Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റര്‍നെറ്റ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 70,000 പേരുടെ ജോലി തെറിപ്പിക്കും!

it-job-computer

രാജ്യത്ത് ഇത്രയും കാലം നിരവധി പേരെ തൊഴില്‍രഹിതരാക്കുന്നതിന്റെ പഴി കേട്ടിരുന്നത് യന്ത്രവല്‍ക്കരണത്തിനായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവരടക്കം നിരവധി പേരുടെ ജോലി തെറിപ്പിക്കുന്ന സാങ്കേതികമാറ്റമാണ് വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത വ്യവസായങ്ങളാണ് വര്‍ഷങ്ങള്‍ക്കകം 70,000 ത്തോളം പേരുടെ തൊഴില്‍ കവരുക.

മേഖലയില്‍ പഠനം നടത്തുന്ന സിനോവ് എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റിന്റെ അതിപ്രസരം ജോലിയെ ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ 1.20 ലക്ഷം വരും. 94,000 പേര്‍ക്ക് നേരിട്ട് ജോലി നഷ്ടമാകും. എന്നാല്‍ ഇതേ സാഹചര്യത്തില്‍ 25,000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇത് കണക്കിലെടുത്താണ് തൊഴില്‍ നഷ്ടത്തിന്റെ എണ്ണം 69,000 ആയി കുറഞ്ഞിരിക്കുന്നത്. തൊഴില്‍ നഷ്ടമാകുന്നവര്‍ക്കാകണമെന്നില്ല പുതിയ തൊഴില്‍ ലഭിക്കുന്നത് എന്നത് പ്രശ്‌നത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.

മനുഷ്യരേക്കാള്‍ ഇന്റര്‍നെറ്റ് സഹായത്തില്‍ ഏതെങ്കിലും തൊഴിലില്‍ തീരുമാനമെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനെയാണ് ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് എന്ന് പേരിട്ട് വിളിക്കുന്നത്. പ്രധാനമായും ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അറ്റകുറ്റപണി വിഭാഗങ്ങളിലുള്ളവരുടെ ജോലിയാണ് ഭീഷണിയിലുള്ളത്. ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കുന്ന മാനേജര്‍മാര്‍ റോബോട്ട് കോ ഓര്‍ഡിനേറ്റര്‍മാര്‍ വ്യാവസായിക പ്രോഗ്രാമര്‍മാര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍മാര്‍ എന്നീ മേഖലയിലായിരിക്കും പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുക.

സാങ്കേതികവിദ്യയുടെ ആധുനികവല്‍ക്കരണവും നിലവിലുള്ളവരുടെ തൊഴിലിന് ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ ഐടി മേഖലയിലെ 6.4 ലക്ഷത്തോളം അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന എച്ച്എഫ്എസിന്റെ പഠനം പ്രവചിച്ചിരുന്നു. ഐടി അവിദഗ്ധ തൊഴില്‍മേഖലയില്‍ 30 ശതമാനം കുറയുമ്പോള്‍ വിദഗ്ധരുടെ തൊഴില്‍ മേഖലയില്‍ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അതിവിദഗ്ധരുടെ മേഖലയില്‍ 56 ശതമാനത്തിന്റെ വളര്‍ച്ചയും പ്രവചിക്കപ്പെടുന്നു.

തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് പെരുവഴിയിലാകുമെങ്കിലും സ്ഥാപനങ്ങളും ഉടമകളും ഇന്റര്‍നെറ്റ് വഴി ലാഭം വര്‍ധിപ്പിക്കും. 7.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം അരലക്ഷം കോടിരൂപ) മാര്‍ക്കറ്റായിരിക്കും 2021 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത സാങ്കേതികവിദ്യക്കുണ്ടാകുക. ഇന്റര്‍നെറ്റ് അധിഷ്ടിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ 80 ശതമാനവും കോര്‍പറേറ്റ് സ്ഥാപനങ്ങളായിരിക്കും. സര്‍ക്കാര്‍ മേഖലയില്‍ 20 ശതമാനം മാത്രമായിരിക്കും ഇന്റര്‍നെറ്റ് അധിഷ്ടിത സാങ്കേതിക വിദ്യ ഉപയോഗിക്കുക.