''ആ വിവാഹമാണ് എന്റെ വീട്ടുകാർ ചെയ്ത ഏക നന്മ'' ; 30 വയസ്സുകഴിഞ്ഞാൽ ജീവിതമില്ലെന്നു ചിന്തിക്കുന്നവർ വായിക്കാൻ

ചിത്രത്തിനു കടപ്പാട്; ഫെയ്സ്ബുക്ക്.

30 വയസ്സു പിന്നിട്ടാൽ പിന്നെ ഇനി എന്ത് സ്വപ്നം കാണാനാ എന്നു ചിന്തിക്കുന്നവർ തീർച്ചയായും ഈ കഥ വായിക്കണം. 38–ാം വയസ്സിൽ സ്വപ്നങ്ങളുടെ പിറകേ സഞ്ചരിച്ച് അവയോരോന്നായി സ്വന്തമാക്കിയ സ്ത്രീയുടെ കഥയാണിത്. മക്കളെ വളർത്തി വലുതാക്കി തന്റെ ഉത്തരവാദിത്തങ്ങളും കടമകളുമെല്ലാം ഭംഗിയായി നിർവഹിച്ച് എന്നോ മനസ്സിൽ മറന്നുവെച്ച ആഗ്രഹങ്ങളുടെ പിറകെ അവർ സഞ്ചരിക്കാൻ തീരുമാനിച്ചപ്പോൾ ഒപ്പം നിൽക്കാൻ ഭർത്താവും വീട്ടുകാരുമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയ ആ കഥയിങ്ങനെ:-

'' ആൺകുട്ടികളുടെ ജനനം ആഘോഷിക്കപ്പെടുകയും പെൺകുട്ടികളുടെ ജനനം എല്ലാവരെയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഒരു കുടുംബത്തിലായിരുന്നു എന്റെ ജനനം. നീ ഭാഗ്യവതിയായ പെൺകുട്ടിയാണെന്ന് എന്നോട് ഇടയ്ക്കിടെ പറയുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു വ്യക്തിയേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ എന്റെ അമ്മ. തീരെ ആത്മവിശ്വാസമില്ലാത്ത പെൺകുട്ടിയായിട്ടായിരുന്നു ഞാൻ വളർന്നത്. വിവാഹപ്രായമെത്തിയപ്പോഴാണ് എന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ വന്നത്. എനിക്കു 17 വയസ്സായപ്പോഴാണ് വീട്ടുകാർ വിവാഹമുറപ്പിച്ചത്. വിവാഹ നിശ്ചയ ദിവസമാണ് ഞാനും പ്രതിശ്രുതവരനും ആദ്യമായി കാണുന്നത്. അന്ന് 21 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

പക്ഷേ അന്നുവരെ ഇരുൾ മൂടിക്കിടന്ന എന്റെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടു വന്നത് അദ്ദേഹവും കുടംബവുമാണ്. ഞങ്ങളെ സ്വതന്ത്രരായി ജീവിക്കാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ അനുവദിച്ചു. നാടൻ ശൈലിയിലുള്ള വേഷവിധാനങ്ങൾ മാറ്റി മോഡേണാകാൻ അദ്ദേഹത്തിന്റെ അച്ഛൻ തന്നെയാണ് നിർദേശിച്ചത്. നിനക്കു യോജിക്കുന്നത് മോഡേൺ സ്റ്റൈലാണ് പതുങ്ങിയുള്ള ഈ ജീവിത രീതി അവസാനിപ്പിക്കൂവെന്നും അദ്ദേഹമെന്നെ ഉപദേശിക്കുമായിരുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ ഞാൻ പഠനം തുടരാൻ തീരുമാനിച്ചു. പക്ഷേ കൊളേജിൽ ചേർന്ന് ഒന്നരവർഷത്തോളം മാത്രമേ എനിക്ക് പഠനം തുടരാനായുള്ളൂ. ഗർഭിണിയായതിനെത്തുടർന്ന് പഠനം പാതിവഴിയിലുപേക്ഷിച്ചു. പക്ഷേ എനിക്കാരോടും പരിഭവമൊന്നുമുണ്ടായിരുന്നില്ല. 

