Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേബിൾ, ഡിടിഎച്ച് മാറ്റങ്ങൾ: ഉപയോക്താക്കൾ അറിഞ്ഞിരിക്കണം 4 കാര്യങ്ങൾ

Remote-TV

പുതിയ നിർദേശമനുസരിച്ച് ടിവി ചാനലുകൾ ലഭ്യമാക്കാൻ കേബിൾ ഓപ്പറേറ്റർമാർക്കും ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സർവീസുകൾക്കും ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ഒരു മാസം കൂടി അനുവദിച്ചു. പേ ചാനലുകളുടെയും ഫ്രീ ടു എയർ ചാനലുകളുടെയും പട്ടികയിൽനിന്ന് ഉപയോക്താക്കൾക്ക് ജനുവരി 31 വരെ ഇഷ്ടചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. ഫെബ്രുവരി 1ന് പുതിയ വരിസംഖ്യാനിരക്ക് പ്രാബല്യത്തിലെത്തും. ചാനലുകൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാലും മറ്റും ഒട്ടേറെ കുപ്രചാരണങ്ങൾ നടക്കുന്നതിനാൽ ഉപയോക്താക്കളുടെ തെറ്റിദ്ധാരണകൾ മാറാനാണു കൂടുതൽ സമയം അനുവദിക്കുന്നതെന്ന് ട്രായ് സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു.

വരിക്കാർ എന്തുചെയ്യണം?

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാൽ വീട്ടിലെ കേബിൾ\ഡിടിഎച്ച് കണക്‌ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കുന്നത് ഉപയോക്താവായിരിക്കും. 100 ചാനലുകളാണ് അടിസ്ഥാന പാക്കേജിൽ 130 രൂപയ്ക്കു (നികുതിയും ചേർത്ത് ഏതാണ്ട് 160 രൂപ) ലഭിക്കുക. ഇതിൽ 26 ചാനലുകൾ ദൂരദർശന്റെ ചാനലുകളായിരിക്കും. സൗജന്യ (ഫ്രീ ടു എയർ) ചാനലുകളുടെ പട്ടികയിൽനിന്ന് ബാക്കി 74 എണ്ണം ഉപയോക്താക്കൾ തിരഞ്ഞെടുക്കണം. ഇതിനും പുറമെയുള്ള ഇഷ്ടചാനലുകൾ പേ ചാനലുകളാണെങ്കിൽ അവയുടെ കൂടി വരിക്കാരാകണം. ഇതിനായി ചാനൽ ഉടമകൾ ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകൾ നോക്കാം. പേ ചാനലിന്റെ ഏറ്റവും ഉയർന്ന വില 19 രൂപയാണ്. ഒരു രൂപയിൽ താഴെ വിലയുള്ള ഒട്ടേറെ ചാനലുകളുണ്ട്. കമ്പനികൾ നിശ്ചയിക്കുന്ന ബൊക്കെകളിൽ (ചാനലുകളുടെ പ്രത്യേക പായ്ക്ക്)നിന്ന് ഇഷ്ടമുള്ളവ മാത്രംതിരഞ്ഞെടുക്കാനും സാധിക്കും.

74 സൗജന്യ ചാനലുകളും ആവശ്യമുള്ള പേ ചാനലുകളും തീരുമാനിച്ചെങ്കിൽ സേവനദാതാക്കളുടെ കസ്റ്റമർ കെയർ നമ്പറിൽ ജനുവരി 31 വരെ വിളിച്ച് ചാനലുകളുടെ പട്ടിക പറയാം. ഫ്രീ ടു എയർ ചാനലുകളുടെ പട്ടികയോ, പേ ചാനലുകളുടെ പട്ടികയോ (വില ഉൾപ്പടെ) ആവശ്യമുണ്ടെങ്കിൽ TRAI വെബ്സൈറ്റിനെ ആശ്രയിക്കാം. അല്ലെങ്കിൽ കേബിൾ– ഡി‍ടിഎച്ച് സേവനദാതാക്കളുടെ സ്വന്തം ചാനലിൽ, ഇവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

വില കൂടുമോ കുറയുമോ?

