പന്ത്രണ്ടാം വയസ്സില്‍ ടെക്ക് ലോകം കീഴടക്കിയ പയ്യൻ

പന്ത്രണ്ടാം വയസ്സില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു? ക്രിക്കറ്റ് കളിച്ചു നടക്കുകയായിരുന്നോ? അതോ കാര്‍ട്ടൂണുകളില്‍ മുഴുകി വീട്ടിലിരിപ്പായിരുന്നോ? അല്ലെങ്കില്‍ ക്ലാസില്‍ പോവുമ്പോള്‍ ചെയ്തു തീര്‍ക്കേണ്ട ഹോംവര്‍ക്കുകളെപ്പറ്റി ചിന്തിച്ചു തല പുണ്ണാക്കുകയായിരുന്നോ? ആലോചിച്ചു സമയം കളയേണ്ട. പന്ത്രണ്ടാം വയസ്സില്‍ അദ്ഭുതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ കഥ പറയാനാണ് ഇത്രയും പറഞ്ഞത്.

ഇതു തന്മയ് ബക്ഷി. കിഴക്കു വെള്ളകീറുമ്പോൾ മുതല്‍ നേരമിരുട്ടും വരെയുള്ള സമയത്തിന്റെ പകുതിയിലേറെയും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിനായി ചെലവഴിക്കുന്ന മിടുമിടുക്കന്‍. സാധാരണ കുട്ടികളില്‍നിന്ന് എത്രയോ വ്യത്യസ്തനാണ് തന്മയ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐബിഎം വാട്സൻ പ്രോഗ്രാമർ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്ന ഇന്റലിജൻസ് എൻജിൻ ആണ് ഐബിഎം വാട്സൻ). ഇതിനോടകം നിരവധി വേദികളില്‍ തന്മയ് തന്റെ പ്രോഗ്രാമിങ് വിജ്ഞാനം അവതരിപ്പിച്ചു കഴിഞ്ഞു.

അഞ്ചാം വയസിലാണ് തന്മയ് കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ആരംഭിക്കുന്നത്. അച്ഛന്റെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ എങ്ങനെ സ്വന്തം പേരെഴുതിക്കാണിക്കാം എന്നു പരീക്ഷിച്ചു കൊണ്ടായിരുന്നു തുടക്കം. കുഞ്ഞു കുഞ്ഞു പ്രോഗ്രാമുകള്‍ എഴുതിത്തുടങ്ങാന്‍ ആദ്യ ഗുരു അച്ഛന്‍ തന്നെയായിരുന്നു. ഇന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപ്പര്‍മാരിലൊരാളാണ് തന്മയ്.

പ്രണയദിനത്തിന്റെ സമ്മാനം !

കാനഡയിലെ ബ്രാംടണിലാണ് തന്മയ് താമസിക്കുന്നത്. ഒന്‍പതു വയസുള്ളപ്പോള്‍ ആദ്യ ഐഫോണ്‍ ആപ്പ് വികസിപ്പിച്ചു. tTables എന്നായിരുന്നു ആദ്യ ആപ്പിന്റെ പേര്. ഗുണനപ്പട്ടിക പഠിക്കാന്‍ കുട്ടികളെ സഹായിക്കുന്ന ആപ്ലിക്കേഷനായിരുന്നു അത്.

2013 ലെ വാലന്റൈന്‍സ് ദിനത്തിലാണ് ഈ ആപ്ലിക്കേഷന്‍ ഐഫോണ്‍ ആപ്പ് സ്റ്റോറില്‍ ആദ്യമായി വരുന്നത്. അത് ആപ്പ് സ്റ്റോറില്‍ എത്തിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ആപ്പ് സ്റ്റോറില്‍ വരുന്നതിനു മുൻപ് പല കാരണങ്ങളാല്‍ പല തവണ അതു നിരസിക്കപ്പെട്ടിരുന്നു. എങ്കിലും അവസാനം തന്മയ് ലക്ഷ്യം നേടുകതന്നെ ചെയ്തു. അങ്ങനെ, ടെക്‌നോളജിയുമായി തീരാപ്രണയത്തിലായ ഒരു ഡെവലപ്പറെക്കൂടി പ്രണയദിനത്തില്‍ ലോകത്തിനു കിട്ടി!

അന്നുമുതല്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ തന്മയ് പുതിയ പ്രോഗ്രാമിങ് ഭാഷകള്‍ പഠിക്കാന്‍ തുടങ്ങി. ഇന്ന് ഉപയോഗിക്കപ്പെടുന്ന മിക്കവാറും എല്ലാ പ്രോഗ്രാമിങ് കോഡുകളും തന്മയ് വിദഗ്ധമായി കൈകാര്യം ചെയ്യും.

