വിദ്യാർഥി ‘സെക്സിറ്റിങ്’; സ്കൂളിൽ സ്മാർട് ഫോൺ നിരോധിച്ച് ഫ്രാൻസ്

സ്മാര്‍ട് ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇവയുടെ മായികവലയത്തില്‍ വളരെ വേഗം കുട്ടികളും പെട്ടുപോകാറുണ്ട്. കുട്ടികളുടെ മാനസിക വളര്‍ച്ചയേയും സ്വഭാവ രൂപീകരണത്തെ പോലും സ്മാര്‍ട് ഫോണുകള്‍ സ്വാധീനിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സ്‌കൂളുകളിൽ സ്മാര്‍ട് ഫോണ്‍ നിരോധിച്ചിരിക്കുകയാണ് ഫ്രാന്‍സ്. വിദ്യാർഥികൾക്കിടയിലെ സെക്സ്റ്റിങ് കൂടിയതായും പഠനങ്ങൾ തെളിയിക്കുന്നു. 

പതിനഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ സ്മാര്‍ട് ഫോണ്‍ കൊണ്ടുവരാനാകില്ലെന്ന നിയമമാണ് ഫ്രാന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ഫോണില്‍ നോക്കിയിരിക്കാതെ സ്‌കൂളില്‍ ശ്രദ്ധിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാനാണ് പുതിയ നീക്കമെന്നാണ് ഫ്രാന്‍സ് വിദ്യാഭ്യാസ മന്ത്രി ഷോണ്‍ മൈക്കല്‍ ബ്ലാക്കര്‍ പറഞ്ഞത്. 

ക്ലാസ് റൂമുകളില്‍ മാത്രമല്ല 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണ്‍ സ്‌കൂളിനകത്തേക്ക് പോലും കൊണ്ടുവരാന്‍ അനുവാദമില്ല. ഇത് കുട്ടികള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുമെന്നാണ് നിയമനിര്‍മാതാക്കളുടെ പ്രതീക്ഷ. ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ ക്ലാസില്‍ കൊണ്ടുവന്ന് ശ്രദ്ധനേടുന്ന മോശംപ്രവണതയും ഇതോടെ അവസാനിക്കുമെന്നും ഇവര്‍ കരുതുന്നു. മാത്രമല്ല വിദ്യാര്‍ഥികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ കളിയാക്കലുകള്‍ക്കും സെക്സ്റ്റിങ്ങുകള്‍ക്കും കുറവുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. 

നിലവില്‍ ഇന്ത്യയില്‍ കുട്ടികള്‍ സ്മാര്‍ട് ഫോണുകള്‍ സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്നതില്‍ നിയമപരമായി നിരോധനമില്ല. അതേസമയം, പല സ്‌കൂളുകളും കുട്ടികളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ് മാതൃകയിലുള്ള നിയമം ഏറെ വൈകാതെ നമ്മുടെ രാജ്യത്തും വരേണ്ടിവരുമെന്നാണ് കുട്ടികളിലെ വര്‍ധിച്ചുവരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗം സൂചന നല്‍കുന്നത്.