ഹാക്കര്‍മാർ കൊള്ളയടിച്ച യാഹൂവിന് വില കുറച്ചു, വിലപേശി വെറൈസൺ

കൊള്ളയടിച്ച ഒരു പഴയ തറവാട് പോലെയാണ് ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയായിരുന്ന യാഹൂവിന്റെ ഇപ്പോഴത്തെ അവസ്ഥ. ആർക്കും വാങ്ങാൻ താൽപര്യമില്ലാത്ത കമ്പനിയുടെ വില ദിവസവും ഇടിയുകയാണ്. യാഹൂവുമായി നേരത്തെ ഉറപ്പിച്ച വിലയില്‍ നിന്നും വെറൈസൺ 25 കോടി ഡോളർ (ഏകദേശം 1677 കോടി രൂപ) കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ആദ്യം ഉറപ്പിച്ച വിലയില്‍ നിന്ന് ഏകദേശം അഞ്ചു ശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. ഒന്നുകില്‍ വീണ്ടുമൊരു വിലപേശല്‍ നടന്നേക്കുമെന്നും അല്ലെങ്കില്‍ വെറൈസൺ യാഹൂവുമായുള്ള കരാറില്‍ നിന്നും പിന്മാറുമെന്നും ടെക് നിരീക്ഷകര്‍ മുന്‍പേ പ്രവചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം യാഹൂവില്‍ വ്യാപകമായി ഉണ്ടായ സുരക്ഷാപ്പിഴവുകളുടെ (അക്കൗണ്ട് വിവരങ്ങൾ ചോർത്തൽ) പശ്ചാത്തലത്തിലായിരുന്നു ഇത്.

'വെറൈസൺ ഇങ്ങനെയൊരു നീക്കം നടത്തുമെന്ന് മുന്‍പേ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കുറച്ചു കൂടി കൂടുതല്‍ തുക കുറയ്ക്കും എന്നായിരുന്നു കരുതിയത് ' സ്വതന്ത്ര ഇന്റര്‍നെറ്റ് നിരീക്ഷകനായ ജെഫ് കാഗന്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ ബിസിനസ് മേഖലകള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 4.8 ബില്ല്യന്‍ ഡോളറിന് ഏറ്റെടുക്കൽ കരാര്‍ വെറൈസൺ യാഹൂവുമായി ഉണ്ടാക്കിയിരുന്നു. വയര്‍ലെസ്, ബ്രോഡ്ബാന്‍ഡ് മേഖലകളില്‍ കരുത്തു തെളിയിച്ച വെറൈസൺ കമ്പനിയുടെ ലക്ഷ്യം യാഹൂവിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെയുള്ള പരസ്യവില്‍പനയും ഉപഭോക്തൃവിവരങ്ങളും ആയിരുന്നു. ഗൂഗിള്‍, ഫെയ്സ്ബുക്ക് എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന ഫാന്റസി സ്‌പോര്‍ട്‌സ് ലീഗ്‌സ്, ടംബ്ലര്‍ മുതലായ ഇടങ്ങള്‍ യാഹൂവിലുണ്ട്.

ചരിത്രത്തില്‍ ഏറ്റവും വലിയ സുരക്ഷാപ്പിഴവെന്ന് അനലിസ്റ്റുകള്‍ വിശേഷിപ്പിച്ച ഡേറ്റ ചോര്‍ച്ചയുടെ വിവരങ്ങള്‍ യാഹൂ പുറത്തു വിട്ടതോടു കൂടിയാണ് വെറൈസൺ പുതിയ പുതിയ ഡീലുമായി എത്തിയത്. ഇതോടെ യാഹൂ തങ്ങളുടെ ഓഹരി ഉടമകളെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. കുറച്ചു കാലങ്ങളായി യാഹൂവിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

സുരക്ഷാപ്പിഴവോടെ ഒന്നുകില്‍ വില കുറയ്ക്കുക, അല്ലെങ്കില്‍ തങ്ങള്‍ പിന്മാറും എന്നൊരു നിലപാടിലാണ് വെറൈസൺ. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ അവര്‍ അത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാഹൂ ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വിലയ്ക്ക് കരാർ എത്രയും പെട്ടെന്ന് ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വെറൈസൺ. വരും വര്‍ഷങ്ങളില്‍ യാഹൂ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷകരുടെ അഭിപ്രായം കണക്കിലെടുത്താണ് വെരിസോണ്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തങ്ങളുടെ വെബ്സൈറ്റുകളില്‍ ഉണ്ടായിട്ടുള്ള ഹാക്കിങിനെയും ഇനി മുന്നോട്ടും അതിനുള്ള സാധ്യതകളെ കുറിച്ചും കമ്പനി ചില ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ അയച്ചിട്ടുണ്ട്. 2015-2016 കാലത്തുണ്ടായ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് പിന്നിലുണ്ടായ അതേ സംഘം തന്നെയാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ വിവര ചോര്‍ച്ചയ്ക്കും കാരണമെന്നാണു യാഹൂ കരുതുന്നത്.

ഈ വര്‍ഷം രണ്ടാം പാദത്തോടെ കാര്യങ്ങള്‍ തീരുമാനമാകും എന്നാണു കരുതുന്നത്. ബുധനാഴ്ച യാഹൂവിന്റെ ഓഹരി വില 1.4 ശതമാനം വര്‍ധിക്കുകയും വെറൈസണിന്റേത് 0.37 ശതമാനം കുറയുകയും ചെയ്തിരുന്നു. എന്തായാലും ഇതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല.