കണ്ണൂർക്കാരൻ ബൈജുവിന്റേത് അദ്ഭുത വിജയം, ഇന്ന് ആസ്തി 3500 കോടി രൂപ!

അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രൻ ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ ആരംഭിച്ച തിങ്ക് ആൻഡ് ലേൺ കമ്പനിയുടെ ആസ്തി ഇന്നു 3500 കോടി. ബൈജു മാത്രമായി ആരംഭിച്ച കമ്പനിയിൽ ഇന്ന് ആയിരത്തിലധികം ജോലിക്കാർ‍. കഴിഞ്ഞ മാർച്ചിൽ വരുമാനം 120 കോടി. മാസാമാസം 30,000 പുതിയ വരിക്കാരോടെ 15% വളർച്ച. ഇതുവരെ ബൈജൂസ് ദ് ലേണിങ് ആപ്പിലൂടെ വിദ്യാർഥികൾ പഠിച്ചത് 1.5 കോടി പാഠഭാഗങ്ങൾ. എന്താണിതിന്റെ ര‌ഹസ്യം? ‌ പഠനം രസകരമാക്കി, അത്രതന്നെ.

‘‘ലോകമെമ്പാടുമുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈകളിലേക്ക് ഒട്ടേറെ പുതുമകളുള്ള, വ്യക്ത്യാധിഷ്ഠിത പഠനസഹായി എത്തിക്കാൻ ഞാനും കൈകോർക്കുന്നു.’’ബൈജൂസ് ദ്-ലേണിങ് ആപ്പിൽ 332 കോടി രൂപ നിക്ഷേപിച്ചശേഷം ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗ് കുറിച്ചതാണിത്.

ഈ കോടികൾ അടിവരയിടുന്നതു കണ്ണൂർ അഴീക്കോട് തയ്യിൽവളപ്പിൽ പുത്തൻവീട്ടിൽ ബൈജു രവീന്ദ്രൻ (36) സ്ഥാപകനും സിഇഒയുമായ കമ്പനിയുടെ രാജ്യാന്തര നിലവാരമാണെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം. മാർക്ക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്നു സ്ഥാപിച്ച നിക്ഷേപസംരംഭമായ ചാൻ സക്കർബർഗ് ഇനീഷ്യേറ്റീവ് (സിഇസഡ്ഐ) ഏഷ്യയിൽത്തന്നെ ആദ്യമായാണ് ഒരു സ്ഥാപനത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതെന്നതും നമ്മുടെ അഭിമാനം. ബെംഗളൂരു ആസ്ഥാനമായ തിങ്ക് ആൻഡ് ലേൺ 2007 മുതൽ കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) പരിശീലന രംഗത്ത് സജീവമായുണ്ട്.

2009 ൽ ക്യാറ്റ് പരിശീലന വിഡിയോകൾ പുറത്തിറക്കി. 2011ലാണു സ്കൂൾ വിദ്യാർഥികൾക്കു പഠനം അനായാസമാക്കാനുള്ള ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തത്. ബൈജൂസ് ക്ലാസസ് എന്നു പേരെടുത്ത ഈ സംരംഭത്തിന്റെ തുടർച്ചയായാണ്, നാലു മുതൽ 12 ക്ലാസുവരെയുള്ള വിദ്യാർഥികൾക്കായി മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിക്കാൻ അവസരമൊരുക്കുന്ന ബൈജൂസ് ദ് ലേണിങ് ആപ്പ് 2015 ഓഗസ്റ്റിൽ പുറത്തിറക്കിയത്. ഒരുവർഷത്തിനുള്ളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് 55 ലക്ഷം പേർ. രണ്ടരലക്ഷം പേർ വാർഷിക വരിക്കാരായി.
വിവിധ പശ്ചാത്തലത്തിലുള്ള ഇന്ത്യൻ വിദ്യാർഥികളെ മികച്ചരീതിയിൽ സഹായിക്കാനുതകുന്ന ആപ്പ് ഒരുപാടു പ്രതീക്ഷയേകുന്നതായും ഇതുപയോഗിക്കുന്ന കുട്ടികളുടെ പഠനവൈഭവം വളരെയധികം മെച്ചപ്പെട്ടതായി 80% രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തിയതായും സക്കർബർഗ് ഫെയ്സ്ബുക്കിൽ അഭിപ്രായപ്പെട്ടു.

കണക്കിനോടുള്ള കളി ‌കാര്യമായി

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന ചാക്കോമാഷിന്റെ സിനിമാ ഡയലോഗ് അതേപടി പകർത്തിയതുപോലെയാണു ബൈജുവിന്റെ ജീവിതം. കണക്കിനോട് അത്രയ്ക്കിഷ്ടം. അഴീക്കോട് ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനായിരുന്ന കെ.രവീന്ദ്രനും കണക്ക് അധ്യാപികയായിരുന്ന എം.ശോഭനവല്ലിക്കും മകനെ പഠിപ്പിക്കാൻ അവസരം കിട്ടിയില്ല. ബൈജുവാകട്ടെ, ഫുട്ബോളും ക്രിക്കറ്റും ടേബിൾ ടെന്നീസും കളിച്ചുനടന്നപ്പോൾ ലഭിച്ച ടീം സ്പിരിറ്റ്, ഇഷ്ടവിഷയമായ കണക്കുമായി സന്നിവേശിപ്പിച്ച് തന്റെ പഠനരീതിയെ വേറിട്ടതാക്കി, പിന്നീട് ഇത് അധ്യാപനത്തിലേക്കും കൂട്ടിച്ചേർത്തു.

