ഇന്ത്യക്കാര്‍ 6 കോടി സിമ്മുകൾ ഉപേക്ഷിക്കാനൊരുങ്ങുന്നു? നിരക്ക് കൂട്ടില്ല, തിരഞ്ഞെടുപ്പ് കഴിയും വരെ...

അടുത്ത ആറു മാസത്തിനുള്ളിൽ ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവു വരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം ആറു കോടി കണക്‌ഷനുകളാണ് ഇപ്രകാരം ഇല്ലാതാകാന്‍ പോകുന്നതത്രെ. ഡേറ്റ ഉപയോഗിക്കാന്‍ ഒരു സിം, കോളിന് ഒന്ന് എന്നിങ്ങനെ തിരുകിയിരിക്കുന്ന ഇരട്ട സിമ്മുകളില്‍ ഒന്നിനെ ഉപയോക്താക്കള്‍ ഊരിയെറിഞ്ഞു തുടങ്ങിയെന്നും അടുത്ത ആറുമാസത്തിനുള്ളില്‍ അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിവിധ മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ നിലനിന്നിരുന്ന താരിഫ് വ്യത്യാസം ഇല്ലാതായിരിക്കുന്നുവെന്നും ഇതിനാല്‍ ഇരട്ട സിം ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് പല ഉപയോക്താക്കളും എത്തുകയാണെന്നുമാണ് പറയുന്നത്. 

ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും അവതരിപ്പിച്ച പുതിയ പ്ലാനുകള്‍ റിലയന്‍സ് ജിയോയോട് കിടപിടിക്കുന്നതാണെന്നാണ് ടെലികോം വിപണി വിശകലന വിദഗ്ധര്‍ പറയുന്നത്. ഇതിനാല്‍ തന്നെ ഇവരില്‍ ഒരാള്‍ മതിയെന്ന് ഉപയോക്താക്കള്‍ തീരുമാനിച്ചു തുടങ്ങിയിരിക്കുന്നു‍. നിലവിൽ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ കണക്‌ഷന്റെ എണ്ണം 120 കോടിയാണ്. ഇവരില്‍ 730-750 ദശലക്ഷം ഉപയോക്താക്കള്‍ ഒറ്റ സിം ഉപയോഗിക്കുന്നവരാണ്. മറ്റുള്ളവര്‍ ഇരട്ട സിം ഉപയോഗിക്കുന്നു. അടുത്ത ആറുമാസത്തിനുള്ളില്‍ 25-30 ദശലക്ഷം ഉപയോക്താക്കൾ കുറയുമെന്ന് സെല്ല്യുലര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു.

എന്നാല്‍, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിശകലന വിദഗ്ധന്‍ പറഞ്ഞത് ഏകദേശം ആറു കോടി വരെ കസ്റ്റമര്‍മാരുടെ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കാമെന്നാണ്. ഇന്ത്യയില്‍ മിക്കയിടങ്ങളിലും സേവനദാതാക്കള്‍ തമ്മിലുള്ള സര്‍വീസും താരിഫും വലിയ വ്യത്യാസമില്ല. ഇതിനാല്‍ ഒന്നിലേറെ കണക്‌ഷനുകള്‍ ആവശ്യമില്ലെന്നു തീരുമാനിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പ് കഴിയും വരെ നിരക്ക് കൂട്ടില്ല?

ഉപയോക്താക്കളെ കാത്തിരിക്കുന്ന ഒരു ശുഭവാര്‍ത്ത, അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ടെലികോം ഓപ്പറേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ നിക്കു വര്‍ധിപ്പിച്ചേക്കില്ലെന്നതാണ്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണം 40 കോടി ആകുന്നതു വരെ നിരക്കു വര്‍ധയ്ക്ക് കമ്പനി ശ്രമിക്കില്ലെന്നും അവര്‍ കണക്കു കൂട്ടുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് റിലയന്‍സ് ജിയോയുടെ മുന്നേറ്റം തുടരുമെന്നും അവര്‍ വിലയിരുത്തുന്നു.