കുറഞ്ഞ നിരക്കിൽ 5ജി ഫോൺ, ടെലികോം നിരക്ക് കൂട്ടില്ല: റിലയൻസ് ജിയോ

രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ പുതിയ വിപ്ലവത്തിനൊരുങ്ങുകയാണ്. വരിക്കാരുടെ എണ്ണത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ജിയോ താരിഫ് നിരക്കുകൾ കൂട്ടില്ലെന്ന് അറിയിച്ചു. രാജ്യത്ത് ഇപ്പോഴും നിരവധി പേർ ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നും ഇതിനാൽ തന്നെ നിരക്കുകൾ കൂട്ടാനാകില്ലെന്നും പിടിച്ചുനിൽക്കാൻ കമ്പനികൾ മറ്റു വഴികൾ തേടണമെന്ന് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു.

40 കോടി ഇന്ത്യക്കാർ ഇപ്പോഴും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടു തന്നെ താരിഫ് ഉയർത്താൻ കഴിയില്ല, കമ്പനികൾ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പിടിച്ചു നിൽക്കാൻ സാധിക്കല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മൊബൈൽ ഡേറ്റയുടെ പിൻബലത്തിൽ സമ്പന്നമായ യുഎസ്, ചൈനീസ് ഇന്റർനെറ്റ് ഭീമന്മാർ ഉദാഹരണമാണ്. 

2019-20 ഓടുകൂടി രാജ്യത്ത് 5ജി സംവിധാനം സജ്ജമാകുമെന്നാണ് കരുതുന്നത്. എന്നാൽ, ഇന്ത്യയിൽ 5ജി ഡിവൈസുകൾ വ്യാപകമാകാൻ 2021 വരെ കാത്തിരിക്കേണ്ടി വരും. 2019-2020 കാലയളവിൽ 5ജി ഇക്കോസിസ്റ്റം ലഭ്യമാകുമെന്ന് കരുതാം. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും 5ജി എത്തും. ഇതിനായി താങ്ങാനാവുന്ന വിലയ്ക്ക് 5ജി ഹാൻഡ്സെറ്റുകൾ ലഭ്യമാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

5ജി നെറ്റ്‌വർക്കും ഡിവൈസുകളും നിർമിക്കാനും സജ്ജമാക്കാനും ജിയോ ഇപ്പോൾ തന്നെ നീക്കം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആദ്യം 5ജി കൊണ്ടുവരിക ജിയോ ആയിരിക്കുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.