ജിയോ റീചാർജ് നിരക്കിൽ വൻ ഓഫർ, രണ്ടാം പിറന്നാളിന് 100 രൂപ ഇളവ്

രാജ്യത്തെ മു‍ന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ മറ്റൊരു വൻ ഓഫറുമായി രംഗത്ത്. രണ്ടാം പിറന്നാളിന്റെ പേരിൽ തുടങ്ങിയ പ്ലാൻ പ്രകാരം 100 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി ലഭിക്കും. പ്രീപെയ്ഡ് വരിക്കാർക്കാണ് ഓഫർ ലഭിക്കുക. 

ഡിജിറ്റൽ പെയ്മെന്റ് പോർട്ടലായ ഫോൺപെയുമായി ചേർന്നാണ് ജിയോ ഓഫർ നല്‍കുന്നത്. 399 രൂപയുടെ പ്ലാൻ ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റന്റ് ഇളവായി അക്കൗണ്ടിൽ വരും. അതായത് 399 രൂപയുടെ പ്ലാനിന് കേവലം 299 രൂപ മാത്രമാണ് പ്രീപെയ്ഡ് വരിക്കാർക്ക് നല്‍കേണ്ടിവരിക.

50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോൺപേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാർജുകൾക്ക് ഉപയോഗിക്കാനാകും. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫർ ലഭിക്കുക. 399 രൂപ പ്ലാനിൽ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ നിരക്കില്‍ 126 ജിബി ഡേറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ് എന്നിവയും കിട്ടും.