ഓൺലൈൻ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട് കേന്ദ്രം, ഇന്ത്യയും ചൈനയെ പോലെയാകും

ആധുനിക ലോകത്തെ മിക്ക പ്രശ്നങ്ങളുടെയും തലവേദകളുടെയും ഉറവിടം സോഷ്യൽമീഡിയ ഉൾപ്പെടുന്ന ഓൺലൈൻ ലോകമാണെന്നാണ് മിക്ക സര്‍ക്കാരുകളുടെയും വാദം. ഡിജിറ്റൽ യുഗത്തിൽ കൈവിട്ട ഇന്റർനെറ്റിനെ എങ്ങനെ നിയന്ത്രിക്കാമെന്നാണ് മിക്ക സർക്കാരുകളും ആലോചിക്കുന്നത്. ഇന്ത്യയിലും ശക്തമായ ഓൺലൈൻ നിരീക്ഷണവും നിയന്ത്രണവും വരാൻ പോകുകയാണ്. ചൈനയിലെ സർക്കാർ ചെയ്യുന്നത് പോലെ സമൂഹത്തിന്, രാജ്യത്തിന് വെല്ലുവിളിയായ എന്തു ഉള്ളടക്കവും കേന്ദ്ര ഏജൻസികൾക്ക് നേരിട്ട് നീക്കം ചെയ്യാനുള്ള നിയമഭേദഗതിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്നത്.

ഫെയ്സ്ബുക്, വാട്സാപ്, ഗൂഗിൾ, ടിക് ടോക്, ഇൻസ്റ്റാഗ്രാം, ബ്ലോഗുകൾ, വെബ്സൈറ്റുകൾ തുടങ്ങി എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര ഏജൻസികള്‍ക്ക് അനുമതി ലഭിക്കും. ഇതോടെ രാജ്യത്തെ ഓൺലൈൻ സ്വാതന്ത്ര്യത്തിന് അന്ത്യം കുറിയ്ക്കുമെന്നാണ് ഒരു വിഭാഗം ഓണ്‍ലൈൻ ഉപയോക്താക്കൾ വിമർശിക്കുന്നത്. ചൈനയെ പോലെ മിക്ക അറബ് രാജ്യങ്ങളും സോഷ്യൽമീഡിയകളും ഓൺലൈൻ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നുണ്ട്.

ഗൂഗിൾ, ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ, ഷെയർചാറ്റ്, ആമസോൺ, യാഹൂ, സെബി, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവരുമായി കേന്ദ്ര സൈബർ നിയമവിഭാഗത്തിലെ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു കഴിഞ്ഞു. എന്നാൽ വാട്സാപ് പോലുളള കമ്പനികൾ ഉള്ളടക്കം പരിശോധിക്കാൻ അനുമതി നൽകാൻ നേരത്തെ തന്നെ വിസമ്മതിച്ചിരുന്നു. ഐടി ആക്ടിലെ 79–ാം വകുപ്പിന് കീഴിലെ ചട്ടങ്ങളുടെ കരട് ഭേദഗതി മുൻനിർത്തിയാണ് പുതിയ നീക്കം നടക്കുന്നത്.

കംപ്യൂട്ടറുകളും സ്മാർട് ഫോണുകളും ചോർത്താൻ പത്തോളം ഏജൻസികൾക്ക് അനുമതി നൽകിയ വിവാദ ഉത്തരവിന് തൊട്ടുപിന്നാലെയാണ് ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. 79ാം വകുപ്പിന് കീഴിൽ ഒാരോ ഒാൺലൈൻ മാധ്യമവും പ്ലാറ്റ്ഫോമും അവരുടെ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനും നീക്കം ചെയ്യാനുമുള്ള സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നതാണ്. ഉത്തരവ് പ്രകാരം 72 മണിക്കൂറിനകം എവിടെ നിന്നാണ് ഉള്ളടക്കം ലഭിച്ചതെന്ന് കണ്ടെത്തി കേന്ദ്ര സർക്കാറിനെയോ അന്വേഷണ, സുരക്ഷാ ഏജൻസികളെയോ അറിയിക്കണമെന്നതാണ് ചട്ടം.

ഒാൺലൈൻ സാധ്യതകൾ ദുരുപയോഗം ചെയ്യാതിരിക്കാനും ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരാനുമാണ് െഎടി നിയമത്തിൽ ഭേദഗതി കൊണ്ടു ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. കരടു ചട്ടം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അതേക്കുറിച്ച് വിശദമായ വിലയിരുത്തൽ സമർപ്പിക്കുമെന്നും ‘ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ’ സഹ സ്ഥാപകനും അഭിഭാഷകനുമായ അപർ ഗുപ്തയും പറഞ്ഞു.

വ്യാജവാര്‍ത്തകളെ തടയാനെന്ന പേരില്‍ ഇന്റര്‍നെറ്റിന് നിയമം മൂലം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 17 രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ട്. 18 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരുടെ ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വിപുലപ്പെടുത്തി. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 19 രാജ്യങ്ങളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വര്‍ധിച്ചത്. ഇതാകട്ടെ ചെറുരാജ്യങ്ങളുമാണ്. 

