തകർന്ന വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെത്തി

പറന്നുയർന്നു കേവലം 13 മിനുട്ടുകൾക്കകം തകർന്നു വീണ ഇന്തോനീഷ്യൻ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കടലിനടിത്തട്ടിൽ നിന്നും കണ്ടെത്തി. ഡേറ്റ റെക്കോർഡറാണ് വീണ്ടെടുത്തിട്ടുള്ളത്. അപകട സമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന രണ്ടു പൈലറ്റുമാരും തമ്മിലുള്ള സംഭാഷണം അടങ്ങിയ രണ്ടാം ബ്ലാക് ബോക്സിനുളള തിരച്ചിൽ തുടരുകയാണ്. വീണ്ടെടുത്ത ബ്ലാക് ബോക്സ് ഒരു കപ്പലിലേക്ക് കൊണ്ടുവരുന്നതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലായ മെട്രോ ടിവി പുറത്തുവിട്ടു. വിമാനത്തിന്‍റെ അവസാന നിമിഷങ്ങൾ സംബന്ധിച്ച വിവരങ്ങള്‍ ബ്ലാക് ബോക്സിൽ നിന്നും ലഭ്യമാകും. അപകടത്തിലേക്കു നയിച്ച കാരണത്തിലേക്ക് ഇത് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലാക് ബോക്സിലെ ഡേറ്റ ഡൗൺലോഡ് ചെയ്യാൻ തന്നെ മൂന്നു ആഴ്ചയോളമെടുക്കും.

വിമാനത്തിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ക്കിടയില്‍ യാത്രക്കാരുടെ മൃതദേഹങ്ങൾ കുടുങ്ങി കിടക്കാനുള്ള സാധ്യത രക്ഷാ സംഘം തള്ളിക്കളയുന്നില്ല. പ്രധാനഭാഗം കണ്ടെത്താനായാൽ ക്രെയിൻ ഉപയോഗിച്ച് ഇത് ഉയർത്താനാണ് പദ്ധതി. ബ്ലാക് ബോക്സ് കിടന്ന മേഖലക്കടുത്തു തന്നെ വിമാനത്തിന്‍റെ പ്രധാന ഭാഗവും അടിഞ്ഞിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ. അപകടത്തിനു പിന്നാലെ, ഇന്തൊനീഷ്യ ലയണ്‍ എയറിന്റെ ടെക്‌നിക്കല്‍ ഡയറക്ടറെ പുറത്താക്കി. പൈലറ്റുമാര്‍ പ്രശ്‌നം റിപ്പോര്‍ട്ടു ചെയ്ത ശേഷം അതു പരിശോധിച്ച് കുഴപ്പമില്ലെന്നു വിധിയെഴുതിയ എൻജിനീയറെയും ലയൺ എയർ പുറത്താക്കിയിട്ടുണ്ട്. ഇന്തൊനീഷ്യയുടെ ദേശീയ ട്രാന്‍സ്‌പോര്‍ട്ട് സെയ്ഫ്റ്റി ബോര്‍ഡിന്റെ ശുപാര്‍ശയിലാണ് പുറത്താക്കലുകള്‍.

തകർന്നുവീണ ലയണ്‍ എയര്‍ ജെറ്റിലെ വേഗം നിരീക്ഷിക്കാനുള്ള സാങ്കേതിക സംവിധാനത്തിൽ പ്രശ്നമുണ്ടായിരുന്നു.പുതിയ ബോയിങ് 737 മാക്‌സ് വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിനു മുൻപ് ഇതേവിമാനം ഡെന്‍പാസാറില്‍ നിന്ന് ജക്കാര്‍ത്തയ്ക്കാണു പറന്നത്. ഈ പറക്കലിനിടെയാണ് വിമാനത്തിന്റെ ആള്‍ട്ടിട്യൂഡ് നിര്‍ണ്ണയിക്കുന്ന സെന്‍സറുകള്‍ക്ക് തകരാറുണ്ടെന്ന് പൈലറ്റുമാര്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ടെക് വിദഗ്ധർ ഇതു പരിശോധിക്കുകയും പ്രശ്‌നങ്ങള്‍ ഇല്ലെന്നു പറയുകയും ചെയ്തതിനു ശേഷമാണ് ദുരന്തപ്പറക്കല്‍ നടത്തുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.30 നാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാകുന്നത്.

1479 അടി ഉയരത്തില്‍ നിന്നും കേവലം 21 സെക്കൻഡുകൾ കൊണ്ടു മാത്രമാണ് ജെടി– 610 നിലംതൊട്ടതെന്നാണ് പ്രാഥമിക സൂചന. ഒരു മിനിറ്റിൽ 450–600 മീറ്റർ വേഗത്തിലാണ് സാധാരണയായി വിമാനം താഴോട്ടിറങ്ങുക. എന്നാൽ മിനിറ്റിൽ 9,400 മീറ്ററിനേക്കാൾ അധികം വേഗത്തിലായിരുന്നു തകർന്ന വിമാനത്തിന്‍റെ താഴോട്ടുള്ള യാത്രയെന്നാണ് ലഭ്യമായ പ്രാഥമിക കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതു തികച്ചും അവിശ്വസനീയമായ കണക്കാണെന്നു വ്യോമയാന സുരക്ഷ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജക്കാർത്തയിൽ നിന്ന് പറന്നുയർന്നു ഏതാണ്ടു 13 മിനിറ്റുകൾക്കം തകർന്നു വീണ ജെടി– 610 വിമാനം ആകാശത്തു ചിലവിട്ട നിമിഷങ്ങളിൽ അസാധാരണാം വിധം സഞ്ചരിച്ചത് ദുരൂഹതയുണര്‍ത്തുന്നു. പറന്നുയർന്നു മൂന്നു മിനിറ്റിനകം തന്നെ തിരിച്ചിറക്കാൻ അനുവാദം ചോദിക്കാൻ പൈലറ്റിനെ പ്രേരിപ്പിച്ച ഘടകത്തോടൊപ്പം തന്നെ യാത്രാ വഴികളിൽ സംഭവിച്ച ഈ അപൂർവ്വമായ കയറ്റിറക്കവും തുടരന്വേഷണത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാകാനാണ് സാധ്യത.