'ബിഗ്‌ ബില്യണ്‍ ഡെയ്സ്', ഫ്ലിപ്പ്കാർട്ടിനു പേടിസ്വപ്നമോ?

നീണ്ട കാത്തിരിപ്പിനൊടുവിൽ തകർപ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മെഗാ ഷോപ്പിംഗ്‌ ഉത്സവമായ 'ബിഗ്‌ ബില്യണ്‍ഡെയ്സ്' തുടങ്ങി. ഒക്ടോബർ 13 മുതൽ ഒക്ടോബർ 17 വരെയാണ് കച്ചവടം. ഇതുവരെയില്ലാത്ത വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയുമെന്ന വാഗ്ദാനത്തോടെയാണ് ഇത്തവണ ഫ്ലിപ്പ്കാർട്ട് രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒരു ദിവസമായി പരിമിതപ്പെടുത്തിയ ബിഗ്‌ ബില്യണ്‍ ഡേ ഇത്തവണ വിവിധ ഉൽപ്പന്നങ്ങൾക്ക് വിവിധ ദിവസങ്ങളിൽ പ്രാധാന്യം നല്കി അഞ്ചു ദിവസമായിട്ടാകും നടത്തുക. അതേസമയം കഴിഞ്ഞ തവണത്തെ പോലെ സാങ്കേതിക തടസങ്ങൾ ഇത്തവണയും തുടക്കത്തിലെ കണ്ടുതുടങ്ങി. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നാളുകളായിട്ടുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് 'ബിഗ്‌ ബില്യണ്‍ ഡെയ്സ്' തുടങ്ങിയത്.

എന്നാൽ ഫ്ലിപ്കാർടിന്റെ ആപ്പ് ഡൗണായെന്ന് പരാതിയുമായി നിരവധി പേർ രംഗത്തെത്തി. ചൊവ്വാഴ്ച അർധരാത്രിയാണ് കച്ചവടം തുടങ്ങിയത്. ഇതോടെ ഉപഭോക്താക്കൾ കൂട്ടത്തൊടെ ഒരേ ആപ്പ് ഉപയോഗിക്കാൻ തുടങ്ങിയതോടെ സേവനം പലപ്പോഴും നിലച്ചു. ഇക്കര്യം സൂചിപ്പിച്ച് നിരവധി പേരാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലുമെത്തിയത്.