വിലയിൽ ഷവോമിയെ വീഴ്ത്തി തോംസൺ; 55 ഇഞ്ച് ടിവിയ്ക്ക് കുറഞ്ഞ വില

രാജ്യത്തെ മുൻനിര സ്മാർട് ടിവി വിതരണക്കാരായ ഫ്രഞ്ച് കമ്പനി തോംസണിന്റെ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിച്ചു. 55 ഇഞ്ച്, 50 ഇഞ്ച് 4കെ സ്മാർട് ടിവികളാണ് കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു ഇടവേളക്കു ശേഷം ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയ തോംസണിന്റെ സ്മാർട് ടിവികൾക്ക് വന്‍ ജനപ്രീതിയാണ്. ഫ്ലിപ്കാർട്ട് വഴി വിറ്റുപോകുന്ന മികച്ച സ്മാർട് ടിവി ബ്രാൻഡുകളിലൊന്നാണ് തോംസൺ

തോംസണിന്റെ പുതിയ 4കെ സ്മാർട് ടിവികളുടെ വില തുടങ്ങുന്നത് 33,999 രൂപയിലാണ്. ഫ്ലിപ്കാർട് വഴി സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 12 ന് ആദ്യ വിൽപന നടക്കും. പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വിപണിയിലെത്തിയ തോംസൺ വിലക്കുറവിലൂടെ സ്മാർട് ടിവി കച്ചവടം പിടിക്കാനാണ് നീക്കം നടത്തുന്നത്.

നിരവധി ഫീച്ചറുകളും ആപ്ലിക്കേഷനുകളും ലൈവ് ടിവിയും ഓഫർ ചെയ്യുന്ന 50, 55 ഇഞ്ച് സ്മാർട് ടിവികളുടെ ഏറ്റവും വലിയ പ്രത്യേകത സാംസങ്ങിന്റെ ഡിസ്പ്ലെ പാനലുകൾ തന്നെയാണ്. 16:9 അനുപാതത്തിലുള്ള സ്ക്രീനിന്റെ പരമാവധി പിക്സൽ 840 x 2160 ആണ്.

1 ജിബി റാം, 8 ജിബി സ്റ്റോറേജ്, ആൻഡ്രോയിഡ് 5.1 ഒഎസിലെ മൈവാൾ (നെറ്റ് ഫ്ലിക്സ്, യുട്യൂബ്, ഫെയ്സ്ബുക്, ജിമെയിൽ, ഹോട്സ്റ്റാർ, ഫ്ലിപ്കാർട്ട്, വിഎൽസി എന്നിവ മൈവാളിൽ കാണാം. 20 വാട്ട് സ്പീക്കർ, എവി, 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, എസ്ഡി കാർഡ് സ്ലോട്ട് എന്നീ ഫീച്ചറുകളും ലഭ്യമാണ്.

ഇന്ത്യയിലെ സ്മാർട് ടിവി വിപണി കൂടുതൽ സജീവമാകുകയാണ്. ചൈനീസ് കമ്പനി ഷവോമി എംഐ ടിവി തുടങ്ങിവെച്ച സ്മാർട് ടിവി വെല്ലുവിളി തോംസൺ ടിവി കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഷവോമിയേക്കാൾ വിലകുറച്ച് സ്മാർട് ടിവികൾ വിപണിയിലെത്തിക്കുകയാണ് തോംസൺ. ടെലിവിഷൻ നിർമാണ മേഖലയിൽ പേരുകേട്ട കമ്പനിയാണ് തോംസൺ. ഫ്ലിപ്കാർട്ട് വഴിയും തോംസണിന്റെ ഔദ്യോഗിക ഷോറൂമുകളിലും റീട്ടെയിലർമാർ വഴിയും സ്മാർട് ടിവികൾ വാങ്ങാം.

ബോളിവുഡ് വിഡിയോകൾ, ടെന്റിങ് മ്യൂസിക്, ക്രിക്കറ്റ് മൽസരങ്ങൾ എല്ലാം മൈവോൾ വഴി ആസ്വദിക്കാം. സൊമാറ്റോ, ഹോട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, യുട്യൂബ് തുടങ്ങി ആപ്പുകൾ വഴി ഇഷ്ടപ്പെട്ട വിഡിയോകളും സിനിമികളും ചാനലുകളും കാണാം. ഇതോടൊപ്പം ഇന്ത്യയിലെ പ്രാദേശിക ചാനലുകളും റേഡിയോ സ്റ്റേഷനുകളും മൈവോൾ വഴി ലഭ്യമാക്കും.