Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓപറേഷൻ എപിടി38: കടത്തിയത് കോടിക്കണക്കിന് ഡോളര്‍

Dollars-hack-bank

ആഗോളതലത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ മോഷ്ടിച്ചതിന് പിന്നില്‍ ഉത്തരകൊറിയയില്‍ നിന്നുള്ള ഹാക്കര്‍മാരുടെ സംഘമെന്ന് ആരോപണം. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫയര്‍ഐയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ എപിടി38 എന്ന ഹാക്കര്‍ സംഘത്തിന് പങ്കുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്. ഉത്തരകൊറിയക്കും കിംജോങ് ഉന്നിനും വേണ്ടി പണം സ്വരൂപിക്കുന്ന പണിയാണ് ഈ ഹാക്കര്‍മാര്‍ക്കെന്നാണ് ഫയര്‍ഐയുടെ ആരോപണം. 

ലസാറസ് എന്ന സംഘത്തിലെ ഭാഗമാണ് എപിടി38 എന്നും ഫയര്‍ഐ വെളിപ്പെടുത്തുന്നു. ലോകത്തെ തന്നെ ഏറ്റവും അപകടകാരികളായ ഹാക്കിങ് സംഘങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫയര്‍ഐയുടെ വൈസ് പ്രസിഡന്റ് സാന്ദ്ര ജോയ്‌സാണ് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 

മാസങ്ങള്‍ തൊട്ട് വര്‍ഷങ്ങള്‍ വരെ സമയമെടുത്താണ് എപിടി38 ഓരോ ഹാക്കിങും പദ്ധതിയിടുന്നത്. ഇതിന് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായവുമുണ്ടെന്ന് കരുതപ്പെടുന്നു. ഇവര്‍ 100 കോടി ഡോളറോളം ഇത്തരത്തില്‍ ക്രമക്കേടിലൂടെ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത വിധത്തിലാണ് ഇവരുടെ ഓപറേഷനുകള്‍ പലതും നടക്കുന്നത്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കുശേഷവും ഈ ഹാക്കിങ് സംഘം സജീവമാണെന്നതിനാലാണ് ഇപ്പോള്‍ തങ്ങള്‍ മുന്നറിയിപ്പുമായെത്തുന്നതെന്നാണ് ഫയര്‍ഐ പറയുന്നത്. 

2014 മുതല്‍ ഇന്നുവരെ 11 രാജ്യങ്ങളിലെ 16 സ്ഥാപനങ്ങളില്‍ നിന്നുള്ള പണം ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ഇതില്‍ 2015ല്‍ വിയറ്റ്‌നാം ടിബി ബാങ്ക്, 2016ല്‍ ബംഗ്ലാദേശ് ബാങ്ക്, 2017ല്‍ തായ്‌വാനിലെ ഫാര്‍ ഈസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ബാങ്ക്, 2018ല്‍ ചിലിയിലെ ബാന്‍കോമെക്‌സ്റ്റ് ഓഫ് മെക്‌സിക്കോ ആന്റ് ബാന്‍കോ ബാങ്ക് എന്നിവിടങ്ങളില്‍ മോഷണങ്ങളും ഉള്‍പ്പെടുന്നു. 

സോണി പിക്‌ചേഴ്‌സിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിലും വാണക്രൈ സൈബര്‍ ആക്രമണത്തിലും പ്രതിയായ ഉത്തരകൊറിയന്‍ സ്വദേശി പാര്‍ക്ക് ജിന്‍ ഹ്യോക്കിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇത് സംബന്ധിച്ച പല വിവരങ്ങളും പുറത്തുവന്നത്. എന്നാല്‍ ഉത്തരകൊറിയന്‍ ഹാക്കിങ് സംഘത്തിലെ ചെറിയ ചുമതലകള്‍ വഹിച്ചിരുന്നയാള്‍ മാത്രമാണ് പാര്‍ക്ക് ജിന്‍ എന്നാണ് റിപ്പോർട്ട്.