ഒരു വ്യക്തിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്താനുപയോഗിക്കുന്ന അല്‍ഗരിതം വികസിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ തന്മയ്. ‘ആസ്ക് തന്മയ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അല്‍ഗരിതം ലോകത്തിലെ ആദ്യത്തെ വെബ് അധിഷ്ഠിത എൻഎൽക്യുഎ (Natural Language Question Answer program) ആണ്. ഐബിഎം വാട്സൻ കംപ്യൂട്ടര്‍ സിസ്റ്റമാണ് പ്രധാന പ്ലാറ്റ്‌ഫോം.

പന്ത്രണ്ടാം വയസ്സിന്റെ പ്രകടനങ്ങള്‍

തന്മയ് സ്‌കൂളില്‍ പോകുന്നില്ല. വീട്ടിലിരുന്നു ഹോം സ്‌കൂളിങ് രീതിയില്‍ പഠിക്കുന്ന തന്മയ് ഇപ്പോള്‍ സെവന്‍ത് ഗ്രേഡിലാണ്. എന്നാല്‍ വീടിന്റെ ഒരു മൂലയ്ക്കിരുന്നു സദാസമയവും കോഡിങ് ചെയ്യുന്ന കണ്ണട വച്ച ഒരു ബുദ്ധിജീവിയായി തന്മയ്‌യെ സങ്കല്‍പ്പിക്കുകയേ വേണ്ട.

‘‘ഒഴിവുസമയങ്ങളില്‍ മാത്രമാണു ഞാന്‍ കോഡിങ് ചെയ്യുന്നത്. അതെനിക്കു പലപ്പോഴും വലിയ ആശ്വാസവുമാണ്’’- ‘കുഞ്ഞു’ വലിയ മനുഷ്യന്‍ പറയുന്നു.

നല്ലൊരു വായനക്കാരന്‍ കൂടിയാണ് തന്മയ്. സ്‌പോര്‍ട്‌സില്‍ അതിയായ താൽപര്യമുണ്ട്. ബൈക്കിങ്ങും ടേബിള്‍ ടെന്നിസുമാണ് ഇഷ്ടങ്ങൾ. ഈ കുഞ്ഞു പ്രായത്തിനിടെ ഇതൊന്നും പോരാഞ്ഞ് ‘ഹലോ സ്വിഫ്റ്റ്’ എന്ന പേരില്‍ ഒരു പുസ്തകവും എഴുതി ! കുട്ടികള്‍ക്കും തുടക്കക്കാരായ ഡെവലപ്പര്‍മാര്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇതില്‍.

‘‘ലോകത്തിന് ഇനിയും ഒരുപാടു ഡെവലപ്പര്‍മാരെ ആവശ്യമുണ്ട്’’ - തന്മയ് പറയുന്നു. പറയുക മാത്രമല്ല, തന്നെക്കൊണ്ടാവുന്നതൊക്കെ അതിനായി ചെയ്യുന്നുമുണ്ട്.

IBM DevConnect ലെ തന്റെ പ്രസന്റേഷനില്‍ എല്ലാവരെയും വിസ്മയപ്പെടുത്തിക്കൊണ്ട് തന്മയ് തന്റെ ആപ്ലിക്കേഷന്‍ ഓപ്പണ്‍സോഴ്‌സ് ചെയ്തു. ഡെവലപ്പര്‍മാര്‍ക്ക് ഈ ആപ്പ് കൂടുതല്‍ മനസിലാക്കാന്‍ വേണ്ടിയാണിതെന്ന് തന്മയ് വിശദീകരിച്ചു. തീര്‍ന്നില്ല, ‘തന്മയ് ടീച്ചസ്’ എന്ന ഒരു യുട്യൂബ് ചാനല്‍ കൂടിയുണ്ട് ഈ കൊച്ചു മിടുക്കന്. പതിനഞ്ചുകാര്‍ മുതല്‍ നാൽപതുകാര്‍ വരെ ആയിരത്തോളം പേര്‍ ഇവിടെ തന്മയ്‌യുടെ ശിഷ്യന്‍മാരാണ്! ഇവിടെ പ്രോഗ്രാമിങ് പഠിപ്പിക്കുകയും ആളുകളുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുകയും ചെയ്യുന്ന നല്ല അധ്യാപകന്റെ റോളിലാണ് തന്മയ്!

