88 സ്പെഷൽ കിഡ്സിനെ ദത്തെടുത്ത ദമ്പതികൾ ; ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കഥ

കമീലയും മൈക്കും. ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്.

'ഞാൻ നിന്റെ സ്വപ്നങ്ങളെ പിന്തുടരും' വിവാഹത്തിനു മുമ്പ് ഭാര്യയാകാൻ പോകുന്ന പെൺകുട്ടിക്കു നൽകിയ വാക്ക് മൈക്ക് മരണംവരെ പാലിച്ചു. കാരണം ഉപാധികളില്ലാതെ എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കാമെന്ന് അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുത്തത് അവളായിരുന്നു.

ഇത് ജോർജിയയിലെ കമീല ജെറാൾഡിന്റെയും മൈക്കിന്റെയും ജീവിതകഥ. ആരോരുമില്ലാത്ത 88 കുഞ്ഞുങ്ങൾക്ക് അഭയം നൽകിയ അച്ഛനമ്മമാരുടെ ജീവിതകഥ. മിയാമിയിലെ ഒരു ആശുപത്രിയിൽ നഴ്സ് ആയി ജോലിചെയ്യുമ്പോൾ മുതൽ ജോലികഴിഞ്ഞുള്ള സമയം അപകടത്തിൽപ്പെട്ട അനാഥരായ കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കാനാണ് കമീല ഇഷ്ടപ്പെട്ടത്.

പ്രതിഫലം ഇച്ഛിക്കാതെയുള്ള കമീലയുടെ ഈ സേവനമനോഭാവം ആശുപത്രിയിലെ പീഡിയാട്രീഷൻ ശ്രദ്ധിച്ചു. ആദ്യകാഴ്ചയിലേ അദ്ദേഹത്തിന് കാമിലയോടു പ്രണയം തോന്നി. തന്റെ പ്രണയം വെളിപ്പെടുത്തിയ ഡോക്ടർക്കു മുന്നിൽ കമീല തന്റെ മനസ്സുതുറന്നു. 'ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഞാനൊരു വീടൊരുക്കാൻ ആഗ്രഹിക്കുന്നു അവിടെ അവരെ സംരക്ഷിക്കാനും'. 'നിന്റെ സ്വപ്നങ്ങളെ ഞാനും പിന്തുടരും' എന്നായിരുന്നു ആ ഡോക്ടറുടെ മറുപടി.

മൈക്ക് എന്ന ഡോക്ടറും കമീല എന്ന നഴ്സും അന്നുമുതൽ ഒരുമിച്ചു സ്വപ്നം കണ്ടുതുടങ്ങി. അന്നുമുതൽ ഇന്നുവരെ 88 സ്പെഷൽകിഡ്സിനെയാണ് അവർ ദത്തെടുത്തത്. ദത്തെടുത്ത കുട്ടികളെയെല്ലാം കുടുംബാന്തരീക്ഷത്തിൽ അവൾ വളർത്തി. ദമ്പതികൾക്ക് സ്വന്തമായി മൂന്നുമക്കളുണ്ട് ആ മൂന്നുമക്കളും ദത്തെടുത്ത കുട്ടികളുമൊക്കയായി സന്തോഷത്തോടെ അവർ കഴിഞ്ഞു. സാധാരണ വീട്ടിലെപ്പോലെ മക്കളെ അവർ സ്കൂളിലയച്ചു. വൈകിട്ടു തിരിച്ചെത്തിയാൽ പാട്ടും കൂത്തും ഡാൻസുമായി ആകെ മേളമായിരിക്കും വീട്ടിൽ. കുട്ടികളിൽ പലരും സർട്ടിഫൈഡ് ഡോഗ് ട്രെയ്നേഴ്സ് ആണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി.

ഭിന്നശേഷിക്കാരായ കുട്ടികളിൽ ഗുരുതരമായി അസുഖം ബാധിച്ച കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അങ്ങനെയുള്ള 32 കുഞ്ഞുങ്ങളുടെ മരണവും ഇത്രയും വർഷത്തിനിടയ്ക്ക് കമീലയ്ക്കു കാണേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിലുമേറെ കുട്ടികൾ കമീലയുടെ സ്നേഹപൂർണ്ണമായ പരിചരണംകൊണ്ട് ജീവിതത്തിലേക്കു തിരിച്ചു വന്നിട്ടുമുണ്ട്. ഒരു ബ്രെയ്ൻ സ്റ്റെം മാത്രമായി ജനിച്ച ഒരു ആൺകുട്ടി 25 വയസ്സുവരെ ജീവിച്ചു. കിടന്നകിടപ്പിലായിരുന്നിട്ടും ഒരു വ്രണംപോലും അവന്റെ ശരീരത്തിലുണ്ടാവാൻ ഞങ്ങൾ അനുവദിച്ചില്ല. കമീല പറയുന്നു. കൊക്കൈൻ അഡിക്റ്റ് ജന്മം നൽകിയ പെൺകുഞ്ഞിന് കാഴ്ചയ്ക്കും കേൾവിക്കും പ്രശ്നമുണ്ടായിരുന്നു അവളിപ്പോൾ മിടുക്കിയായി ഈ വീട്ടിലുണ്ട്.

ഇത്രയും നന്മചെയ്തിട്ടും ഈശ്വരൻ ഇടയ്ക്കൊക്കെ അവരെ പരീക്ഷിച്ചു. രണ്ടുവർഷങ്ങളിലായി രണ്ടു പ്രാവശ്യമാണ് അവരുടെ വീടു തകർന്നത്. 1992 ൽ ചുഴലിക്കാറ്റിനെത്തുടർന്നും 2011ൽ തീപിടുത്തത്തെത്തുടർന്നും. ഈ രണ്ടു സന്ദർഭങ്ങളിലും അവർ യാത്രയിലായതിനാൽ ആ കുടുംബത്തിൽ താമസിക്കുന്ന ആർക്കും ഒരപകടവും സംഭവിച്ചില്ല. 2015 ലാണ് മറ്റൊരു ദുരന്തം ഇവരെ തേടിയെത്തിയത്. മൈക്കിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു. അധികം വൈകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി. 

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെങ്കിലും തന്റെ സ്വപ്നത്തിൽ നിന്നു പിന്മാറാൻ കമീല തയാറായില്ല. ഇപ്പോൾ 20 കുട്ടികളെ കമീല ദത്തെടുത്തിട്ടുണ്ട്. അവരുടെ സന്തോഷത്തിനായി ജീവിക്കുന്ന കമാല പറയുന്നതിങ്ങനെ. ഈ മക്കളുള്ളപ്പോൾ ഞാനെങ്ങനെ ഒറ്റയ്ക്കാവും. എനിക്കുറപ്പുണ്ട് എന്റെ ആരോഗ്യം ക്ഷയിച്ച് വയ്യാതായാലും ഇവരാരും എന്നെ വൃദ്ധസദനത്തിൽ തള്ളില്ല. കാരണം ഓരോരുത്തരും അത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ട്.