ഖഷോഗിയെ വധിക്കാൻ ഉപയോഗിച്ചത് ഇസ്രയേലി സോഫ്റ്റ്‌വെയർ

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാൽ ഖഷോഗിയുടെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രശസ്ത കംപ്യൂട്ടര്‍ വിദഗ്ധനും അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്നോഡൻ. വധത്തിനു പിന്നില്‍ ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ നാസോയുടെ (NSO Group Technologies) കരങ്ങളും പ്രവര്‍ത്തിച്ചുവെന്നാണ് സ്‌നോഡന്‍ ആരോപിക്കുന്നത്. നാസോയുടെ 'ഡിജിറ്റല്‍ ഭവനഭേദന ആയുധം' (digital burglary tool) ഉപയോഗിച്ച് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് സ്നോഡൻ ആരോപിക്കുന്നത്.

നാസോയുടെ സോഫ്റ്റ്‌വെയര്‍ ക്രിമിനലുകളെ പിടിക്കാനും ഭീകരാക്രമണങ്ങള്‍ തടുക്കാനും ജീവൻ രക്ഷിക്കാനും മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. മറിച്ച് പണമുണ്ടാക്കാനും അത് ഉയോഗിക്കപ്പെടുന്നുണ്ടെന്നാണ് സ്നോഡൻ പറയുന്നത്. ഈ ടെക്നോളജി വീണ്ടുവിചാരമില്ലാതെ ഉപയോഗിക്കപ്പെടുന്നു, വേണ്ടിവന്നാൽ ജീവനെടുക്കുന്നുവെന്നാണ് സ്‌നോഡന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ സംസാരിക്കവെയാണ് സ്നോഡൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം, നാസോ ഗ്രൂപ്പ് സ്‌നോഡന്റെ ആരോപണം തള്ളിക്കളഞ്ഞു. തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഭീകരാക്രമണങ്ങള്‍ തടയാന്‍ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്നാണ് അവര്‍ പറഞ്ഞത്. വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാതെ തങ്ങളുടെ പേരു ചീത്തയാക്കാനുള്ള ശ്രമമാണ് സ്‌നോഡന്‍ നടത്തുന്നതെന്ന് അവര്‍ വാദിച്ചു.

നാസോ ഡവലപ്പു ചെയ്യുന്ന പ്രൊഡക്ടുകള്‍ സർക്കാരുകള്‍ക്ക് ഭീകരാക്രമണം നേരിടുന്നതിനു സഹായിക്കാനുതകുന്ന രീതിയിലുള്ളവയാണ്. കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് അവയുടെ ലക്ഷ്യമെന്നാണ് അവര്‍ പറയുന്നത്.

വാഷിങ്ടണ്‍ പോസ്റ്റിനു വേണ്ടി ലേഖനങ്ങള്‍ എഴുതിയിരുന്ന ഖഷോഗിയെ അവസാനമായി കണ്ടത് ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലുള്ള സൗദി അറേബ്യയുടെ കോണ്‍സ്യുലേറ്റിലേക്ക് കയറുന്ന സമയത്താണ്. രണ്ടാഴ്ചയ്ക്കു ശേഷം കോണ്‍സ്യുലേറ്റില്‍ നടന്ന വാക്കേറ്റത്തിനൊടുവില്‍ അദ്ദേഹം കൊല്ലപ്പെട്ടതായി സൗദി അധികൃതർ അറിയിക്കുകയായിരുന്നു.

വിവാഹത്തിനുവേണ്ട ചില രേഖകള്‍ ലഭിക്കാനായാണ് ഖഷ്‌ഹോഗി കോണ്‍സ്യുലേറ്റിലേക്ക് പോയതെന്നാണറിയുന്നത്. തുർക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിൽ നിന്നു ദുരൂഹസഹചര്യത്തിൽ കാണാതായ ജമാൽ ഖഷോഗി ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടതായാണ് സൗദിയുടെ സ്ഥിരീകരണം. ചോദ്യം ചെയ്യലിനിടെയുണ്ടായ അടിപിടിയിലാണ് ഖഷോഗി കൊല്ലപ്പെട്ടതെന്ന് സൗദി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടു രഹസ്യാന്വേഷണ വകുപ്പ് ഡപ്യൂട്ടി മേധാവി, റോയൽ കോർട്ട് ഉപദേശകൻ എന്നിവരെ സ്ഥാനത്ത്‌നിന്ന് നീക്കി. പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൗദി അധികൃതർ അറിയിച്ചു.

തുര്‍ക്കിയുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ ഫിഡാന്‍ പറയുന്നത് കോണ്‍സ്യുലേറ്റിലേക്കു കയറിയ ഉടനെ ഖഷ്‌ഹോഗിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്. ഇതാകട്ടെ, പൂര്‍വ്വനിശ്ചിതവുമായിരുന്നുവെന്നും ‌ശരീരം കഷണങ്ങളായി മുറിച്ചു നശിപ്പിക്കുകയുമായിരുന്നു എന്നുമാണ്. ഇതെല്ലാം, കാലേക്കൂട്ടി തീരുമാനിക്കപ്പെട്ട ഒരു കൊലയിലേക്കു വിരല്‍ ചൂണ്ടുന്നതായി ഇര്‍ഫാന്‍ പറയുന്നു.

അമേരിക്ക നടത്തിയിട്ടുള്ള പല നീരീക്ഷണ ദൗത്യങ്ങളെക്കുറിച്ചുമുള്ള വിവരം പുറത്തുവിട്ട ചരിത്രമാണ് സ്‌നോഡനുള്ളത്. അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ചാരവൃത്തിയാണ്. അമേരിക്കയില്‍ വച്ച് കോടതി നടപടികള്‍ നേരിടേണ്ടിവന്നാല്‍ അദ്ദേഹത്തിന് ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുകയോ വധശിക്ഷ ലഭിക്കുകയോ ചെയ്യാം. അദ്ദേഹത്തിന് റഷ്യ നല്‍കിയ രാഷ്ട്രീയാഭയം 2020ല്‍ അവസാനിക്കുകയാണ്.