Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈഫൈ: സെക്കന്റിൽ 18 സിനിമ ഡൗണ്‍ലോഡ് ചെയ്യാം!

li-fii

വൈഫൈയുടെ സ്പീഡ് പോരെന്നു തോന്നിത്തുടങ്ങിയെങ്കിൽ നിങ്ങൾക്കുള്ള മറുപടിയാണ് 'ലൈ-ഫൈ' (Li-Fi). നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ് ലൈഫൈയെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു. വൈഫയിൽ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈ-ഫൈ നിങ്ങൾക്ക് പ്രദാനം ചെയ്യും. അതായത് ഏകദേശം 1.5 ജിബിയുള്ള 18 സിനിമകൾ വെറുമൊരു നിമിഷം കൊണ്ട് ഡൌണ്‍ലോഡ് ചെയ്യാമെന്ന് ചുരുക്കം!

ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയിൽ ഡാറ്റ കൈമാറ്റം നടക്കുന്നത്. നിലവിൽ എസ്റ്റോണിയ യിലെ ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. പുതിയ വയർലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റിൽ 224 ഗിഗബൈറ്റുകൾ ആണ്. ഇന്റർനെറ്റ്‌ ഉപയോഗത്തിൽ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്.

400 മുതൽ 800 ടെറാഹെർട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡാറ്റ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികൾ കടക്കാൻ കഴിവില്ലാത്തതുകൊണ്ടു നെറ്റ്വർക്ക് കൂടുതൽ സെക്യുവർ ആവുകയും, മറ്റു തടസങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.

അത്യന്തം ആകർഷകമാണ് ലൈഫൈ എങ്കിലും, ഉടൻ തന്നെ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യക്ക് പൂർണ്ണമായും പകരക്കാരാൻ ആവില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ലൈഫൈയെ മെച്ചപ്പെടുത്തുവാൻ രണ്ടു വയർലെസ്സ് സിസ്റ്റങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങളും ഗവേഷകരുടെ ഇടയിൽ നടക്കുന്നുണ്ട്. 2011ൽ എഡിൻബെർഗ് സർവ്വകലാശാലയിലെ ഹരാൾഡ് ഹാസ് എന്ന ഗവേഷകൻ ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒരു സെല്ലുലാർ ടവർ വഴി വിനിമയം ചെയ്യുന്നതിനേക്കാൾ വേഗത വെറുമൊരു എൽ ഇ ഡി ലൈറ്റിലൂടെ വിനിമയം ചെയ്യാൻ കഴിയുമെന്നാണ് ഹാസ് ലോകത്തിനു കാണിച്ചുതന്നത്.

മോഴ്സ് കോഡിനു സമാനമായ രീതിയിലാണ് ലൈഫൈയും പ്രവർത്തിക്കുന്നത്. മോഴ്സ് കോഡ് വിസിബിൾ ലൈറ്റ് കമ്യൂണിക്കേഷൻ (VLC) ആണ് ഉപയോഗിക്കുന്നതെങ്കിലും, സ്പീഡ് മൂലം നഗ്ന ദൃഷ്ടികൾക്ക് കാണാൻ കഴിയില്ല. സ്മാർട്ട് ലൈറ്റിംഗ് സൊല്യൂഷൻ എന്ന നിലയിലാണ് ഇപ്പോൾ പൈലറ്റ്‌ പ്രൊജക്റ്റ്‌ നടക്കുന്ന ഓഫീസുകളിൽ വെളിച്ചമായി ലൈഫൈ എത്തുന്നത്. ഫ്രഞ്ച് കമ്പനിയായ ഒലെഡ് കോമും ലൈഫൈ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഫ്രാൻസിലെ ചില ആശുപത്രികളിൽ ഈ സേവനം തുടക്കത്തിൽ ലഭ്യമാക്കുന്നുണ്ട്.