മൊബൈൽ സിം എടുക്കാൻ നവംബർ 5 മുതൽ പുതിയ സംവിധാനം

പുതിയ മൊബൈൽ സിം അനുവദിക്കാനും പഴയത് പുതുക്കാനുമുള്ള പുതിയ വെരിഫിക്കേഷൻ സംവിധാനം നവംബർ 5 മുതൽ നടപ്പിൽ വരും. ഇതിനുള്ള സംവിധാനങ്ങൾ സജജ്മക്കാൻ ടെലികോം വകുപ്പ് വിവിധ കമ്പനികൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

ആധാർ സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് മൊബൈൽ സിമ്മെടുക്കാൻ പുതിയ പദ്ധതി ആവിഷ്കരിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പുതിയ സിം അനുവദിക്കുത്തിനും പഴയത് വെരിഫൈ ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങൾ പരിഷ്കരിക്കും. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ–കെവൈസി ഉടൻ നിർത്തണമെന്ന് ടെലികോം മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

സിം വെരിഫൈ ചെയ്യാനും തിരിച്ചറിയൽ രേഖകൾ സ്വീകരിക്കാനും ആപ്പിന്റെ സഹായം തേടും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ നടപടി ക്രമവും നടപ്പിലാക്കുന്നത്. പുതിയ കണക്‌ഷനെടുക്കാൻ വരുന്ന ഉപയോക്താവിന്റെ ഫോട്ടോ ആപ്പ് വഴി തൽസമയം പകർത്തും. കൂടെ തിരച്ചറിയൽ രേഖകൾ സ്കാൻ ചെയ്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതോടൊപ്പം സിം കാർഡ് നൽകുന്ന ഏജന്റ് വഴി ഒടിപി സംവിധാനവും ഉറപ്പുവരുത്തും.

പുതിയ നമ്പർ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഉപഭോക്താവിന്റെ മറ്റു ഡിജിറ്റൽ രേഖകളും ആപ്പിൽ ചേർക്കാനാണ് നിരർദ്ദേശം. സിം റജിസ്റ്റർ ചെയ്യുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങളും രേഖപ്പെടുത്തും. ഇതിലൂടെ നിമിഷ നേരത്തിനുള്ളിൽ പുതിയ സിം നൽകാനാകും. ഇതോടൊപ്പം ആധാർ നൽകിയവരുടെ രേഖകൾ ഒഴിവാക്കാനും പുതിയ സംവിധാനം വഴി സാധിക്കും.