ഗുളികകളും ഇനി പ്രിന്റ്‌ ചെയ്തെടുക്കാം

ഡോക്യുമെന്റുകളും ചിത്രങ്ങളും ബുക്കുകളും ബാനറുകളുമൊക്കെ പ്രിന്റ്‌ ചെയ്യുന്നത് പോലെ ഗുളികകളും ഇനി മുതൽ പ്രിന്റ്‌ ചെയ്തെടുക്കാം. ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരത്തില്‍ മരുന്നുകളുടെ നിർമ്മാണം പ്രിന്റിങ്ങിലൂടെ സാധ്യമാകുന്നത്. ലോകത്തിൽ തന്നെ ഇതാദ്യമായി അമേരിക്കയിലാണ് ഇത്തരത്തിലുള്ള ഗുളികകൾ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. യുഎസിലെ അപ്രീഷിയ ഫാർമസ്യൂട്ടിക്കൽസ് എന്ന ഔഷധ നിർമ്മാണ കമ്പനിക്കാണ് ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയുപയോഗിച്ച് അപസ്മാരത്തിന് മരുന്നായുപയോഗിക്കുന്ന ഗുളികകൾ നിർമ്മിക്കാൻ യുഎസ് ഫുഡ്‌ ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) അനുവാദം നൽകിയത്.

നാം വായിലൂടെ സേവിക്കുന്ന എല്ലാ ഗുളികകളെയും പോലെ തന്നെയായിരിക്കും ത്രിഡി പ്രിന്റിംഗിലൂടെ നിർമ്മിച്ചെടുക്കുന്ന ഗുളികകളുടെ സവിശേഷതകളും, പ്രയോഗരീതികളും ശരീരത്തിലുള്ള അവയുടെ പ്രവർത്തനവും. അമേരിക്കയിൽ മെഡിക്കൽ ഉപകരങ്ങളും കൃത്രിമ അവയവങ്ങളും ത്രിഡി പ്രിന്റിംഗിലൂടെ നിർമ്മിക്കാൻ എഫ്ഡിഎ നേരത്തേ തന്നെ അനുവാദം നൽകിയിരുന്നു.

ത്രിഡി പ്രിന്റിംഗ് ഉപയോഗിച്ച് ഗുളിക നിർമ്മിക്കാൻ അനുമതി ലഭിച്ച കമ്പനി ഇതേ സാങ്കേതിക വിദ്യയുപയോഗിച്ചു അപസ്മാരത്തിന് പുറമേ വിവിധ അസുഖങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ്. ഇത്തരത്തിൽ പ്രിന്റ്‌ ചെയ്തു നിർമ്മിക്കുന്നതിലൂടെ ഗുളികകളുടെ നിർമ്മാണ പ്രക്രിയയിൽ കൂടുതൽ കൃത്യതയും സമയലാഭവും ഉറപ്പുവരുത്താൻ കഴിയും. മാത്രമല്ല, പാളികളായി വിവിധ മരുന്നുകൾ പ്രത്യേക അനുപാതത്തിൽ ഒന്നിനു മുകളിൽ ഒന്നായി എന്ന ക്രമത്തിൽ ചേർത്ത് കൃത്യമായ ഡോസിലുള്ള ഗുളിക രൂപത്തിലെ ഔഷധങ്ങള്‍ നിർമ്മിക്കാനുമാകും. ഇതേ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത സിപ്ഡോസ് എന്ന അതിനൂതന സാങ്കേതിക വിദ്യയിലൂടെ വിഴുങ്ങാനെളുപ്പമുള്ള ഉയർന്ന ഡോസിലുള്ള മരുന്നുകളും നിർമ്മിക്കുന്നുണ്ട്.

സാധാരണ രീതിയിൽ ഗുളികകൾ നിർമ്മിച്ചു വിതരണം ചെയ്യുന്ന രീതിക്കാണ് ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ മാറ്റമുണ്ടാകാൻ പോകുന്നത്. നേരത്തേ പ്ലാന്റുകളിൽ നിർമ്മിച്ച് വിതരണ ശൃംഖല വഴി ആശുപത്രിയിലോ മെഡിക്കൽ ഷോപ്പുകളിലോ എത്തിച്ചിരുന്ന ഗുളികകള്‍ ഇനി ആശുപത്രിയിലോ അല്ലെങ്കിൽ വീടുകളിൽ തന്നെയോ നിർമ്മിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.

അപകടത്തിൽപ്പെട്ടോ അസുഖം മൂലമോ അംഗഭംഗത്തിനിരയാകുന്നവർക്ക് ത്രിഡി പ്രിന്റിംഗ് ഒരനുഗ്രഹമായി മാറുകയാണ്. ദന്ത സംരക്ഷണ മേഖലയിൽ പല്ലുകൾ മുതൽ കൃത്രിമ താടിയെല്ലുകൾ വരെ ഈ ടെക്നോളജിയുപയോഗിച്ച് ഇതിനകം നിർമ്മിച്ചു കഴിഞ്ഞു.

രോഗത്തിനുള്ള ചികിത്സ തേടി ഒരിക്കൽ ഡോക്ടറെ കണ്ട് മരുന്നിനുള്ള കുറിപ്പടി വാങ്ങി വീട്ടിലെത്തിയ ശേഷം കഴിക്കാനുള്ള ഗുളികകളുടെ പേര് കമ്പ്യൂട്ടറിൽ നൽകി അവ സമയാസമയം പ്രിന്റ്‌ ചെയ്തെടുത്ത് കഴിക്കാൻ പറ്റുന്ന കാലമൊന്നോർത്ത് നോക്കൂ. എത്ര മനോഹരമായ നടക്കാൻ സാധ്യതയുള്ള സ്വപ്നം തന്നെയാണത്; തീർച്ച.