ചൈനീസ് മോഡൽ നിരീക്ഷണം കേരളത്തിലും, നഗരം ക്യാമറയിലേക്ക്

രാജ്യസുരക്ഷയെ മുൻനിര്‍ത്തി ചൈനയിലെ ഒട്ടുമിക്ക നഗരങ്ങളും ഇപ്പോൾ അത്യാധുനിക ക്യാമറകളുടെ നിരീക്ഷണത്തിലാണ്. കുറ്റവാളികളെ പിടികൂടാനും മറ്റു രഹസ്യ നിരീക്ഷങ്ങൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകളാണ് നഗരങ്ങളിലെ റോഡുകളിലും തെരുവിലും ചൈനീസ് സർക്കാർ സ്ഥാപിച്ചിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയ്ക്ക് വെല്ലുവിളിയാണെങ്കിലും രാജ്യസുരക്ഷ മുൻനിർത്തിയാണ് മിക്ക രാജ്യങ്ങളിലെയും ഹെടെക് രഹസ്യ നിരീക്ഷണങ്ങൾ പ്രവർത്തിക്കുന്നത്. കേരളത്തിലും സമാനമായ രീതിയിൽ റോഡുകളിലും പട്ടണങ്ങളിലും ഹൈടെക് ക്യാമറ സംവിധാനം വരുന്നുവെന്നാണ് അറിയുന്നത്.

ക്യാമറകളിൽ പതിയുന്ന കുറ്റവാളികളെ നിർമിത ബുദ്ധിയുടെ സഹായത്തോടെ അതിവേഗം പിടികൂടാനാകുന്ന സംവിധാനമാണ് കേരളത്തിലും പരീക്ഷിക്കാന്‍ പോകുന്നത്. നിരവധി രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഈ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. പൊലീസ്, അന്വേഷണ ഉദ്യോഗസ്ഥന്റെ ഡേറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളും ക്യാമറയിലെ ദൃശ്യങ്ങളും ചേർന്നാണ് ഇത് പ്രവർത്തിക്കുക. പൊലീസ് രേഖകളിലെ ചിത്രം ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് കുറ്റവാളിയെ അതിവേഗം കണ്ടെത്താൻ സാധിക്കും.

ഇതിനായി ഐസ്ഏജ് എന്ന സോഫ്‌റ്റ്‌വെയറാണ് ഉപയോഗിക്കുക. സാവിയോ വിക്ടർ, ആര്‍. പ്രണോയി എന്നീ രണ്ട് ടെക് വിദഗ്ധർ വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയർ കേരള പൊലീസിന്റെ സൈബര്‍ ഡോം ഉപയോഗപ്പെടുത്തും. ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ നടന്ന 'കൊക്കൂണ്‍-2018'ലും ഈ ടെക്നോളജി അവതരിപ്പിച്ചിരുന്നു. പുതിയ സംവിധാനം നടപ്പിലാക്കാൻ സംസ്ഥാനത്തെ പൊലീസ് സിസ്റ്റങ്ങൾ ഹൈടെക്കിലേക്ക് മാറേണ്ടി വരും. പ്രതികളുടെ ഫോട്ടോകളും തിരിച്ചറിയൽ രേഖകളും ഡേറ്റാബേസിൽ സൂക്ഷിക്കേണ്ടിവരും. ഈ ഡേറ്റാബേസ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുമായി ബന്ധിപ്പിക്കും. കുറ്റവാളി ക്യാമറക്ക് മുന്നിലെത്തിയാൽ നിമിഷ നേരത്തിനുള്ളിൽ, നിർമിത ബുദ്ധിയുടെ സഹായത്തോടെ പിടികൂടാനാകും. കണ്ടെത്തിയ വിവരം സൈബർ ഡോമിനെ അറിയിക്കുകയും ചെയ്യും.

എഐ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുമായി എത്ര ക്യാമറകൾ വേണമെങ്കിലും ബന്ധിപ്പിക്കാം. സംവിധാനം നടപ്പിലായാൽ എല്ലാം സൈബർ ഡോമിന്റെ നിയന്ത്രണത്തിൽ വരും. കേരളത്തിൽ എവിടെ കുറ്റകൃത്യങ്ങൾ നടന്നാലും പ്രതികളെ നിമിഷ നേരത്തിനുള്ളിൽ പിടികൂടാൻ സാധിക്കും. സിസിടിവിയിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങൾ ഡേറ്റാ ബേസിൽ ഉൾപ്പെടുത്തിയാൽ പ്രതികൾ രക്ഷപ്പെട്ടാലും മറ്റു നഗരങ്ങളിൽ നിന്ന് പെട്ടെന്ന് പിടികൂടാനാകും.