ഫ്ലിപ്കാർട്ടിന്‍റെ ഇഎംഐ കുരുക്ക്: നൽകേണ്ട മുഴുവൻ പണവും ഒറ്റതവണയായി പിൻവലിച്ചു

വലിയ സംഖ്യ ആദ്യ ഘട്ടത്തിൽ തന്നെ മുടക്കാതെ 'കൊക്കിലൊതുങ്ങുന്ന' തുകക്ക് ഷോപ്പിങ് നടത്താമെന്ന ആശ്വാസത്തിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ ഓർഡറിനെ തുടർന്ന് അക്കൗണ്ടില്‍ നിന്നും വാങ്ങിയ സാധനത്തിന്റെ മുഴുവൻ തുകയും പിൻവലിക്കപ്പെട്ടാൽ ഉപയോക്താവ് കുഴയും. പ്രമുഖ ഇ കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ ഫോൺ ഓർഡർ ചെയ്ത ഉപയോക്താവിന് നേരിടേണ്ടി വന്നത് ഈ ചതിയാണ്.

1. ഡെബിറ്റ് കാർഡിൽ നിന്നും മുഴുവൻ തുകയും പിൻവലിച്ചതായി വന്ന സന്ദേശം. 2. റീഫണ്ട് അംഗീകരിച്ചതായുള്ള സന്ദേശം. 3. ഉൽപന്നത്തിന്റെ ഫ്ലിപ്കാർട്ടിലെ ഇഎംഐ വിശദാംശങ്ങൾ.

വിവിധ സാധനസാമഗ്രികൾ വാങ്ങുമ്പോൾ തവണ വ്യവസ്ഥയിൽ പണം അടയ്ക്കാനുള്ള സൗകര്യം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രതിമാസം തവണ വ്യവസ്ഥയിൽ പണം അടയ്ക്കാനുള്ള സൗകര്യം (ഇഎംഐ) ഇന്ന് മിക്ക ഓൺലൈൻ സൈറ്റുകളിലും ഉണ്ട്. മുഴുവൻ പണവും മുടക്കാതെ തന്നെ ഇഷ്ടവസ്തു സ്വന്തമാക്കാം എന്നാണ് ഉപയോക്താവിനെ ഇതിലേക്കു ആകർഷിക്കുന്ന പ്രധാന ഘടകം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നവർക്കു മാത്രമേ ഇഎംഐ സംവിധാനം ആദ്യ ഘട്ടങ്ങളിൽ ലഭ്യമായിരുന്നുള്ളുവെങ്കിൽ ഇന്നു മിക്ക ഇ–കൊമേഴ്സ് സൈറ്റുകളും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും തവണ വ്യവസ്ഥയിൽ പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്.

റെഡ് മി നോട്ട് 5 ഫോണിനായാണ് കോട്ടയത്തുള്ള യുവാവ് ഓർഡർ നൽകിയത്. പ്രതിമാസം 1,667 രൂപ എന്ന കണക്കിൽ ഒമ്പതു മാസം കൊണ്ട് 14,999 രൂപ അടയ്ക്കാം എന്ന വ്യവസ്ഥക്കനുസരിച്ചായിരുന്നു ഓർഡർ. എന്നാൽ ഓർഡർ പൂർത്തിയാക്കിയ ഉടൻ തന്നെ യുവാവിന്‍റെ അക്കൗണ്ടിൽ നിന്നും ഫോണിന്‍റെ വിലയും ഇഎംഐ പലിശയും ഉള്‍പ്പെടെയുള്ള മുഴുവൻ തുകയും പിൻവലിക്കപ്പെട്ടു. ഇഎംഐ പ്രകാരം ഓരോ മാസത്തെയും തുക അടയ്ക്കുമ്പോൾ അത് ഉപയോക്താവിന്‍റെ അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ഫ്ലിപ്കാർട്ട് അധികൃതർ നൽകിയ മറുപടി.

ഫോണിന്‍റെ വിലയും പലിശയും ഒറ്റ തവണയായി പിൻവലിക്കപ്പെട്ട സാഹചര്യത്തിൽ എന്തിനാണ് മാസ ഗഡുവായി പണം അടയ്ക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ഓർഡർ റദ്ദാക്കി. ഓർഡർ റദ്ദാക്കി 24 മണിക്കൂർ കഴിഞ്ഞപ്പോൾ അക്കൗണ്ടിൽ നിന്നും പിൻവലിച്ച തുക റീഫണ്ടാകുകയും ചെയ്തു.

ഡെബിറ്റ് കാർഡ് ഇഎംഐ സേവനം ഉപയോഗിക്കാൻ ഡൗൺ പേയ്മെന്‍റ് ഒന്നും തന്നെയില്ല. ഒരു ഉപയോക്താവ് ഓർഡർ പൂർത്തിയാക്കിയാൽ നാലു മുതൽ ഏഴു പ്രവർത്തന ദിവസങ്ങൾക്കകം ബന്ധപ്പെട്ട ബാങ്ക് അത് തവണ വ്യവസ്ഥയിലാക്കി മാറ്റുമെന്നും ഓരോ മാസവും പലിശയടക്കം പിൻവലിക്കപ്പെടുന്ന പണം ഡെബിറ്റ് കാർഡ് സ്റ്റേറ്റ്മെന്‍റിലൂടെ അറിയാനാകുമെന്നുമാണ് ഇതു സംബന്ധിച്ച് ഫ്ലിപ്കാർട്ട് സൈറ്റിൽ നൽകിയിരിക്കുന്ന വിവരം.

ഡെബിറ്റ് കാർഡ് ഇഎംഐ സേവനം ഉപയോഗിക്കുമ്പോൾ അക്കൗണ്ടിൽ നിശ്ചിത തുക വേണമെന്ന വ്യവസ്ഥയില്ല. എന്നാൽ ഓരോ മാസത്തെയും ഇഎംഐ തുക അക്കൗണ്ടിലുണ്ടെന്ന് ഉപയോക്താവ് ഉറപ്പുവരുത്തണമെന്നും ഫ്ലിപ്കാർട്ട് സൈറ്റിൽ പറയുന്നുണ്ട്.