9.90 ലക്ഷം കോടി ആസ്തിയുള്ള ബെസോസ് പറഞ്ഞു, ആമസോണും പാപ്പരാകും!

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര നെറ്റ്‌വർക്കായ ആമസോണിലെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് കമ്പനി മേധാവിയും ലോക കോടീശ്വരനുമായ (ആസ്തി ഏകദേശം 9.90 ലക്ഷം കോടി രൂപ) ജെഫ് ബെസോസ് പറഞ്ഞത് അഹങ്കാരം വേണ്ട, പൊളിയാന്‍ പറ്റാത്ത അത്ര വലിയ കമ്പനിയാണിതെന്നു കരുതേണ്ടെന്നാണ്.

അമേരിക്കയിലെ സിയാറ്റിലില്‍ ആമസോണിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്ത മീറ്റിങ്ങിലാണ് ബെയ്‌സോസ് ഇങ്ങനെ പറഞ്ഞത്. അമേരിക്കയിലെ വമ്പന്‍ റീട്ടെയിൽ കമ്പനിയായ സിയേഴ്‌സിന്റെ (Sears) പരാജയം എടുത്തു കാട്ടിയായിരുന്നു ബെസോസിന്റെ മുന്നറിയിപ്പ്.

‘ഞാന്‍ പ്രവചിക്കുന്നത് ഒരു ദിവസം ആമസോണ്‍ തകരുമെന്നാണ്. പാപ്പരാകുമെന്നു തന്നെയാണ്. വമ്പന്‍ കമ്പനികളുടെ ജീവിത ദൈര്‍ഘ്യം 30 വര്‍ഷമാണ്. നൂറു വര്‍ഷമല്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഉപഭോക്താക്കളോടുള്ള പെരുമാറ്റത്തിലെ മര്യാദ ഒരു ഒഴിയാബാധയെന്ന പോലെ ശീലമാക്കണമെന്നാണ് അദ്ദേഹം തന്റെ ജോലിക്കാരെ ഓര്‍മപ്പെടുത്തിയത്.

ശ്രദ്ധ ഉപഭോക്താക്കളില്‍ പതിപ്പിക്കാതെ നമ്മളില്‍ തന്നെ ഒതുങ്ങിയാൽ അത് ഒടുക്കത്തിന്റെ തുടക്കമായിരിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഒടുക്കത്തിലേക്ക് എത്തുന്നത് പരമാവധി മാറ്റിവയ്ക്കാന്‍ ശ്രമിക്കണം. എന്നാല്‍, ചില കമ്പനികള്‍ കൂടുതല്‍ കാലം നിന്ന കാരണവും അദ്ദേഹം ഓര്‍മിപ്പിച്ചു.

ലോകത്ത് നൂറു കണക്കിനു വര്‍ഷം പിടിച്ചുനിന്ന കമ്പനികളില്‍ പലതും മദ്യനിര്‍മാണശാലകളാണ്! അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. ഇതു വളരെ താത്പര്യജനകമായ കാര്യമാണ്. പക്ഷേ, അത് സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് എന്താണ് പറയുന്നതെന്താണെന്ന് എനിക്കുറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ സെയിലിന് ഒരുങ്ങുകയാണ് ആമസോണ്‍. ഈ അവധിക്കാല വില്‍പ്പനയ്ക്കു ശേഷം രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പനയുടെ 48 ശതമാനവും ആമസോണ്‍ കൈക്കലാക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം അത് 43 ശതമാനമായിരുന്നു. പക്ഷേ, ആമസോണിന് ഇപ്പോൾ കൂടുതല്‍ എതിരാളികളുണ്ട്. കൂടാതെ നികുതികളുടെയും അമേരിക്കയിലെ പോസ്റ്റല്‍ സര്‍വീസിന്റെ സേവനം വാങ്ങുന്നതിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കമ്പനിക്കെതിരെ ഇടഞ്ഞു നില്‍ക്കുകയുമാണ്.

ഇലക്‌ഷനു വളരെ മുൻപ് തന്നെ അമസോണിനെക്കുറിച്ചുള്ള എന്റെ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരുന്നതാണെന്നാണ് ട്രംപ് പറഞ്ഞത്. മറ്റു കമ്പനികളെ പോലെയല്ലാതെ അവര്‍ കാര്യമായി ഒരു ടാക്‌സും സ്റ്റേറ്റ് സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ നല്‍കുന്നില്ല. നമ്മുടെ പോസ്റ്റല്‍ സര്‍വീസ് സ്റ്റാഫിനെ അവരുടെ വിതരണക്കാരായി ഉപയോഗിച്ച് അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ ആയിരക്കണക്കിന് റീട്ടെയിൽ വില്‍പ്പനക്കാരെ പൂട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം തൊഴിലാളികളില്‍ നിന്നും ആമസോണ്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. കമ്പനിക്കുള്ളില്‍ ഫേഷ്യല്‍ റെക്ക്ഗ്നിഷന്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതിനെതിരെയാണ് തൊഴിലാളികള്‍ പ്രതികരിക്കുന്നത്. കമ്പനിയുടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയായ റെക്കഗ്നിഷനെതിരെ (Rekognition) നിരവധി ചോദ്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. ഈ വര്‍ഷം ജൂണില്‍ തങ്ങള്‍ ഇതിനെതിരാണെന്നു കാണിച്ച് നൂറു കണക്കിന് ജോലിക്കാര്‍ ബെസോസിനു കത്തു നല്‍കിയിരുന്നു. ഇത് അസമത്വം കൊണ്ടുവരുമെന്നാണ് അവരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് പലാന്റിര്‍ (Palantir) എന്ന വിവാദ ഡേറ്റാ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും ജോലിക്കാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ആമസോണ്‍ മുഖം തിരിച്ചറിയല്‍ ഒരു ആവശ്യമാണെന്ന കടുപിടുത്തത്തിലാണ്. ഇത് കമ്പനിയും അമേരിക്കയുടെ സിവില്‍ ലിബർട്ടീസ് യൂണിയന്റെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്.

ആമസോണ്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ ഫ്‌ളോറിഡയിലെ നിയമപാലകര്‍ ഒറിഗണില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് സാധാരണഗതിയിലുള്ള ഒന്നല്ല. മറിച്ച്, സ്വേച്ഛാതിപത്യ രീതിയിലുള്ളതും ജോലിക്കാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാൻ കഴിവുള്ളതാണെന്നാണ് ആരോപണം. എന്നാല്‍ ആമസോണ്‍ പറയുന്നത് ഇത്തരം ടെക്‌നോളജി ഉപയോഗിച്ചില്ലെങ്കില്‍ ജീവിത നിലവാരം ഉയരില്ലെന്നാണ്.