മൊബൈൽ സിം എടുക്കാൻ പുതിയ നിയമം, ആധാർ ഒഴിവാക്കാനും വഴി

ആധാർ സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് മൊബൈൽ സിമ്മെടുക്കാൻ പുതിയ പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം. പുതിയ സിം അനുവദിക്കുത്തിനും പഴയത് വെരിഫൈ ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങൾ പരിഷ്കരിക്കും. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ–കെവൈസി നിർത്തലാക്കേണ്ടി വന്നതിനാലാണ് പുതിയ നീക്കവുമായി ടെലികോം മന്ത്രാലയം രംഗത്തെത്തുന്നത്.

സിം വെരിഫൈ ചെയ്യാനും തിരിച്ചറിയൽ രേഖകൾ സ്വീകരിക്കാനും ആപ്പിന്റെ സഹായം തേടും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ നടപടി ക്രമവും നടപ്പിലാക്കുന്നത്. പുതിയ കണക്‌ഷനെടുക്കാൻ വരുന്ന ഉപയോക്താവിന്റെ ഫോട്ടോ ആപ്പ് വഴി പകർത്തും. ഇതോടൊപ്പം സിം കാർഡ് നൽകുന്ന ഏജന്റ് വഴി ഒടിപി സംവിധാനവും ഉറപ്പുവരുത്തും.

പുതിയ നമ്പർ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഉപഭോക്താവിന്റെ മറ്റു ഡിജിറ്റൽ രേഖകളും ആപ്പിൽ ചേർക്കും. സിം റജിസ്റ്റ് ചെയ്യുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തും. ഇതിലൂടെ നിമിഷ നേരത്തിനുള്ളിൽ പുതിയ സിം നൽകാനാകും. ഇതോടൊപ്പം ആധാർ നൽകിയവരുടെ രേഖകൾ ഒഴിവാക്കാനും പുതിയ സംവിധാനം വഴി സാധിക്കും.