ജീവിതം സന്തോഷകരമായി മുന്നോട്ടു പോയപ്പോൾ ഞാൻ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി. ജീവിതത്തിൽ കൂടുതൽ സന്തോഷങ്ങൾ നിറഞ്ഞു. എന്റെ രണ്ടാമത്തെ മകൻ കൊളേജിൽ പ്രവേശിച്ചപ്പോഴാണ് എനിക്ക് ആ തോന്നൽ വീണ്ടും വന്നത്. ഇനി വെറുതെ സമയം പാഴാക്കിക്കൂടാ. എനിക്കിഷ്ടമുള്ള എന്തെങ്കിലും ജോലി ചെയ്യണം. എനിക്കാകെ അറിയാവുന്ന ജോലി എന്താണെന്നു വെച്ചാൽ കുഞ്ഞുങ്ങളെ നന്നായി വളർത്തുക എന്നതുമാത്രമാണ്. ആ വഴിക്ക് എന്തെങ്കിലും ജോലികിട്ടുമോയെന്നറിയാനായിരുന്നു എന്റെ ശ്രമം. അങ്ങനെ വേതനമൊന്നും വാങ്ങാതെ ഒരു സ്കൂളിൽ ടീച്ചറായി കുറേനാൾ ജോലിചെയ്തു.

അപ്പോഴാണ് ഈ ജോലിയിൽത്തന്നെ ഉറച്ചു നിൽക്കണമെന്ന ആഗ്രഹം തോന്നിയത്. ഭർത്താവിന്റെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ ഒരു ഡിഗ്രിപോലുമില്ലാത്ത ഞാൻ അധ്യാപനജോലിയുടെ ഡിഗ്രിവേണമെന്ന ആവശ്യവുമായി ഒരു സ്ഥാപനത്തെ സമീപിച്ചു. പലപ്പോഴും നിരാശയായിരുന്നു ഫലം. ഒടുവിൽ സ്ഥാപനത്തിന്റെ അധികൃതരെ പറഞ്ഞു സമ്മതിച്ച് എക്സ്ട്രാക്ലാസിനു ഞാൻ ചേർന്നു. എല്ലാവരേക്കാളും കൂടുതൽ കഠിനാധ്വാനം ചെയ്തു അങ്ങനെ ക്ലാസിൽ ഒന്നാമതെത്തിക്കൊണ്ട് ഏർലി ചൈൽഡ്ഹുഡ് ഡവലമെന്റ് എന്ന വിഷയത്തിൽ ഡിപ്ലോമ നേടി.

10 വർഷമായി ഞാനിപ്പോൾ അധ്യാപന രംഗത്തുണ്ട്. വർഷങ്ങളോളം സാമ്പത്തീകമായി ഭർത്താവിനെ ആശ്രയിച്ചു കഴിഞ്ഞ ഒരു സാധാരണ വീട്ടമ്മയായിരുന്നു ഞാൻ. ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിന്റെ അഭിമാനമുണ്ട്. സ്വന്തമായി വരുമാനമുണ്ടായിത്തുടങ്ങിയപ്പോൾ ആളുകളുടെ പെരുമാറ്റത്തിലും എനിക്ക് ആ വ്യത്യാസം അറിയാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ പണ്ടത്തേക്കാൾ ബഹുമാനത്തോടെയാണ് ആളുകൾ പെരുമാറുന്നത്. വളരെ ഒതുങ്ങിയ നാണംകുണുങ്ങിയായ ഒരു സ്ത്രീയിൽ നിന്ന് തെറ്റുകൾക്കെതിരെ ശബ്ദമുയർത്തുന്ന ഒരു സ്ത്രീയായി മാറാൻ എനിക്കു സാധിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഒരുപാട് അവസരങ്ങൾ ഈ ലോകത്തുണ്ട്. സ്വന്തം വഴി തിരഞ്ഞെടുത്ത് മുന്നേറുകയാണ് വേണ്ടത്. ഞാനതിനൊരു ജീവിക്കുന്ന ഉദാഹരണമാണ്. എന്റെ ജനനം ആഘോഷിക്കപ്പെട്ടില്ല. പക്ഷേ ഇപ്പോൾ ഈ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ ആഘോഷിക്കുന്നുണ്ട്. എനിക്ക് എന്നെക്കുറിച്ചോർത്ത് അഭിമാനമുണ്ട്''. അവർ പറഞ്ഞു നിർത്തുന്നു.

സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഈ കുറിപ്പ് ഒരു സ്ത്രീയുടെ വിജയത്തിന്റെ കൂടെ കഥയാണ്. ഓരോ സ്ത്രീകൾക്കും സ്വപ്നങ്ങളുടെ പിറകേ സഞ്ചരിക്കാനുള്ള ഊർജ്ജം നൽകുന്ന ഒന്ന്.