കളിക്കമ്പത്തിനൊപ്പം പഠനമികവും പുലർത്തി. അച്ഛനമ്മമാർ ഒന്നിനും തടസ്സം നിന്നില്ല. സ്വന്തം വഴി വെട്ടി നടക്കാൻ ഇതു പ്രചോദനമായി. ഹൈസ്കൂളിൽ മാത്‍സ് ഒളിംപ്യാഡ് ജേതാവായി. കണ്ണൂർ എൻജിനീയറിങ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷം. 2001-05 വരെ ബഹുരാഷ്ട്ര ഷിപ്പിങ് കമ്പനിയിയിൽ സർവീസ് എൻജിനീയറായി. ഇതിനിടെ 2003ൽ അവധിക്കു വന്നപ്പോൾ ബെംഗളൂരുവിലെത്തി സുഹൃത്തുക്കളെ ക്യാറ്റ് എഴുതാൻ സഹായിച്ചു. അവരോടൊപ്പം പരീക്ഷയെഴുതി ക്യാറ്റ് ടോപ്പറായി.

എംബിഎ പഠനമൊന്നും മനസ്സിലില്ലായിരുന്നതിനാൽ ജോലിയിലേക്കു മടങ്ങി. 2005ൽ വീണ്ടുമെത്തി കോറമംഗല ജ്യോതിനിവാസ് കോളജിൽ സുഹൃത്തുക്കൾക്കു ക്ലാസെടുത്തു. ഈ ആത്മവിശ്വാസമാണ്, ഷിപ്പിങ് കമ്പനിയിലെ ജോലിവിട്ട് 2007ൽ ബൈജൂസ് ക്ലാസസ് എന്ന പേരിൽ ക്യാറ്റ് പരിശീലനക്കളരി തുടങ്ങിയതിനു പിന്നിൽ... ഒരു ഓ‍ഡിറ്റോറിയത്തിൽ 1000 വിദ്യാർഥികളെ പരിശീലിപ്പിച്ചു തുടങ്ങിയ പ്രയാണം ഇന്ന് രണ്ട് ലക്ഷത്തിലധികം പേരെ പഠിപ്പിച്ചതിൽ എത്തിനിൽക്കുന്നു.

വിദ്യാർഥികളാണ് വലിയ ആസ്തി

പഠിപ്പിച്ചിറക്കിയ സുഹൃത്തുക്കളും വിദ്യാർഥികളുമാണ് എന്തിനും ഊർജമായി ബൈജുവിനു പിന്നിലുള്ളത്. ചാൻ-സക്കർബർഗ് ഉൾപ്പെടെ 1000 കോടി രൂപയുടെ നിക്ഷേപമാണ് ബൈജൂസ് ദ് ലേണിങ് ആപ്പിന് ഇതുവരെ ലഭിച്ചത്. 2013ൽ ടി.വി. മോഹൻദാസ് പൈ, ഡോ.രഞ്ജൻ പൈ എന്നിവരുടെ ആരിൻ ക്യാപിറ്റൽ 50 കോടി രൂപ നിക്ഷേപിച്ചായിരുന്നു തുടക്കം. ലൈറ്റ് സ്പീഡ് വെഞ്ചേഴ്സ്, ടൈംസ് ഇന്റർനെറ്റ് തുടങ്ങിയ നിരയിലേക്കു കഴിഞ്ഞ മാർച്ചിൽ സെക്യൂയ-സോഫിന 510 കോടി രൂപ നിക്ഷേപിച്ചതു നാഴികക്കല്ലായി.

നിക്ഷേപങ്ങളുടെയെല്ലാം പിൻബലത്തിൽ രാജ്യാന്തരതലത്തിൽ കൂടുതൽ വിദ്യാർഥികളിലേക്ക് ആപ്ലിക്കേഷൻ എത്തിക്കുകയെന്നതാണു ഭാവി പദ്ധതിയെന്നു ബൈജു പറഞ്ഞു. നിലവിൽ 15% ഉപയോക്താക്കൾ വിദേശത്തു നിന്നുള്ളവരാണ്. പ്രത്യേകിച്ച് മധ്യപൂർവേഷ്യയിൽനിന്ന്. പഠനം സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഓൺലൈൻ മെന്ററിങ് സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. വരിക്കാർ ഓരോരുത്തരും ശരാശരി ഒരു ദിവസം 40 മിനിറ്റ് ആപ്പിൽ ചെലവഴിക്കുന്നതായാണു കണക്ക്.

ബില്യൻ ഡോളർ കമ്പനിയെന്നതല്ല ബൈജുവിന്റെ ആത്യന്തിക സ്വപ്നം. നിക്ഷേപകരുടെ പ്രതീക്ഷയേക്കാൾ ഒരുപാട് ഉയരത്തിലാണ് അധ്യാപനരംഗത്തു താൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തമെന്നു ബൈജു പറയും. കൂടുതൽ വിഷയങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ബ്രിട്ടിഷ്- യുഎസ് ഉച്ചാരണത്തോടെയുള്ള പഠന വിഡിയോകൾ രണ്ടുവർഷത്തിനകം പുറത്തിറക്കും.

അഴീക്കോട്ടെ ഒരു സാധാരണ മലയാളം മീഡിയം സ്കൂളിൽനിന്നു തുടങ്ങിവച്ച കുതിപ്പ്, ഇന്നു വിദേശ സർവകലാശാലകളിൽ ക്ലാസെടുക്കുന്നതുവരെ എത്തിനിൽക്കുന്നു. ബൈജുവിന്റെ ആപ്പിൽ അക്ഷരങ്ങളും അക്കങ്ങളും ജ്യാമിതീയ രൂപങ്ങളുമൊക്കെ പഠിതാക്കളുമായി നിരന്തരം സൗഹൃദത്തിലാണ്. ഇതൊരു തുടർച്ചയാകണം.