വിസ്മയിപ്പിക്കുന്ന രൂപമാറ്റവുമായി ജിമെയിൽ!

മൊബൈൽ ഉപയോക്താക്കൾക്കായി ജിമെയിലിന്റെ ഡിസൈൻ പരിഷ്കരിക്കുന്നു. മൊബൈലിൽ ഇ-മെയിലുകൾ എളുപ്പത്തിൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനുമായാണു പുതിയ രൂപകൽപ്പന. മൊബൈലിനും ഡെസ്ക്ടോപ്പിനും ഉതകുന്ന റെസ്പോൺസിവ് ഡിസൈനാണ് ഗൂഗിൾ തയാറാക്കുന്നത്.

നിലവിൽ ഡെസ്ക് ടോപ്പിലുള്ള അതേ രൂപത്തിലാണു മൊബൈലിലും ജിമെയിൽ ലഭിക്കുന്നത്. മൊബൈൽ ഉപയോക്താക്കൾക്ക് ഈ ഡിസൈൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഗൂഗിളിനു പരാതികൾ ലഭിച്ചിരുന്നു. മെയിൽ ബോക്സിനുള്ളിലുള്ള വലിയ ചിത്രങ്ങൾ മൊബൈൽ സ്ക്രീനിലും ഡെസ്ക്ടോപ്പിന്റെ സമാന രൂപത്തിൽ തെളിയും.

ചിത്രത്തിന്റെ നല്ലൊരു ഭാഗം മൊബൈൽ സ്ക്രീനിനു പുറത്തായിരിക്കും. മൊബൈൽ ഫോൺ സ്ക്രീനിന്റെ വലിപ്പം മനസിൽവച്ചു മെയിൽ അയക്കാമെന്നുവച്ചാൽ ഡെസ്ക്ടോപ്പിൽ അതു വായിക്കാനേ പറ്റില്ല. ഇത്തരം പ്രശ്നങ്ങൾക്കു പൂർണ പരിഹാരമാകുന്നതാകും ജിമെയിലിന്റെ പുതിയ റെസ്പോൺസിവ് ഡിസൈൻ.

ഒട്ടുമിക്ക വെബ്സൈറ്റുകളും റെസ്പോൺസിവായാണ് ഇപ്പോൾ രൂപപ്പെടുത്തുന്നത്. അതിനാൽ ഡെസ്ക്ടോപ്പിലും മൊബൈലിലും ഒരേ പോലെ വായിക്കാനും കാണാനും കഴിയും. ഡെസ്ക്ടോപ്പിൽ വരുന്ന ചിത്രങ്ങളും വിഡിയോയുമൊക്കെ മൊബൈലിലെടുക്കുമ്പോൾ മൊബൈൽ സ്ക്രീനിനു ചേരുന്ന രീതിയിൽ ചുരുങ്ങുന്നതാണു റെസ്പോൺസിവ് സൈറ്റുകളിലുള്ളത്. സമാന പരീക്ഷണമാണു ജിമെയിൽ ഗൂഗിൾ നടത്താനുദ്ദേശിക്കുന്നത്.