കെണിയൊരുക്കി ബാങ്കുകളുടെ വ്യാജ ആപ്പുകൾ; ഡേറ്റ കവർന്നെന്ന് സംശയം

രാജ്യത്തെ മുന്‍നിര ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകളുടെ അപരൻമാരുടെ സാന്നിധ്യം ഉപയോക്താക്കളെ വലയ്ക്കുന്നു. ബാങ്കുകളുടെ ഒറിജിനൽ ലോഗോ വരെ ഉപയോഗിച്ചുള്ള വ്യാജ ആപ്ലിക്കേഷനുകൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാകില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക് തുടങ്ങി മേഖലയിലെ മുൻപന്തിയിലുള്ള എല്ലാ ബാങ്കുകളുടെയും പേരിലുള്ള വ്യാജ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 

ഉപയോക്താക്കളുടെ നിർണായകമായ പല വിവരങ്ങളും ഈ ആപ്ലിക്കേഷനുകൾ ചോർത്തുന്നതായുള്ള ആശങ്ക ശക്തമാണ്. ആയിരകണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത ഡേറ്റ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ കവർന്നിട്ടുണ്ടാകാമെന്ന് ഐടി സുരക്ഷ മേഖലയിലെ വിദഗ്ധരായ സോഫോസ് ലാബ്സിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കളുടെ അക്കൗണ്ട് സംബന്ധമായതും ക്രെഡിറ്റ് കാർഡ് സംബന്ധവുമായ വിവരങ്ങൾ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ കവർന്നിട്ടുണ്ടാകാനാണ് സാധ്യത. ഉപയോക്താക്കളെ വഴിതെറ്റിക്കാൻ പ്രാപ്തിയുള്ള മാൾവെയറുകളിലൂടെയാണ് ഡേറ്റ കവർച്ച നടക്കുന്നത്. 

എന്നാൽ ഇത്തരത്തിലുള്ള വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ നിലവിലുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള ചില ബാങ്കുകൾ പ്രതികരിച്ചത്. ചില ബാങ്കുകളാകാട്ടെ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും കംപ്യൂട്ടർ സുരക്ഷ സംബന്ധിച്ച കേന്ദ്ര നോഡൽ ഏജൻസിക്ക് വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്‍റെ തന്നെ ഭാഗമായ സൈബർ തട്ടിപ്പു വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ടെന്ന് യെസ് ബാങ്ക് അധികൃതർ അറിയിച്ചു. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഇ–വോലറ്റ് എന്ന പ്രതീതി ജനിപ്പിച്ചോ പലിശ രഹിത വായ്പ പോലെയുള്ള സൂചനകൾ നൽകിയോയാണ് ഉപയോക്താക്കളെ ഇത്തരം ആപ്ലിക്കേഷനുകൾ ആകർഷിക്കുന്നത്. വ്യാജ ആപ്ലിക്കേഷനുകൾ ആൻഡ്രോയ്ഡിൽ പുതുമയല്ലെന്നും ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഇനിയും കടന്നുവരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മാൾവെയറുകളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന ആന്‍റിവൈറസ് സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കുകയാണ് മൊബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ മാർഗം.