Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് പൊളിച്ച് മോഷ്ടിക്കാൻ കള്ളൻമാരെ സഹായിക്കുന്നതും സിസിടിവി ക്യാമറകൾ! വിഡിയോ

cctv-

വീട്ടിലോ ഓഫീസിലോ ഒരു ക്യാമറ വെച്ചാല്‍ എല്ലാം സുരക്ഷിതമായെന്നാണ് ഇന്ന് എല്ലാവരുടേയും വിചാരം. എന്നാല്‍ ആ ക്യാമറ തന്നെ കളളന്‍മാര്‍ക്ക് വീട് പൊളിച്ച് അകത്തുകയറാന്‍ സഹായകമായാലോ. അതെ, അങ്ങനെയും സംഭവിക്കുമെന്നാണ് ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ യൂനിവേഴ്‌സിറ്റിയിലെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. 

വൈറസ് ബാധിച്ച സുരക്ഷാ ക്യാമറകളാണ് മോഷ്ടാക്കള്‍ക്ക് വഴികാണിക്കുന്നത്. ഇത്തരം ക്യാമറകളെ ഇന്‍ഫ്രാറെഡ് ലൈറ്റ് വഴി ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. എഐആര്‍ ജംബര്‍ എന്നാണ് ഈ വിദ്യയെ വിളിക്കുന്നത്. വൈറസ് ബാധിച്ച സുരക്ഷാ ക്യാമറകളിലൂടെ ഇന്‍ഫ്രാറെഡ് കിരണങ്ങളുടെ തീവ്രത നിയന്ത്രിക്കാനാകും. സുരക്ഷാക്യാമറയുടെ സിഗ്‌നലുകള്‍ ദൂരത്തിരുന്നുകൊണ്ട് തന്നെ മറ്റൊരു ക്യാമറയിലേയ്ക്ക് പിടിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കും. മാത്രമല്ല മോഷ്ടാക്കള്‍ക്ക് ക്യാമറയില്‍ ലഭ്യമാകുന്ന സിഗ്‌നലുകള്‍ റെക്കോഡ് ചെയ്യാനും പിന്നീട് അത് ഡീകോഡ് ചെയ്യാനുമുളള സംവിധാനങ്ങളുമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. എന്നാല്‍ ക്യാമറകള്‍ ഇത്തരത്തിലുളള പ്രകാശത്തോടു പെട്ടെന്ന് പ്രതികരിക്കുന്നവയാണ്. ഇത്തരത്തില്‍ എഐആര്‍ ജംബര്‍ ടെക്‌നിക്ക് വഴി സെക്യൂരിറ്റി ക്യാമറയിലൂടെ പിന്‍കോഡ്, പാസ്‌വേഡ്, മറ്റ് രഹസ്യ കോഡുകളെല്ലാം ശേഖരിച്ച് അവയെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി സുരക്ഷാ കവാടങ്ങള്‍ മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ തുറക്കാനാവും. 

പഠനവുമായി ബന്ധപ്പെട്ട രണ്ട് വിഡിയോകള്‍ ഗവേഷകര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആദ്യ വിഡിയോയില്‍ കാണിക്കുന്നത് ഒരു ക്യാമറയിലേയ്ക്ക് ഇന്‍ഫ്രാറെഡ് സിഗ്‌നലുകള്‍ കടത്തിവിടുന്നതാണ്. രണ്ടാമത്തെ വിഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നത് ക്യാമറയില്‍ നിന്നും വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതാണ്. 

ഏതായാലും സുരക്ഷാ ക്യാമറകള്‍ക്ക് ബുദ്ധിയുള്ള മോഷ്ടാക്കള്‍ക്ക് മുന്നില്‍ അത്ര സുരക്ഷിതത്വമില്ലെന്നാണ് ബെന്‍ ഗുറിയോണ്‍ യൂനിവേഴ്‌സിറ്റിയിലെ സൈബര്‍ സുരക്ഷാ വിദഗ്ദ്ധരുടെ പഠനം തെളിയിക്കുന്നത്.