Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു മാസം ഫ്രീ, ജിയോ ബ്രോഡ്ബാൻഡ് പ്രിവ്യൂ ഓഫറുകൾ അവതരിപ്പിച്ചു

giga-fiber

ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് ടെലികോം വിപണി പിടിച്ചടക്കാൻ ഒരുങ്ങി കഴിഞ്ഞു. സെക്കൻഡുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ഗിഗാഫൈബർ സർവീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്. ഗിഗാഫൈബർ സര്‍വീസിന്റെ പ്രിവ്യൂ ഓഫറുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തു.

90 ദിവസം 100 എംബിപിഎസ് വേഗത്തിൽ 100 ജിബി ഡേറ്റ ഗിഗാഫൈബർ വഴി നൽകും. നിലവിൽ വിപണിയിലുള്ള ബ്രോഡ്ബാൻഡ് സർവീസുകളുടെ പകുതി വിലയ്ക്ക് ഇരട്ടി ഡേറ്റ നൽകുന്നതായിരിക്കും ഗിഗാഫൈബർ ബ്രോഡ്ബാൻഡ്. പ്രിവ്യൂ ഓഫറിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് 100 എംബിപിഎസ് വേഗത്തിൽ 100 ജിബി ഡേറ്റ ഓരോ മാസവും ലഭിക്കുമെന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ മറ്റു നിരക്കുകൾ വെളിപ്പെടുത്തിയിട്ടില്ല.

രാജ്യത്ത് രണ്ടു കോടി ഉപഭോക്താക്കളാണ് വയർലൈൻ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നത്. അതേസമയം, 20 കോടി പേരാണ് വയർലെസ് ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നത്. ഗിഗാഫൈബർ വരുന്നതോടെ വയർലൈൻ ബ്രോഡ്ബാൻഡുകളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. 1,100 നഗരങ്ങളിൽ ഗിഗാഫൈബർ കണക്‌ഷൻ ലഭിക്കുമെന്നും തുടക്കത്തിൽ അഞ്ചു കോടി വരിക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്നും ജിയോ വക്താവ് പറഞ്ഞു.

ജിയോ മൊബൈൽ ജനകീയമാക്കിയ അതേ രീതിയിൽ വമ്പൻ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുക. 100 എംബിപിഎസ് വേഗം എന്നത് സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗൺലോഡ് ചെയ്യാൻ സാധ്യമാക്കുന്നതാണ്. ഇന്റർനെറ്റ് ഉപയോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോ‍ഡ്ബാൻഡ് പദ്ധതി.   

കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ജിയോ ഗിഗാഫൈബർ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും പുറത്തുവിട്ടിരിന്നില്ല. എങ്കിലും ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഫ്രീ നൽകുമെന്നാണ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ പറയുന്നത്. 100 ജിബി കഴിഞ്ഞാൽ മൈജിയോ ആപ് വഴി 40 ജിബി വരെ ടോപ് അപ് ചെയ്യാനും അവസരമുണ്ട്.

ഗിഗാഫൈബര്‍ കണക്‌ഷനൊപ്പം ജിയോ ടിവി സര്‍വീസും ലഭിക്കും. ഗിഗാഫൈബര്‍ കണക്‌ഷൻ എടുക്കുന്നവർ തുടക്കത്തിൽ 4,500 രൂപയുടെ ഡിവൈസുകൾ വാങ്ങി വീട്ടിലോ, ഓഫിസിലോ സ്ഥാപിക്കണമെന്നും പറയുന്നുണ്ട്. ഈ തുക തിരിച്ചുനൽകുന്നതാണ്.

related stories