ഉപയോഗിക്കുന്നതിനുമാത്രം വില നൽകാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനം നൽകുന്നതിനാൽ മിക്കവർക്കും പ്രതിമാസ വരിസംഖ്യ കുറഞ്ഞേക്കും. എന്നാൽ പേ ചാനലുകളെല്ലാം വാങ്ങേണ്ടിവരുന്നവർക്ക് മാസവരി കൂടും. നിശ്ചിത വിലയ്ക്ക് കേബിൾ, ഡിടിഎച്ച് സേവനദാതാക്കൾ തീരുമാനിക്കുന്ന പാക്കേജുകളല്ല ഇനി ലഭിക്കുന്നത്. സുതാര്യമായ രീതിയിൽ വില പ്രസിദ്ധീകരിച്ച, ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പാക്കേജുകളാണ്. ട്രായ് നിർദേശത്തിനു മുന്നോടിയായി പേ ചാനലുകൾ നിരക്കു കുറച്ചിട്ടുമുണ്ട്. കേബിൾ ഓപ്പറേറ്റർമാർക്കും ഡിടിഎച്ച് കമ്പനികൾക്കും വിവധ ചാനൽ പാക്കേജുകളും നിരക്കുകളും പ്രഖ്യാപിക്കാനാകും. 

വില കൂടിയ പേ ചാനലുകൾ ആവശ്യമുള്ള സമയത്തുമാത്രം തിരഞ്ഞെടുക്കാനുള്ള അവസരവും ഉപയോക്താവിനുണ്ട്. ഉദാഹരണത്തിന് ഉയർന്ന നിരക്കുള്ള സ്പോർട്സ് ചാനലുകൾ ഏതെങ്കിലും ടൂർണമെന്റ് നടക്കുന്ന പ്രത്യേക സീസണിലേക്കു മാത്രമായി തിരഞ്ഞെടുക്കാം.

ചാനലുകൾ കേബിൾ, ഡിടിഎച്ച് നെറ്റ്‌വർക്കുകളിൽ ഉൾപ്പെടുത്താനുള്ള ക്യാരേജ് ഫീസും പുതിയ ചട്ടപ്രകാരം കുറയും.

ഉപയോക്താവിനു  സ്വാതന്ത്ര്യം

രാജ്യത്താകെ, റജിസ്റ്റർ ചെയ്ത് സംപ്രേഷണം നടത്തുന്നത് 873 ചാനലുകളാണ്. ഇതിൽ 541 എണ്ണം സൗജന്യ (ഫ്രീ ടു എയർ) ചാനലുകളാണ്. 332 ചാനലുകളാണ് പേ ചാനലുകൾ.

മലയാളത്തിൽ 14 പേ ചാനലുകൾ

മലയാളത്തിൽ 14 ചാനലുകൾക്കാണ് പ്രത്യേകം പണം കൊടുത്ത് വരിക്കാരാകേണ്ടത്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ മൂവീസ്, സൂര്യ എച്ച്ഡി, സൂര്യ കോമഡി, സൂര്യ മ്യൂസിക്, കൊച്ചുടിവി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്ഡി, രാജ് ന്യൂസ് എന്നിവയാണവ. 

ഏഷ്യനെറ്റിന് 19 രൂപയാണു നിരക്കെങ്കിലും ഏഷ്യാനെറ്റ് മൂവീസും ഏഷ്യാനെറ്റ് പ്ലസും സ്റ്റാർ സ്പോർട്സും എല്ലാം ഉൾപ്പെടുന്ന സ്റ്റാർ മലയാളം പാക്കേജിനാകെ 39 രൂപയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ നെറ്റ്‌വർക്കുകളും ഓപ്പറേറ്റർമാരും പാക്കേജുകൾ പ്രഖ്യാപിച്ചാലേ ചിത്രം പൂർണമായി വ്യക്തമാകൂ.