ജിമെയിലിന് എന്തെങ്കിലും പ്രശ്നം? ഉപയോക്താക്കളെ വട്ടംകറക്കി ഗൂഗിൾ

ജിമെയില്‍ തുറന്നു പെട്ടെന്നൊരു മെയില്‍ അയക്കാന്‍ നോക്കുമ്പോഴായിരിക്കും 'നിങ്ങളുടെ അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യൂ' എന്ന് നോട്ടിഫിക്കേഷന്‍ വരുന്നത്. ഇപ്പോള്‍ ഇങ്ങനെ താനേ ലോഗൗട്ട് ആയിപ്പോവുന്ന സംഭവങ്ങള്‍ സ്വാഭാവികമാണ്. ഇതിനു പിന്നില്‍ എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ അല്ലെന്നും 'ഫിഷിങ്' പോലെയുള്ളവ ആക്രമണങ്ങളെ പേടിക്കേണ്ടതില്ലെന്നുമാണ് ഗൂഗിള്‍ പറയുന്നത്.

ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഗൂഗിളിന്റെ പ്രോഡക്റ്റ് ഫോറത്തില്‍ ക്രൈസ്റ്റൽ സീ അറിയിച്ചു. 'accounts.google.com ല്‍ വീണ്ടും സൈന്‍ ഇന്‍ ചെയ്യുക. പാസ്‌വേര്‍ഡ് ഓര്‍മയില്ലെങ്കില്‍ (g.co/recover) എന്ന ലിങ്ക് ഉപയോഗിക്കുക. ടു-സ്റ്റെപ് വെരിഫിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ SMS code ലഭിക്കാന്‍ കുറച്ചു സമയമെടുക്കും. ' ക്രൈസ്റ്റൽ സീ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ പുതുതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത എന്തെങ്കിലും പ്രശ്‌നമാണോ ഇതിനു പിന്നില്‍ എന്നും അന്വേഷിച്ചു വരികയാണ്. ഈ വര്‍ഷം അവസാനത്തോടെ പഴയ ക്രോമില്‍ ജിമെയില്‍ ലഭിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വിൻഡോസ് എക്സ്പി, വിൻഡോസ് വിസ്റ്റ് തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കും പ്രശ്‌നം ഉണ്ടാവും. കൂടുതല്‍ മെച്ചപ്പെട്ട വേര്‍ഷനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.