ഇന്റര്‍നെറ്റ് സേവന ദാതാക്കളേയും ടെലികോം കമ്പനികളെയും നിയന്ത്രണത്തിലാക്കിയാണ് ചൈന ഇന്റര്‍നെറ്റില്‍ കര്‍ശന നിരീക്ഷണം നടത്തുന്നതെന്ന് ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് വാവെയ് പോലുള്ള കമ്പനികള്‍ക്ക് അമേരിക്കയിലും ഓസ്‌ട്രേലിയയിലും വലിയ തോതിലുള്ള നിയന്ത്രണങ്ങളുണ്ട്. അതേസമയം, ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വാവെയ് വലിയ തോതില്‍ ടെലികോം അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണങ്ങള്‍ നടത്തുന്നുണ്ട്. ഭാവിയില്‍ ഈ രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാമെന്ന മുന്നറിയിപ്പും ഫ്രീഡം ഹൗസ് നല്‍കുന്നു.

സ്വകാര്യ കംപ്യൂട്ടറുകൾക്കുമേൽ സർക്കാർ കണ്ണ്

രാജ്യത്തെ ഏതു കംപ്യൂട്ടറിലെയും വിവരങ്ങൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും 10 സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ്. സംഭവം വിവാദമായതോടെ, നടപടി ന്യായീകരിച്ച് മന്ത്രാലയം വിശദീകരണമിറക്കി. വിവര സാങ്കേതികവിദ്യാ (ഐടി) നിയമത്തിലെ 69(1) വകുപ്പിന്റെയും തുടർന്നുള്ള ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്നാണു വിശദീകരണം. പ്രാബല്യത്തിലുള്ള നിയമപ്രകാരമല്ലാതെ, ആർക്കും പുതിയ അധികാരങ്ങൾ നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. 

അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമാണു നടപടിയെന്നു കോൺഗ്രസ് ആരോപിച്ചപ്പോൾ, യുപിഎ സർക്കാർ പാസാക്കിയ നിയമപ്രകാരമുള്ള നടപടി മാത്രമാണിതെന്ന് സർക്കാർ ആവർത്തിച്ചു. 

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതും ഭീകരപ്രവർത്തകർ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുന്നതും കണക്കിലെടുത്താണ് നടപടിയെന്നാണ് അനൗദ്യോഗിക വിശദീകരണം. എന്നാൽ, പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, എന്തുകൊണ്ട് ഇത്തരമൊരു ഉത്തരവ് എന്നതിന് ഉത്തരമില്ല. 

നിരീക്ഷണാവകാശം ഈ ഏജൻസികൾക്ക്: 

ഇന്റലിജൻസ് ബ്യൂറോ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്, സിബിഐ, എൻഐഎ, കാബിനറ്റ് സെക്രട്ടേറിയറ്റ് (റിസർച് ആൻഡ് അനാലിസിസ് വിങ്), ഡയറക്ടറേറ്റ് ഓഫ് സിഗ്‌നൽ ഇന്റലിജൻസ് (കശ്മീരിനും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കുമായി), ഡൽഹി പൊലീസ് കമ്മിഷണർ. 

ഐടി നിയമം 69(1) വകുപ്പ്

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധം എന്നിവയെക്കരുതിയോ കുറ്റകൃത്യങ്ങൾ തടയാനോ കുറ്റാന്വേഷണത്തിനു വേണ്ടിയോ കംപ്യൂട്ടറുകളിലെ വിവരം നിരീക്ഷിക്കാനും ശേഖരിക്കാനും ഏജൻസികളെ ചുമതലപ്പെടുത്താൻ സർക്കാരിന് അധികാരം. നടപടിയുടെ കാരണം രേഖാമൂലം വ്യക്തമാക്കണം. 

സമീപകാല വിവാദങ്ങൾ

∙ വ്യക്തികൾ കൈമാറുന്ന സന്ദേശങ്ങളുടെ ഉള്ളടക്കമുൾപ്പെടെ, സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പദ്ധതി തയാറാക്കി. ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. നിരീക്ഷിക്കുന്ന ഭരണകൂടമെന്ന സ്ഥിതിലേക്കു മാറുകയാണോയെന്നു കോടതി ചോദിച്ചു. പദ്ധതി പിൻവലിക്കുന്നുവെന്ന് ഓഗസ്റ്റ് 3ന് സർക്കാർ വ്യക്തമാക്കി. 

∙ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സിബിഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള സംഭാഷണമുൾപ്പെടെ സിബിഐ ചോർത്തിയത് വിവാദമായി. 

നിയമവിദഗ്ധരുടെ നിലപാട് 

∙ വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതിയുടെ 9 അംഗ ബെഞ്ച് വിധിച്ചതാണ്. ആധാർ കേസിലെ വിധിയിൽ, സ്വകാര്യ വിവരം സർക്കാർ ശേഖരിക്കുന്നതിന് നിയന്ത്രണമുണ്ട്. ഐടി നിയമത്തിലെയും ചട്ടത്തിലെയും വ്യവസ്ഥകളും പുതിയ ഉത്തരവും ഈ വിധികൾക്കു വിരുദ്ധമാണ്.