4ജി അനുവദിച്ചില്ല: കേന്ദ്ര നിലപാടിനെതിരെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സമരത്തിന്

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് കേന്ദ്ര സർക്കാര്‍ അമിത പ്രാധാന്യം നല്‍കുന്നുവെന്നാരോപിച്ച് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഡിസംബര്‍ 3 മുതല്‍ സമരം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

പ്രധാന ആരോപണങ്ങള്‍

സർക്കാർ 4G സ്‌പെക്ട്രം ബിഎസ്എന്‍എലിന് അനുവദിച്ചിട്ടില്ലെന്നതാണ് ജീവനക്കാർ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ജിയോയുടെ നീക്കം തങ്ങളുടെ എതിരാളികളെ പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്നതാണ്. അതില്‍ ബിഎസ്എന്‍എല്ലും ഉൾപ്പെടുമെന്ന് സമരത്തിനിറങ്ങാന്‍ പോകുന്ന ജീവനക്കാര്‍ ആരോപിക്കുന്നു.

ഇപ്പോള്‍, ടെലികോം വ്യവസായം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്നു. ഇത് മുകേഷ് അംബാനിയുടെ ജിയോ അവതരിപ്പിച്ച താരീഫുകള്‍ മൂലമാണെന്നും ആരോപിക്കുന്നു. ബിഎസ്എന്‍എല്ലിന്റെ എല്ലാ യൂനിയനുകളും സമരത്തിനിറങ്ങിയേക്കാം. ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബിഎസ്എന്‍എല്‍ (All Unions and Associations of BSNL (AUAB) പറയുന്നത് റിലയന്‍സ് ജിയോ ഇത്രയും കുറച്ചു കുറഞ്ഞ താരീഫിൽ സേവനങ്ങള്‍ നല്‍കുന്നത് മുകേഷ് അംബാനിയുടെ പൈസയുടെ മിടുക്കു കൊണ്ടാണെന്നാണ്.

എയുഎബി (AUAB) പറയുന്നത് ബിഎസ്എന്‍എല്ലിന് എത്രയും വേഗം 4G സ്‌പെക്ട്രം അനുവദിക്കണമെന്നാണ്. പക്ഷേ, അവര്‍ ആരോപിക്കുന്നത് ബിഎസ്എന്‍എല്‍ ജിയോയ്‌ക്കെതിരെ ശക്തമായ വെല്ലുവിളിയുയര്‍ത്തരുതെന്ന ഗൂഢലക്ഷ്യം സർക്കാരിന് ഉണ്ടെന്നാണ്.

എതിരാളികള്‍ 4Gയുമായി കുതിച്ചപ്പോള്‍ പോലും 2Gയും 3Gയും മാത്രം ഉപയോഗിച്ച് തങ്ങള്‍ നില മെച്ചപ്പെടുത്തിയെന്ന് ബിഎസ്എന്‍എല്‍ യൂനിയനുകള്‍ അവകാശപ്പെടുന്നു. തങ്ങളുടെ വരിക്കാരുടെ എണ്ണം വര്‍ധിച്ച കാര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതെല്ലാം തങ്ങള്‍ക്ക് 4G നല്‍കാതെ അകറ്റി നിർത്തിയിട്ടു പോലും തങ്ങള്‍ നേടിയതാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിസംബര്‍ 3 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി സർക്കാരിന്റെ കണ്ണു തുറപ്പിക്കാനാണ് തൊഴിലാളികളുടെ ശ്രമം. കേരളത്തില്‍ ബിഎസ്എന്‍എലിന്റെ 4G അപ്‌ഗ്രേഡിങ് ചെറിയ രീതിയില്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍.