക്കുന്നു. വ്യവസായത്തിന്റെ 20 ശതമാനവും അവര്‍ കൈക്കലാക്കി. ഇന്ത്യന്‍ വ്യവസായ രംഗം മുൻപ് കണ്ടിട്ടില്ലാത്ത തരം ഒരു മുന്നേറ്റമാണ് ജിയോ കാഴ്ചവച്ചത്. ജിയോയുടെ എതിരാളികളുടെ കമ്പനികളുടെ ഷെയര്‍ ഉടമകളില്‍ ഇതു പേടി വളര്‍ത്തി.

ജിയോയുടെ അടുത്ത ലക്ഷ്യം ഒരു ജിയോ പരിസ്ഥിതി (Jio ecosystem) ഇന്ത്യയില്‍ സൃഷ്ടിക്കാനാണെന്നു പറയുന്നു. സ്മാര്‍ട് ടിവി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ജിയോ ഫൈബര്‍ (1,100 നഗരങ്ങളില്‍) എന്നിവയാണ് ജിയോ ഉടനടി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. കുറഞ്ഞത് അഞ്ചു കോടി ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. റീട്ടെയിൽ സെക്ടര്‍, ഓണ്‍ലൈന്‍ വ്യാപാരം, ബാങ്കിങ് തുടങ്ങി ജിയോയ്ക്ക് താത്പര്യമില്ലാത്ത മേഖലകള്‍ കണ്ടുപിടിക്കാന്‍ വിഷമമായിരിക്കും.

എതിരാളികള്‍ക്ക് ഇതൊന്നും നല്ല വാര്‍ത്തയല്ല. എന്നാല്‍ ആദ്യ കാലത്തെങ്കിലും ഇത് ഉപയോക്താവിന് സന്തോഷം പകരുന്ന കാര്യമായിരിക്കും. ഇപ്പോള്‍ ആസ്വദിക്കുന്നതിനെക്കാള്‍ കൂടുതല്‍ നല്ല സേവനങ്ങള്‍ വില കുറച്ച് ആസ്വദിക്കാം എന്നതായിരിക്കും അവര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത. എന്നാല്‍ ഏതെങ്കിലു കമ്പനിയുടെ ഏകാധിപത്യത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത് വരും കാലങ്ങളില്‍ ഉപയോക്താക്കള്‍ക്കു വിനയാകാനും സാധ്യതയുണ്ട്.