വരിക്കാരെ വഞ്ചിക്കുന്ന എയർടെൽ പരസ്യം, നടപടി സ്വീകരിക്കണമെന്ന് ജിയോ

രാജ്യത്തെ നിരവധി ഉപഭോക്താക്കളെ വഞ്ചിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന എയർടെൽ പരസ്യത്തിനെതിരെ റിലയൻസ് ജിയോ രംഗത്ത്. തെറ്റായ പരസ്യം നൽകി ക്യാംപെയിൻ നടത്തുന്ന എയർടെല്ലിൽ നിന്ന് വൻ തുക പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ജിയോ ട്രായിയെ സമീപിച്ചിട്ടുണ്ട്.

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പുതിയ പാക്കുകളുടെ ക്യാംപെയിന്റെ ഭാഗമായി അവതരിപ്പിച്ച പരസ്യത്തില്‍ അണ്‍ലിമിറ്റഡ് കോളുകളും സൗജന്യ ഡേറ്റയും എയർടെൽ വാഗ്ദാനം ചെയ്തത് ടെലികമ്മ്യൂണിക്കേഷന്‍ നിയമം ലംഘിച്ചാണെന്നാണ് ജിയോ വാദിക്കുന്നത്. അണ്‍ലിമിറ്റഡ് കോളിനും സൗജന്യ ഡേറ്റയ്ക്കും ഫെയര്‍ യൂസേജ് പോളിസി ബാധകമാണെന്ന കാര്യം വ്യക്തമാക്കാതൊണ് എയർടെൽ പരസ്യം ചെയ്യുന്നത്.

എയര്‍ടെല്ലിന്റെ 345 രൂപ പാക്കിന്റെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറില്‍ ഫ്രീ കോള്‍ എന്നത് യഥാർഥത്തില്‍ അണ്‍ലിമിറ്റഡ് അല്ല. ഈ പാക്കിൽ ദിവസം 300 മിനിറ്റിന് അല്ലെങ്കില്‍ ആഴ്ചയില്‍ 12,000 മിനിറ്റിന് ഫെയര്‍ യൂസേജ് പോളിസി ബാധകമാകുമെന്ന് എയര്‍ടെല്‍ പരസ്യത്തില്‍ എവിടെയും പറയുന്നില്ല. ഇത് വരിക്കാരെ വഞ്ചിക്കുകയാണ്. ഈ മിനിറ്റിന് അപ്പുറത്തുള്ള കോളുകൾക്ക് ചാര്‍ജ് ബാധകമാണെന്ന് പരസ്യത്തില്‍ സൂചിപ്പിക്കേണ്ടതുണ്ടെന്നും ജിയോ വാദിക്കുന്നു.