‘‘സ്റ്റീവ് ജോബ്സിനെ കണ്ടില്ലേ ? തന്റെ പാഷനില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ എന്റെ റോള്‍മോഡല്‍ അദ്ദേഹമാണ്. അടുത്ത ലക്ഷ്യം എന്റെ പുസ്തകത്തില്‍ അമിതാഭ് ബച്ചന്റെ ഒപ്പ് വാങ്ങിക്കുക എന്നതാണ്. ഒരിക്കല്‍ കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ അദ്ദേഹത്തിനു മുന്നില്‍ എന്റെ പ്രോഗ്രാം പ്രസന്റ് ചെയ്യണം.’’- തന്മയ്‌യുടെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ .തിരയിളക്കം

പ്രിയപ്പെട്ട ഗാഡ്ജറ്റ്‌സ്

‘‘കഴിഞ്ഞ വര്‍ഷം 5K റെറ്റിന ഡിസ്പ്ലെയും i7 പ്രോസസറുമുള്ള ഐമാക് വാങ്ങിയിരുന്നു. അതിന്റെ 8GB RAM, 64 GB യിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. മാക്ബുക്ക് എയർ ലാപ്ടോപ് ഉപയോഗിക്കുന്നുണ്ട്. ആപ്പിളിന്റെ ഐഫോണ്‍, വാച്ച് എന്നിവയും ഏറെ പ്രിയപ്പെട്ടവ തന്നെ. മൈക്രോസോഫ്റ്റിന്റെ ഹൊലോലെൻസ്, ഒക്‌ലസ് റിഫ്റ്റ് എന്നിവ ഏറെ പ്രിയപ്പെട്ടതാണ്. യഥാര്‍ഥ ജീവിതവുമായി ടെക്‌നോളജി കൈകോര്‍ക്കുമ്പോള്‍ അതു വളരെ സുന്ദരമായ അനുഭവമായാണ് എനിക്കു തോന്നുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി എന്നിവയുടെ സാധ്യതകള്‍ നമ്മള്‍ കൂടുതല്‍ കണ്ടറിയേണ്ടതുണ്ട്.’’

അടുത്ത പരിപാടി

iOSX പ്ലാറ്റ്‌ഫോമില്‍ ചില ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് തന്മയ്‍. കോളജ് വിദ്യാര്‍ഥികളെയും ഡെവലപ്പര്‍മാരെയും അല്‍ഗരിതം നോക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ നിര്‍മിക്കണം. നൂറു ശതമാനം കൃത്യമായി ഉത്തരം നല്‍കുന്ന ശക്തമായ ആൻസറിങ് സിസ്റ്റം ഏതാനും വർഷത്തിനുള്ളിൽ വികസിപ്പിക്കണം. ഇതിനായി പലതരം ചോദ്യങ്ങള്‍ ‘ആസ്ക് തന്മയ്‌’ ല്‍ പരീക്ഷിക്കുകയാണ് തന്മയ്.

ഐബിഎം വാട്സന്റെ API യിലാണ് തന്മയ് തന്റെ പരീക്ഷണങ്ങള്‍ ഏറെയും ചെയ്യുന്നത്. സോഷ്യല്‍ മീഡിയ അടിസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റിങ്ങിനു കൂടുതല്‍ സഹായകരമാവുന്ന ആപ്ലിക്കേഷനും തന്മയ്‌യുടെ പരിഗണനയിലുണ്ട്.

എന്താണു ഭാവി പരിപാടികള്‍ എന്നു ചോദിച്ചാല്‍ തന്മയ് ഇങ്ങനെ പറയും: ‘‘കൂടുതല്‍ മികച്ച ഡെവലപ്പറാകണം, കുറെ പുസ്തകങ്ങള്‍ എഴുതണം, എന്റെ അറിവ് യുട്യൂബ് ചാനല്‍ പോലെയുള്ള സങ്കേതങ്ങളിലൂടെ ലോകത്തിനു പകര്‍ന്നു നല്‍കണം.’’

കൂട്ടുകാര്‍ക്കായി തന്മയ് യുടെ ഒരു സ്‌പെഷല്‍ ഉപദേശം കൂടിയുണ്ട്; ‘‘നമ്മുടെ ഹൃദയം പറയുന്നതനുസരിച്ചു ജീവിക്കുക. പാഷന്‍ പിന്തുടരുക. അതെന്തുമായിക്കൊള്ളട്ടെ, ചെയ്യുക. അതിനുമപ്പുറം, കൂടുതല്‍ മെച്ചമാവാന്‍ ശ്രമിക്കുക’’.