ബലൂണ്‍ വഴി ഇന്റർനെറ്റുമായി ഗൂഗിൾ!

ലോകമെമ്പാടും ദശലക്ഷകണക്കിന് ആളുകൾക്ക് ഇന്നും ഇന്റർനെറ്റ്‌ അപ്രാപ്യമാണ്. പലയിടങ്ങളിലും ഭൂമിശാസ്ത്രപരവും, സാമ്പത്തികവുമായ കാരണങ്ങൾ മൂലം ഇന്റർനെറ്റ്‌ നെറ്റ് വർക്ക് എളുപ്പത്തിൽ എത്തിക്കാൻ കഴിയുന്നില്ല. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരവുമായാണ് ഗൂഗിൾ, ഫെയ്സ്ബുക്ക് പോലെയുള്ള വമ്പൻ കമ്പനികൾ ഡ്രോണ്‍, ഹീലിയം ബലൂണുകൾ എന്നിവ ഉപയോഗിച്ച് ഇന്റർനെറ്റ്‌ ആളുകളിലേക്ക്‌ എത്തിക്കാൻ ശ്രമിക്കുന്നത്. അടുത്തയിടയ്ക്ക് ഫെയ്സ്ബുക്കിന്റെ സൗരോർജ്ജ ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയത് വാർത്തയായിരുന്നു. അടുത്ത വർഷത്തോടെ ബലൂണുകളുടെ സഹായത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ്‌ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഗൂഗിൾ 'പ്രൊജക്റ്റ്‌ ലൂൺ' എന്ന പദ്ധതിയിലൂടെ നടത്തുന്നത്. ബലൂണുകൾ സഞ്ചരിക്കുന്ന പാതയുടെ താഴെയുള്ള ആളുകൾക്ക് ആവും ഇന്റർനെറ്റ്‌ ലഭ്യമാവുക. നേരത്തെ തന്നെ ശ്രീലങ്ക ഈ പദ്ധത്തിയുടെ ഭാഗമാകുന്നതിനായി ഫെയ്സ്ബുക്കുമായി ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുണ്ട്.

സൂപ്പർ പ്രെഷർ ബലൂണ്‍ മുഖേന ഇന്റർനെറ്റ്‌ എന്ന ആശയം ഗൂഗിൾ 2013 ജൂണിൽ പ്രഖ്യാപിച്ചതാണ്, അന്ന് ഏകദേശം മുപ്പതോളം ബലൂണുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ബലൂണുകളോടൊപ്പം ഡേറ്റ അയയ്ക്കാനും സ്വീകരിക്കാനുമായി രണ്ട് റേഡിയോ ട്രാൻസീവേഴ്സ്, ഒരു ബാക്കപ്പ് റേഡിയോ, ഒരു ഫ്ലൈറ്റ് കംപ്യൂട്ടർ, ജിപിഎസ് ട്രാക്കർ, ബലൂണിന്റെ ഉയരവും ദിശയും നിയന്ത്രിക്കാനുള്ള സംവിധാനം, ഊർജ്ജത്തിനായി സോളാർ പാനലുകൾ എന്നിവയാണുള്ളത്. നിലവിൽ ഒരു സെക്കന്റിൽ ഏകദേശം 10 മെഗാബിറ്റ് സ്പീഡ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ആദ്യമൊക്കെ വെറും 5 ദിവസം മുതൽ 10 ദിവസം വരെയായിരുന്നു ബലൂണുകളുടെ ആയുസെങ്കിൽ ഇപ്പോഴുള്ളതിൽ ചിലതിനു 187 ദിവസം വരെ ലഭിക്കാറുണ്ട് എന്ന് ഗൂഗിൾ അവകാശപ്പെടുന്നു.

നേരത്തെ 14 ആളുകൾ ചേർന്ന് ഒരു മണിക്കൂർ സമയം കൊണ്ടാണ് ഒരു ബലൂണ്‍ വിക്ഷേപിച്ചിരുന്നതെങ്കിൽ, ഇന്നുള്ള ആധുനിക ക്രെയിൻ സൗകര്യം ഉപയോഗിച്ച് രണ്ടോ മൂന്നോ പേർക്ക് 15 മിനിറ്റു കൊണ്ട് ഒരു ബലൂണ്‍ വിക്ഷേപണം നടത്താൻ കഴിയും. ഇനിയുള്ള പദ്ധതിതകൾ കൃത്യമായി നടന്നാൽ 2016 ൽ തന്നെ ഇതിന്റെ ഗുണഫലം എല്ലാവർക്കും ലഭ്യമാകും. ലോകം എമ്പാടും തുടർച്ചയായ ഒരു സ്ട്രിംഗ് (വലയം) ഉണ്ടാക്കണമെങ്കിൽ ഏകദേശം 300 ബലൂണുകൾ ആവശ്യമായി വരും. ഒരെണ്ണം ഒരു സ്ഥലത്ത് നിന്ന് നീങ്ങുമ്പോൾ മറ്റൊരെണ്ണം അതെ സ്ഥലത്തേക്ക് വരുന്നതാണ് രീതി. ഇതിലൂടെ തുടർച്ചയായ ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി ഉറപ്പാക്കാൻ കഴിയും. ഒരു ബലൂണിനു ഏകദേശം 40 കിലോമീറ്റർ ചുറ്റളവ്‌ മാത്രമേ കണക്റ്റിവിറ്റി കൊടുക്കാൻ കഴിയൂ. തുടക്കത്തിൽ പരിമിതമായ ഏരിയ മാത്രമേ ബീറ്റാ വേർഷന്റെ ഭാഗമാകൂ.

ഇന്തൊനേഷ്യ ആണ് ഇപ്പോൾ പ്രൊജെക്റ്റ് ലൂൺ പ്രാഥമിക പരിഗണന നൽകുന്ന സ്ഥലം. ഇന്തൊനേഷ്യൻ ദ്വീപ്‌ സമൂഹങ്ങളിൽ ഫൈബർ ഒപ്റ്റിക് കേബിളുകൾ സജ്ജീകരിക്കുന്നതിലും, മൊബൈൽ ടവറുകൾ ഉണ്ടാക്കുന്നതിലും ചെലവു കുറഞ്ഞ മാർഗമാണ് 'പ്രൊജെക്റ്റ് ലൂൺ' എന്നാണു ഗൂഗിൾ അവകാശപ്പെടുന്നത്. നാസയും ഭാവിയിൽ സമാനമായി ചൊവ്വയിൽ ഇതേ ബലൂണ്‍ ഉപയോഗിക്കാൻ പോകുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. ലൂമിന് സമാന്തരമായി ഗൂഗിളിന്റെ തന്നെ 'ടൈറ്റാൻ' എന്ന പദ്ധതിയും സൗരോർജ്ജ ഡ്രോണുകൾ ഉപയോഗിച്ച് ഇന്റർനെറ്റ്‌ നൽകാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.