Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐക്യു 150: ഐൻസ്റ്റൈനോളം വളർന്നു കൗടില്യയെന്ന ഇന്ത്യന്‍ ‘ഗൂഗിള്‍ ബോയ്’

kautilya-amithabh അമിതാഭ് ബച്ചനും കൗടില്യയും (ഫയൽ ചിത്രം)

മൂന്ന് വര്‍ഷം മുൻപാണ് അമിതാഭ് ബച്ചന്റെ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുത്ത് ആറുവയസുകാരന്‍ കൗടില്യ പണ്ഡിറ്റ് ഏവരുടേയും അദ്ഭുതമായി മാറിയത്. അസാമാന്യ ഓര്‍മശക്തികൊണ്ടാണ് കൗടില്യ ഏവരേയും അമ്പരപ്പിച്ചത്. താന്‍ ഭാവിയില്‍ ഏതു മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന വിഷയം ചര്‍ച്ച ചെയ്യാനായി വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ആനന്ദ് കുമാറുമായി ചര്‍ച്ച നടത്തിയാണ് ഇപ്പോള്‍ ഒൻപതു വയസുള്ള കൗടില്യ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ഹരിയാനയിലെ ചണ്ഡീഗഡിനടുത്തുള്ള പഞ്ച്കുല ഭവന്‍ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കൗടില്യ. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന എന്നാല്‍ വിദ്യാഭ്യാസത്തില്‍ മുന്നിലുള്ള വിദ്യാര്‍ഥികളെ ഐഐടി പ്രവേശന പരീക്ഷകള്‍ പോലുള്ള പരീക്ഷകളില്‍ സൗജന്യമായി പരിശീലിപ്പിപ്പിച്ചാണ് ആനന്ദ് കുമാര്‍ ശ്രദ്ധേയനായത്. സൂപ്പര്‍ 30 എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പരിശീലന പദ്ധതിയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഭാഗമാകുന്നുണ്ട്.

ഈ വര്‍ഷം ആദ്യം ഒരു സെമിനാറില്‍ വ്യത്യസ്ത മേഖലകളിലെ 150 സിഇഒ മാരോട് സംസാരിക്കുന്നതിന് പ്രത്യേക ക്ഷണിതാവായി കൗടില്യ എത്തിയിരുന്നു. സൗരയൂഥത്തിലെ ഗാലക്‌സികളുടെ പേരുകള്‍, നക്ഷത്രങ്ങളുടെ പേരുകള്‍, ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ജനസംഖ്യ, എല്ലാ രാജ്യങ്ങളിലേയും പ്രധാനമന്ത്രി / പ്രസിഡന്റുമാരുടെ പേരുകള്‍, ഓരോ രാജ്യവും അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തുടങ്ങി ഒരു അഞ്ചു വയസുകാരന്റെ അറിവിനപ്പുറമെന്ന് പൊതു സമൂഹം കരുതുന്ന നിരവധി വിവരങ്ങളുമായെത്തിയാണ് അമിതാഭ് ബച്ചന്റെ ഷോയില്‍ കൗടില്യ താരമായത്.

ഇപ്പോള്‍ പ്രപഞ്ചശാസ്ത്രത്തില്‍ അതീവ തത്പരനായ കൗടില്യ ബഹിരാകാശ സഞ്ചാരിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതേസമയം, കൗടില്യയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഏറ്റവും അനുയോജ്യമായ മേഖല നിര്‍ദ്ദേശിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് ആനന്ദ് കുമാറിന്റെ അടുത്തെത്തിയതെന്നാണ് കുട്ടിയുടെ അപ്പൂപ്പന്‍ ജെകെ ശര്‍മ്മ പറഞ്ഞത്.
ന്യൂറോളജിസ്റ്റുകള്‍ നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ കൗടില്യയുടെ ഐക്യു 150ല്‍ ഏറെയാണെന്നാണ് കണ്ടെത്തിയത്. ഇത് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന് സമമാണെന്ന് ന്യൂറോളജിസ്റ്റ് ഡോ. കപില്‍ സിംഗാള്‍ പറയുന്നു.